
ശ്രീനാരായണ ഗുരുദേവൻ സ്വന്തം അവതാര കൃത്യനിർവഹണത്തിന് നാന്ദികുറിച്ച പുണ്യദിനമാണ് മഹാശിവരാത്രി. ചരിത്രഗതിയെ ക്രിസ്തുവിനു മുമ്പും ക്രിസ്തുവിനു ശേഷവും എന്ന് രണ്ടായി തിരിക്കുന്നതുപോലെ, ഭാവി ചരിത്രകാരന്മാർ അധ:സ്ഥിത മുന്നേറ്റത്തെ ആധാരമാക്കിയുള്ള പുരോഗതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ശ്രീനാരായണ 'ഗുരുവിനു മുമ്പ്", 'ഗുരുവിനു ശേഷം" എന്നിങ്ങനെ ചരിത്രഗതിയെ രണ്ടായി തിരിക്കാതിരിക്കില്ല.
ഗുരുഭക്തരോട് അഭ്യർത്ഥിക്കട്ടെ; ജനകോടികളുടെ പുനരുദ്ധാരണത്തിന് നാന്ദികുറിക്കപ്പെട്ട മഹാശിവരാത്രി ദിവസത്തെ ഗുരുഭക്തന്മാർ തങ്ങളുടെ നവോത്ഥാന ദിനമായി കൊണ്ടാടണം. ഗുരുദേവൻ പുതുയുഗപ്പിറവിക്ക് തുടക്കം കുറിച്ചുകൊണ്ട് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതും, ആലുവയിൽ സർവമത സമ്മേളനം നടത്തിയതും ശിവരാത്രി നാളിലാണല്ലോ. ശ്രീനാരായണീയ ക്ഷേത്രങ്ങളിലും മറ്റും മഹാശിവരാത്രി പ്രതിഷ്ഠാദിന മഹോത്സവമായി ആഘോഷിക്കാറുണ്ട്. അത് വ്യാപകമാക്കണം. എല്ലാ ശ്രീനാരായണ സ്ഥാപനങ്ങളിലും ഗുരുമന്ദിരങ്ങളിലും എസ്.എൻ.ഡി.പി ശാഖകളിലും ഗുരുധർമ്മ പ്രചാരണ സഭാ യൂണിറ്റുകളിലും തങ്ങളുടെ പുരോഗതിക്ക് നിദാനമായിത്തീർന്ന ഈ പുണ്യദിനം സാഘോഷം നവോത്ഥാനദിനമായി കൊണ്ടാടണമെന്ന് ശിവഗിരി മഠം അഭ്യർത്ഥിക്കുകയാണ്.
അരുവിപ്പുറം
വിപ്ളവം
1888-ലെ മഹാശിവരാത്രി നാളിലാണ് അരുവിപ്പുറം പ്രതിഷ്ഠ നടന്നതെന്ന് ഏവർക്കും അറിയാം. 'അരുവിപ്പുറം വിപ്ലവം" എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധി നേടിയ ആ അദ്ധ്യാത്മ വിപ്ലവം നമ്മുടെ നാടിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു നയിക്കുവാൻ പര്യാപ്തമായി. ശവസമാനമായിക്കിടന്ന സമൂഹത്തെ ശിവസമാനമായി മാറ്റുവാൻ അരുവിപ്പുറം വിപ്ലവം നിദാനമായി. ജീവനില്ലെങ്കിൽ, അതായത് ശിവനില്ലെങ്കിൽ ശവമായി! അതുകൊണ്ടാണ് ഗുരുദേവൻ 'ശിവൻ വന്നാൽ എല്ലാമായി" എന്ന് അരുളിചെയ്തുകൊണ്ട് ശിവരാത്രി നാളിൽ ശിവനെ അരുവിപ്പുറത്തേക്ക് ഇറക്കിക്കൊണ്ടുവന്നത്. അത് മഹാഗുരുവിന്റെ അവതാര കൃത്യനിർവഹണത്തിന്റെ ആരംഭം കുറിക്കലായി.
ജനകോടികളുടെ പുരോഗതിക്ക് നിദാനമായത് ഈ പ്രതിഷ്ഠയാണ്. ഈ പുണ്യദിനത്തിന്റെ പ്രാധാന്യം മനസിലാക്കി, ഗുരുഭക്തർ എല്ലായിടത്തും ആഘോഷങ്ങൾ സംഘടിപ്പിക്കണം. അരുവിപ്പുറത്ത് ഉള്ളതുപോലെ ആലുവാ അദ്വൈതാശ്രമത്തിൽ മറ്റൊരു ശിവരാത്രി നാളിലാണ് ആദ്യത്തേതെന്ന് വിളിക്കപ്പെടാവുന്ന സർവമത മഹാസമ്മേളനം ഗുരുദേവൻ സംഘടിപ്പിച്ചത്. ഭാരത ജനതയുടെ അഭിമാനമായ വിവേകാനന്ദ സ്വാമികൾ ചിക്കാഗോ സമ്മേളനത്തിൽ പങ്കെടുത്ത്, 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ" എന്ന് സംബോധന ചെയ്തത് ഭുവനപ്രസിദ്ധമാണ്. ഇത് ലോക ചരിത്രത്തിൽ മായാമുദ്രകൾ പതിപ്പിച്ചു.
ഗുരുദേവനും
വിവേകാനന്ദനും
അതുവരെ സ്വന്തം രാജ്യവും സ്വന്തം മതവുമെന്ന സ്വാർത്ഥ ബോധത്തിൽ കഴിഞ്ഞിരുന്ന ജനതയ്ക്ക് അതിനപ്പുറം മനുഷ്യരാശിയെ ഏകതയിൽ കാണുവാനുള്ള മഹത് ദർശനമാണ് വിവേകാനന്ദ സ്വാമികൾ നൽകിയത്. ഇവിടെ ഒരു കാര്യം കൂടി എടുത്തു പറയേണ്ടതായുണ്ട്. ചിക്കാഗോ സമ്മേളനത്തിന് അഞ്ചുവർഷം മുമ്പ്, 1888-ലാണ് 'സർവരും സോദരത്വേന വാഴുന്ന ഏകലോക"ത്തെ ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്തത്. പക്ഷേ, കേരളക്കരയിൽ നിന്നുകൊണ്ട് ഗുരുദേവൻ പ്രഖ്യാപിച്ച ഏകലോക ദർശനം വേണ്ടവണ്ണം വിലയിരുത്തുവാൻ സമൂഹത്തിന്; ചുരുങ്ങിയപക്ഷം ശ്രീനാരായണ പ്രസ്ഥാനത്തിനു പോലും സാധിച്ചില്ല! വിശ്വഗുരുവിനെപ്പോലും ജാതിയുടെ വക്താവായി കാണാനേ മഞ്ഞപ്പിത്തം ബാധിച്ച ജാതിക്കോമരങ്ങൾക്ക് സാധിച്ചുള്ളൂ.
എന്തുകൊണ്ട്
ശിവരാത്രി?
ശിവരാത്രിക്ക് ഏറെ പ്രാധാന്യം നൽകണമെന്നു പറയാൻ കാരണമെന്താണ്? ഗുരുദേവൻ മഹാദേവനായ ശിവനും ശിവരാത്രിക്കും പ്രാധാന്യം നൽകിയത് നാം പ്രത്യേകം തിരിച്ചറിയണം. മറ്റൊരു ദിനവും തിരഞ്ഞെടുക്കാതെ ശിവരാത്രി തന്നെ തിരഞ്ഞെടുത്തത് ഗുരുദേവൻ അവിടുത്തെ ദർശനത്തിന്റെ മഹിമാവിലാണ്. ഗുരു ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ - ദ്രാവിഡരുടെ ദൈവമാണ് ശിവൻ. ആ ശിവന് ജാതിഭേദമില്ല. ശിവൻ നമ്മുടെ ചിരപുരാതനനാണെന്ന് ഗുരുദേവൻ അരുളിചെയ്തിട്ടുണ്ട്. ഗുരുദേവന്റെ താത്വിക ദർശനത്തിൽ ശിവപ്പെരുമാനു നൽകുന്ന സ്ഥാനം എത്രയും ചിന്തനീയമാണ്. ലോകത്തിലേക്കും വച്ച് ഏറ്റവും പഴക്കംചെന്ന സംസ്കാരമാണ് ദ്രാവിഡം. ലോകമെങ്ങും ദ്രാവിഡ സംസ്കാരം നിറഞ്ഞു നിന്നിരുന്നു എന്ന് റഷ്യയിലും ചൈനയിലും ഇന്തോനേഷ്യയിലും മറ്റും നടന്ന പുരാവസ്തു ഗവേഷണങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. പശുപതിയായ ശിവപ്പെരുമാന്റെ സമാരാധനയ്ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്നു പറയാം.
'പതി" എല്ലാറ്റിനും കാരണഭൂതമായ പരമ തത്ത്വവും, 'പശു" ജീവനും, 'പാശം" ജീവന്റെ ബന്ധനവുമാകുന്നു. ബന്ധനത്തിൽ നിന്ന് ജീവന്റെ മോചനവും പതിയെ പ്രാപിക്കലും സിദ്ധാന്തമാകുന്നു. ഗുരുദേവന്റ പല കൃതികളിലും പതി, പശു, പാശം എന്നീ സങ്കല്‍പങ്ങൾ കാണാനാവും. ഈ തത്ത്വത്തെ വേദാന്ത സമ്പ്രദായവുമായി സമന്വയിപ്പിച്ച് അദ്വൈത ദർശനത്തിന് പുതിയ ഭാഷ്യം ചമയ്ക്കുകയാണ് ഗുരുദേവൻ ചെയ്തിട്ടുള്ളത്. ഗുരുദേവൻ വർക്കല കുന്നിന് ശിവഗിരി എന്നു പേരിട്ടതിൽ നിന്നും, ശിവനെയും ശിവകുടുംബത്തിൽപ്പെട്ട ദേവതമാരെയും ആധാരമാക്കി കൂടുതലായി കൃതികൾ രചിക്കുകയും, ഈ മൂർത്തികളെ കൂടുതലായി പ്രതിഷ്ഠിക്കുകയും ചെയ്തതിൽ നിന്നുമൊക്കെ ഗുരുദേവന്റെ ശൈവാഭിമുഖ്യം പ്രകടമാണ്.
പുരുഷാർത്ഥ
ശൈവ ഭാവം
ലോകരക്ഷയ്ക്കായി ശിവപ്പെരുമാൻ ഉണർവോടെ ഇരുന്ന ശിവരാത്രി നാൾ ഗുരുദേവൻ അദ്ധ്യാത്മ വിപ്ലവത്തിന്റെ പുണ്യദിനമായി തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളുടെ ശൈവ ഭാവമാണ് ശിവസ്വരൂപം. നാഗങ്ങളെ ശരീരത്തിലണിഞ്ഞ് പുലിത്തോലിലിരുന്ന്, കഴുത്തിൽ കാളകൂട വിഷവുമായി, ജഡയിൽ ഗംഗയെയും ഇരുത്തി, ചന്ദ്രനെ ഉയർത്തിക്കാട്ടി പ്രകാശിക്കുന്ന ശിവസ്വരൂപം ആത്മതത്ത്വത്തിന്റെ ആവിഷ്കാരമാണ്. കാളകൂടം ഭക്ഷിച്ച് ലോകരെ രക്ഷിക്കുവാൻ നിലകൊണ്ട മഹാദേവനൊപ്പം എല്ലാ ദേവീദേവന്മാരും ഉണർവോടെ നിലകൊണ്ടു എന്നാണ് പുരാണം വെളിപ്പെടുത്തുന്നത്.
ഗുരുദേവ കൃതികളിൽ ഉടനീളം വെളിപ്പെടുന്ന ശൈവാഭിമുഖ്യം എത്രയും പഠനവിഷയമാണ്. ശിവനെയും ശിവതത്ത്വത്തെയും അദ്വൈത തത്ത്വത്തിന് അവിരോധമാകുമാറ് ഗുരുദേവൻ സമന്വയിപ്പിക്കുന്നു. ശിവനെയും ശിവതത്ത്വത്തെയും വീണ്ടെടുക്കുകയാണ് ഗുരുദേവൻ ചെയ്തത്. അത് ജനകോടികളായ അധഃസ്ഥിതരുടെ പുരോഗതിക്ക് നിത്യനിദർശനമായി. അതിനാൽ, മഹാ ശിവരാത്രി നമ്മുടെ നവോത്ഥാന ദിനമാണ്. ആദ്ധ്യാത്മിക വിപ്ലവത്തിന് തുടക്കംകുറിക്കാൻ ഗുരുദേവൻ തിരഞ്ഞെടുത്ത ശിവരാത്രി നാൾ പുതുയുഗപ്പിറവിയുടെ അഥവാ ശ്രീനാരായണ യുഗത്തിന്റെ ആരംഭം കുറിക്കലായി.
നെയ്യാറിന്റെ തീരത്ത് ശിവപ്രതിഷ്ഠയും, ചൂർണികാ നദീതീരത്ത് സർവമത സമ്മേളനവും- രണ്ടും മനുഷ്യനെ ഏകതയിലേക്കു നയിക്കുവാൻ മഹാഗുരു സംഘടിപ്പിച്ച മഹാദിനങ്ങളായി. ശിവരാത്രി നാളിലൂടെയാണ് പുതുയുഗത്തിന്റെ വസന്തച്ചാർത്ത് സൃഷ്ടമായത്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷങ്ങളുണ്ട്. അതുപോലെ ഗുരുദേവ പ്രസ്ഥാനത്തിൽ നൂറുകണക്കിന് ശിവക്ഷേത്രങ്ങളുണ്ട്. കോടിക്കണക്കിന് ആളുകളെ മതസമന്വയത്തിലേക്കും മതസൗഹാർദ്ദത്തിലേക്കും ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിച്ചത് ശിവരാത്രി ദിനങ്ങളാണ്. അങ്ങനെ ശിവരാത്രി മാനവ പുരോഗതിക്കുള്ള ദിനമായി ഗുരുദേവൻ മാറ്റിയെടുത്തു.
ആത്മസ്വത്വവും
ശിവതത്വവും
മഹാശിവരാത്രി ദിനം സമുചിതമായി ആഘോഷിക്കുവാൻ കേരളീയ ജനതയ്ക്കാകമാനം ചുമതലയുണ്ട്. ഏവരും ഗുരുചിന്തയ്ക്കൊപ്പം ചേരണം. ഗുരുദേവ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും ശിവരാത്രിയെ നവോത്ഥാന ദിനമായി ആഘോഷിക്കണം. പ്രത്യേകിച്ച്, ഗുരുഭക്തരും അധഃസ്ഥിത- പിന്നാക്ക ജനവിഭാഗങ്ങളും. ഇനി വരുന്ന ശിവരാത്രി ദിനങ്ങൾ ഗുരുദേവ ദർശനത്തിൽ ഊന്നി നിന്നുകൊണ്ട് നാടെങ്ങും ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് ഗുരുദേവ സന്യസ്ത ശിഷ്യപരമ്പരയുടെ പേരിൽ അഭ്യർത്ഥിക്കുന്നു.
ഇപ്പോൾ നമ്മൾ ഇവിടെ തുടങ്ങിവയ്ക്കുന്ന ഈ ആഘോഷം നാളെയുടെ വളർച്ചയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നതാണ്. ഗുരുദേവഭക്തർ തങ്ങളുടെ സ്വത്വം വീണ്ടെടുത്ത് ആത്മപ്രതിജ്ഞയോടെ മുന്നോട്ടു പോകാനുള്ള പുണ്യദിനമാണ് തങ്ങളുടെ നവോത്ഥാന ദിനം. ഗുരുഭക്തർ ഈ വർഷം മുതൽ നവോത്ഥാന ദിനാഘോഷം ആരംഭിക്കണം. ഗുരുപൂജ, സമൂഹ പ്രാർത്ഥന, അരുവിപ്പുറം സന്ദേശത്തെ ആസ്പദമാക്കിയുള്ള സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തണം. എല്ലാ ഗുരുദേവ പ്രസ്ഥാനങ്ങളും- പ്രത്യേകിച്ച്, എസ്.എൻ.ഡി.പി. ശാഖകളും ഗുരുധർമ്മ പ്രചാരണ സഭാ യൂണിറ്റുകളും ശിവഗിരി മഠത്തിന്റെ ഉദ്ബോധനം പ്രാവർത്തികമാക്കുമെന്ന് പ്രത്യാശിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |