
തിരുവനന്തപുരം: ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ആർ.എൽ. നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകാൻ കോൺഗ്രസും സി.പി.എമ്മും രംഗത്ത്. കുടുംബം വാടക വീട്ടിലാണിപ്പോൾ താമസിക്കുന്നത്. കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ആദ്യഘട്ടമായി കോൺഗ്രസ് അഞ്ച് ലക്ഷത്തിന്റെ ചെക്ക് അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ വഴി ഇന്നലെ കൈമാറി. എത്രയും വേഗം വീട് നിർമ്മിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിതിന്റെ മാതാപിതാക്കളെ അറിയിച്ചു. പഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്താവും വീടു പണിയുക. നിർമ്മാണം തുടങ്ങുന്ന മുറയ്ക്ക് ബാക്കി പണം നൽകും. നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നിയമസഹായത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അഭിഭാഷകരായ ഉബൈദ് ഖാൻ,ബി. ജയചന്ദ്രൻനായർ എന്നിവരെ ചുമതലപ്പെടുത്തി.
അതേസമയം,നിതിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാൻ 19ന് തറക്കല്ലിടുമെന്ന് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എ.എ. റഹീം,മന്ത്രി വി. ശിവൻകുട്ടി,ജി. സ്റ്റീഫൻ എം.എൽ.എ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകിട്ട് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തറക്കല്ലിടും. കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിതിനെ സംസ്‌കരിച്ച കുന്നുനടയിലെ സ്ഥലത്താണ് വീട് നിർമ്മിക്കുകയെന്ന് സി.പി.എം.വ്യക്തമാക്കി. സി.പി.എം വിളപ്പിൽ,വിതുര ഏരിയകമ്മിറ്റികൾ ചേർന്നാണ് വീട് നിർമ്മിക്കുക.
ലോൺ ആപ്പിലേക്ക് ചുരുക്കാൻ
അനുവദിക്കില്ലെന്ന് കുടുംബം
അന്വേഷണം ലോൺആപ്പിലേക്ക് മാത്രമായി ചുരുക്കാനുള്ള നീക്കത്തിൽ ആശങ്കയോടെ കുടുംബം. ലോൺ ആപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിന്റെ സഹോദരി നിഖിത പറഞ്ഞു. 'ലോൺ ആപ്പിന്റെ പേരിൽ അവൻ ജീവനൊടുക്കില്ല. നീതി കിട്ടുംവരെ ഞങ്ങൾ പോരാടും. ലോൺ ആപ്പിന്റെ പേരുപറഞ്ഞ് സത്യം മറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ പിന്നെ ഞങ്ങൾ ഈ ഭൂമിയിൽ കാണില്ല. ദൈവം ഇതെല്ലാം കാണുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവർ അനുഭവിച്ചേ മതിയാകൂ. ഞങ്ങൾ മൂന്നു മക്കളേയും രക്ഷിതാക്കൾ പഠിപ്പിച്ചത് ലോണെടുത്തും കൂലിവേല ചെയ്തുമൊക്കെയാണ്.
എന്ത് വിഷമമുണ്ടെങ്കിലും അവൻ എന്നെ വിളിക്കുന്നതാണ്. ലോണിന്റെ പേരിൽ ജീവനൊടുക്കേണ്ട ഒരു സാഹചര്യവുമില്ല. മാത്രമല്ല, ലോണിന്റെ കാര്യം ഞങ്ങൾക്കും അറിയാം. അതിന്റെ തിരിച്ചടവും നടത്തുന്നുണ്ട്. ലോണിന് റഫറൻസ് നമ്പരായി അദ്ധ്യാപികയുടെ നമ്പർ വച്ചിട്ടില്ല. ലോണെടുത്തതിന്റെ തെളിവ് എന്റെ കൈവശമുണ്ട്. സിബിൽ സ്കോർ പരിശോധിച്ചാൽ മറ്റ് ലോണില്ലെന്ന് മനസ്സിലാവും.'- നിഖിത മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |