SignIn
Kerala Kaumudi Online
Saturday, 14 February 2026 3.10 PM IST

ആഴത്തിൽ തിരയേണ്ട സാദ്ധ്യതകൾ

Increase Font Size Decrease Font Size Print Page
s

('കേന്ദ്ര ബഡ്ജറ്റും ധന കമ്മിഷൻ റിപ്പോർട്ടും ശ്രദ്ധിച്ചു വായിക്കുമ്പോൾ' എന്ന, ഇന്നലത്തെ കുറിപ്പിന്റെ തുടർച്ച)​

അർബൻ കമ്മിഷൻ സമർപ്പിച്ച 'സിറ്റി ക്യാബിനറ്റ്" അടങ്ങുന്ന വിപുലമായ പരിഷ്കാരങ്ങൾ ഫലപ്രദമായ നിയമം നിർമ്മിച്ച്, അഥവാ ഭേദഗതി ചെയ്ത് നടപ്പാക്കാൻ തയ്യാറായാൽ നിരവധി ജീവൽ പ്രശ്നങ്ങളിൽ ഉഴറുന്ന നമ്മുടെ നഗര ജീവിതം മെച്ചമാക്കാനാവും. നഗര പ്രദേശങ്ങളോട് കൂട്ടിച്ചേർക്കുന്ന സമീപ പ്രാന്തപ്രദേശ- ഗ്രാമ വികസനത്തിന് 10,000 കോടി രൂപ കേന്ദ്ര ബഡ്ജറ്റിൽ കരുതിയിട്ടുണ്ട്. ഗ്രാമ – നഗര രൂപാന്തരത്തിനുള്ള നയങ്ങൾ ആവിഷ്കരിക്കാനും കേന്ദ്ര ധന കമ്മിഷൻ സഹായമുണ്ട്. ഇതെല്ലാം,​ ഏതാണ്ട് 50 ശതമാനത്തിലധികം നഗരവൽകൃതമായ,​ ഗ്രാമ- നഗര അന്തരം ഏറെ കുറഞ്ഞ കേരളത്തിന് അനുയോജ്യമായ പ്രത്യേക ധനകാര്യ വാഹനങ്ങളാണ്. ഇതിന്റെ ഭാഗമായി,​ കൊച്ചിയിലും തിരുവനന്തപുരത്തുമായി കേരളത്തിന് 5000 കോടി രൂപയെങ്കിലും ലഭിക്കേണ്ടതാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ സ്റ്റേറ്റ് പെർഫോർമൻസ് ഗ്രാന്റുകൾ സംസ്ഥാനം അവർക്കു നൽകുന്ന പ്ലാൻ തുകകളെ ആശ്രയിച്ചാണ് നിർണയിക്കുക. കേരളത്തിന് ഇതും ഗുണകരമാണ്. പങ്കിടാവുന്ന പൂളിന്റെ അനുപാതത്തിൽ നോക്കിയാൽപ്പോലും 20,000 കോടി രൂപയെങ്കിലും ഈയിനങ്ങളിൽ കേരളത്തിന് ആകെ ലഭിക്കേണ്ടതാണ്. ആകെ 30,000 കോടിയിൽപ്പരം രൂപയുടെ അധിക നിക്ഷേപം കേരളത്തിന് 2026-31 ൽ ലഭിക്കുമെന്ന് അർത്ഥം. വേണ്ടത്ര രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ ഊർജ്ജമേഖലാ പരിഷ്കാരങ്ങളും കേരളത്തിന്റെ വികസനത്തിന് കൂടുതൽ ഊർജ്ജം പകരും. വൈദ്യുതി വിതരണ മേഖലയുടെ കാര്യക്ഷമത മുൻനിറുത്തിയുള്ള സ്വകാര്യ വൽക്കരണം/സ്വകാര്യ പങ്കാളിത്തം ധന കമ്മിഷൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

വൈദ്യുതിയിലെ

സ്വകാര്യവത്കരണം

നഷ്ടത്തിലുള്ള വിതരണ കമ്പനികളുടെ നഷ്ടം താങ്ങാനുള്ള ഒരു പ്രത്യേക വാഹനമാക്കാനും,​ സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിൽ (SASCI) നിന്ന് ഇത് ക്രമേണ കൊടുത്തു തീർക്കാനുമാണ് പദ്ധതി. ഉത്പാദന- വിതരണ മേഖലയാകെ സ്വകാര്യ പങ്കാളിത്തം കൂടാതെ കാര്യക്ഷമമാക്കാനാവില്ല എന്ന് കമ്മിഷൻ കണ്ടിരിക്കുന്നു. നയപരമായ ഉറപ്പുള്ള തീരുമാനങ്ങൾ സംസ്ഥാനങ്ങൾ എടുക്കേണ്ട വിഷയങ്ങളാണ് ഇവ. സമീപകാലത്ത് കേരളം ഏറെ പരീക്ഷിച്ച ബഡ്ജറ്റിതര വായ്പകൾ പശ്ചാത്തല മേഖല,​ സംബ്സിഡികൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് ധനകമ്മിഷൻ കർശനമായി നിരുത്സാഹപ്പെടുത്തുന്നു.

ഉപാധിയോടെയുള്ള പണം ട്രാൻസ്ഫർ ചെയ്യുന്ന ക്ഷേമ പദ്ധതികൾ ഖജനാവിന് വലിയ ധനച്ചോർച്ചയുണ്ടാക്കുന്നതും ഇതിന് ബഡ്ജറ്റിതര വായ്പകൾ എടുക്കുന്നതും സംസ്ഥാനങ്ങൾ നിരുത്സാഹപ്പെടുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെടുന്നു. കമ്മിഷന്റെ നിലപാടുകൾ ഇക്കാര്യത്തിൽ ചില സംസ്ഥാനങ്ങൾ നൽകിയിട്ടുള്ള വ്യവഹാരങ്ങളെയും നിർണയിക്കും.

കമ്മിഷന്റെ ചില

നിർദ്ദേശങ്ങൾ

നഷ്ടത്തിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള കമ്മിഷന്റെ വിശദ നിർദ്ദേശങ്ങൾ. കമ്മിഷന്റെ പട്ടികയിലുള്ള ഏറ്റവുമധികം നഷ്ടത്തിലുള്ള (66) പൊതുമേഖലാ സ്ഥാപനങ്ങൾ ഇവിടെയാണ് എന്നതിനാൽ കേരളം ഗൗരവപൂർവം കാണേണ്ടതുണ്ട്. നിരന്തരം നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അടച്ചു പൂട്ടൽ, സ്വകാര്യവൽക്കരണം,​ സർക്കാർ മേഖലയിൽ തുടരുന്നെങ്കിൽ വ്യവസായത്തിന്റെ തന്ത്രപ്രധാനമായ പരിഗണനയിൽ മാത്രം എന്നിങ്ങനെയാണ് കമ്മിഷൻ ശുപാർശകൾ. ഇതിനെ എങ്ങനെ കണ്ടാലും,​ സംസ്ഥാന ബഡ്ജറ്റുകളെ സംബന്ധിച്ച റിസർവ് ബാങ്കിന്റെ പഠനവും നിർദ്ദേശിക്കുന്നത് വാർദ്ധക്യമായവർ 22 ശതമാനം വരുന്ന സംസ്ഥാനം എന്ന നിലയിൽ പ്രത്യേക പദ്ധതികളും നടപടികളുമാണ്. ശരാശരി ആയുസ് പരിഗണിച്ച് റിട്ടയർമെന്റ് പ്രായം 65 എങ്കിലുമാകണമെന്ന് ആർ.ബി.ഐ പഠനം പറയുന്നു. അല്ലെങ്കിൽ,​ തൊഴിലിലൊന്നും ഏർപ്പെടാതെ ദീർഘകാലം പെൻഷനെ ആശ്രയിക്കുന്നവർ വർദ്ധിക്കുകയും,​ സമൂഹത്തിന് ഫലത്തിൽ കർമ്മശേഷിയുള്ള; എന്നാൽ ചട്ടപ്രകാരം പെൻഷനായവരെ പുലർത്താൻ വലിയ അധിക ചെലവ് വരികയും ചെയ്യും.

2026 ബഡ്ജറ്റിൽ നിർദ്ദേശിക്കപ്പെട്ട സെമി കണ്ടക്ടർ വികസനം, ധാതു വികസന കോറിഡോർ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാഗമായാൽ കേരളത്തിന് പാരമ്പര്യശേഷിയുള്ള മേഖലകളെന്ന നിലയിൽ വലിയ വികസന സാദ്ധ്യതകൾ ഉള്ളവയാണ്. കേന്ദ്ര ബഡ്ജജറ്റിൽ പറഞ്ഞ ഇക്കോ ടൂറിസം - മറൈൻ കൺസർവേഷൻ പദ്ധതി 'ആമയുടെ" പേരിൽ പരക്കെ പരിഹാസത്തിനിരയായി. എന്നാൽ വിശദമായി നോക്കിയാൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഇക്കോ ടൂറിസം സർക്യൂട്ടിനെ കാണേണ്ടത്,​ കേരള,​ ഒഡിഷ,​ കർണാടക തീരങ്ങളിൽ പുത്തൻ ടൂറിസം നിക്ഷേപങ്ങളും തീരദേശവാസികൾക്ക് അധിക വരുമാനവും നൽകുന്ന അധിക പദ്ധതികളായാണ്.

'ആമ"യല്ല; അനന്ത

സാദ്ധ്യതകൾ!

പെരിയാർ ടൈഗർ റിസർവ് പോലെ സുസ്ഥിരതയുള്ള ഇക്കോ ടൂറിസം മാതൃകയാണ് നമ്മുടെ അറിവില്ലായ്മകളാൽ ഉടനടി പരിഹസിക്കപ്പെട്ടത്. ഐ.ഐ.എമ്മുകൾ മുഖേന തദ്ദേശീയർക്ക് ടൂറിസം ബിസിനസുകൾ വളർത്താനുള്ള പരിശീലന തുകയും പദ്ധതിയിലുണ്ട്. ആമ സംരക്ഷണം മാത്രമല്ല പദ്ധതിയുടെ മർമ്മം എന്നത് സൂക്ഷ്മ വായനയിലേ തെളിയുകയുള്ളൂ. ചുരുക്കത്തിൽ,​ പഠനാർഹമായ സാദ്ധ്യതകളാണ് കേന്ദ്ര ഇക്കണോമിക് സർവെയും റിസർവ് ബാങ്ക് പഠനവും കേന്ദ്ര ധന കമ്മിഷൻ റിപ്പോർട്ടും കേന്ദ്ര ബഡ്ജറ്റും ഒന്നിച്ച് മുന്നോട്ടുവയ്ക്കുന്നത്. ഇവയുടെ തീർത്തും നിരുത്തരവാദപരവും അവിദഗ്ദ്ധവും ധൈഷണികമായി പരിതാപകരവുമായ വ്യാഖ്യാനങ്ങളാണ് നിർഭാഗ്യവശാൽ നമ്മുടെ നൈമിഷിക മാദ്ധ്യമങ്ങളിൽ നിറയുന്നത്.

മലയാളിയെ എല്ലാക്കാലത്തും പിന്നോട്ടടിക്കുന്ന പ്രകടമായ ധൈഷണിക മദ്ധ്യവർത്തിത്വവും ദൂരക്കാഴ്ചയില്ലായ്മയും മാത്രം പ്രതിഫലിക്കുന്ന ക്ഷിപ്ര പ്രതികരണങ്ങൾ ഉപേക്ഷിച്ച് ബഡ്ജറ്റ് അടക്കമുള്ള ധനരേഖകളിൽ നമ്മുടെ സാദ്ധ്യതകൾ ആഴത്തിൽ പരതുകയാണ് വിവേകിയായ മലയാളി ചെയ്യേണ്ടത്. വികസന തന്ത്രത്തിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ തന്നെ രാജ്യത്തിനൊപ്പം നീങ്ങാനും ചിന്തിക്കാനും തയ്യാറായാൽ ഈ രേഖകൾ കേരളത്തിനുള്ള സാദ്ധ്യതകളാൽ തുടിക്കുന്നു എന്നു തന്നെ കാണാവുന്നതാണ്.

(അഭിപ്രായം വ്യക്തിപരം)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.