
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ വിനോദ് മോനി. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ബയോകെമിസ്ട്രി വിഭാഗം അദ്ധ്യാപിക ലത ശശിധരൻ നൽകിയ പരാതിയിലാണ് നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിതിനോട് മോശമായി പെരുമാറിയിട്ടില്ല. ഫോൺ പിടിച്ചുവച്ചിട്ടില്ല. നിതിൻ തന്നെ ഫോൺ ക്യാബിനിൽ വച്ചിട്ട് പോവുകയായിരുന്നു.
ലോൺ ആപ്പിൽ നിന്ന് തുടർച്ചയായി ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചതോടെ, ഇക്കാര്യം അദ്ധ്യാപിക നേരിട്ട് തന്നെ അറിയിച്ചു. തെളിവുകൾ കാണിച്ചു. തുടർന്നാണ് നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചത്. ലോൺ ആപ്പിൽ അദ്ധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്നാണ് നിതിൻ ആദ്യം പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും നമ്പറുകളാണ് റഫറൻസ് ആയി നൽകിയതെന്നും പറഞ്ഞു.
എന്നാൽ, അദ്ധ്യാപിക തെളിവുകൾ നിരത്തിയതോടെ നിതിൻ മൊബൈൽ തന്നെ ഏൽപ്പിക്കുകയായിരുന്നു. ചേംബറിൽ നടന്ന സംഭാഷണത്തിനിടയിലും അദ്ധ്യാപികയുടെ ഫോണിലേക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി കോളുകൾ വന്നു. ഇക്കാര്യം നിതിന്റെ കുടുംബത്തെ അറിയിക്കാൻ ഫോൺ ചെയ്‌തെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നതിനാൽ ബന്ധപ്പെടാനായില്ല. ഈ വിവരങ്ങളടക്കം അന്വേഷണ സംഘത്തിന് കൈമാറി.
ആരോപണ വിധേയനായ ഡോ. എ.കെ.റാം ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ല. റാമിനെതിരെ നിതിൻ ഒരിക്കലും തന്നോട് പരാതി പറഞ്ഞിട്ടില്ല. സ്റ്റാഫ് റൂം പീഡന കേന്ദ്രമാണെന്ന ആരോപണം തന്റെ അറിവിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |