
കണ്ണൂർ ജില്ലയിലെ സി.പി.എമ്മിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നായ പയ്യന്നൂരിൽ വിഭാഗീയ സംഘർഷത്തിന്റെ ശക്തമായ അദ്ധ്യായങ്ങൾ തുറക്കപ്പെടുകയാണ്. തായിനേരി കുറിഞ്ഞി റോഡിൽ പ്രത്യക്ഷപ്പെട്ട 'ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം" എന്ന കൂറ്റൻ ബാനറും, തൊട്ടുമുമ്പ് കാരയിൽ വന്ന 'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല " എന്ന ഫ്ളക്സ് ബോർഡും പാർട്ടിക്കുള്ളിലെ ആഴത്തിലുള്ള പിളർപ്പിന്റെ ദൃശ്യരൂപങ്ങളാണ്. എം.എൽ.എ ടി.ഐ. മധുസൂദനന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് മുന്നോടിയായാണ് ഈ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഈ മാസം 16 വരെ നടക്കുന്ന ജാഥയെ പശ്ചാത്തലമാക്കി, പാർട്ടിക്കുള്ളിലെ രണ്ട് വിഭാഗങ്ങളും പരസ്പരം വെല്ലുവിളിക്കുന്ന സന്ദേശങ്ങൾ പൊതുവേദിയിൽ എത്തിക്കുകയാണ്. കാരയിലെ സഖാക്കൾ എന്ന പേരിലാണ് ആദ്യ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല " എന്ന വ്യക്തമായ സന്ദേശവുമായി തായിനേരിയിൽ നിന്ന് കാരയിലേക്കുള്ള പ്രവേശന കവാടത്തിൽ തന്നെ ഈ ബോർഡ് സ്ഥാപിക്കപ്പെട്ടു. വിമത വിഭാഗത്തിന്റെ ശക്തികേന്ദ്രമായ കാരയിലാണ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടർന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ മറുപടി വന്നത്. സൂര്യൻ മുക്കിൽ റോഡിന് കുറുകെ വലിയ ബാനറായി 'ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം പയ്യന്നൂർ സഖാക്കൾ " എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടു. ആയിരക്കണക്കിന് പേർ എത്തിച്ചേരുന്ന കുറിഞ്ഞി ക്ഷേത്ര ഉത്സവക്കാലത്താണ് ഈ ബാനർ സ്ഥാപിച്ചത്. അതിനാൽ തന്നെ ഇത് വിപുലമായ ശ്രദ്ധ നേടുകയും ചെയ്തു. ബാനറിന്റെ താഴെ അരിവാൾ ചുറ്റികയുടെ ചിഹ്നവും സി.പി.എം എന്ന അടയാളവും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഔദ്യോഗിക നിലപാടിന്റെ തുടർച്ചയാണെന്ന് വ്യക്തമാക്കുന്നു.
വി. കുഞ്ഞികൃഷ്ണൻ: വിവാദത്തിന്റെ കേന്ദ്രബിന്ദു
പയ്യന്നൂരിലെ വിഭാഗീയതയ്ക്ക് പുതിയ തീവ്രത നൽകിയത് മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനവും തുറന്നുപറച്ചിലുമാണ്. 'നേതൃത്വത്തെ അണികൾ തിരുത്തണം" എന്ന പുസ്തകത്തിലൂടെ അദ്ദേഹം ടി.ഐ. മധുസൂദനനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ തിരിമറി നടത്തിയെന്നാണ് പ്രധാന ആരോപണം. ഈ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പാർട്ടി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വിമത വിഭാഗത്തിന്റെ നിലപാട്. ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ സംശയം വർദ്ധിപ്പിക്കുകയും ചെയ്തു. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതോടെ അദ്ദേഹത്തിന് അനുകൂലമായ പ്രചാരണം കൂടുതൽ ശക്തമായി. വെള്ളൂർ കോട്ടണച്ചേരി ക്ഷേത്രത്തിന് മുന്നിൽ വി.എസുമായുള്ള ചിത്രം വച്ച് 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട് "എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടു. ഇത് പിന്നീട് നശിപ്പിക്കപ്പെട്ടെങ്കിലും, കുഞ്ഞികൃഷ്ണന് ഗണ്യമായ പിന്തുണയുണ്ടെന്ന് ഇത് സൂചിപ്പിച്ചു. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിയിൽ കാരയിൽ നിന്നുള്ള ഒട്ടേറെ പാർട്ടി പ്രവർത്തകർ പങ്കെടുത്തിരുന്നു. ഇത് വിഭാഗീയതയുടെ വ്യാപ്തി സൂചിപ്പിക്കുന്ന മറ്റൊരു വശമാണ്. 'കാരയിലെ സഖാക്കൾ" എന്ന പേരിൽ സോഷ്യൽ മീഡിയയിലും സജീവമായ പ്രചാരണം നടക്കുന്നുണ്ട്.
വിഭാഗീയതയുടെ വേരുകൾ
പയ്യന്നൂരിലെ വിഭാഗീയതയുടെ തുടക്കങ്ങളിലൊന്ന് 'സ്‌പേസ്" എന്ന സാംസ്‌കാരിക സംഘടനയുടെ രൂപീകരണമായിരുന്നു. പാർട്ടിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒട്ടേറെ സാംസ്‌കാരിക, കായിക സംഘടനകളുള്ളപ്പോൾ തന്നെ, പാർട്ടി നേതാക്കളുടെ പിന്തുണയോടെ പുതിയ സംഘടനയുടെ രൂപീകരണം നേതൃത്വത്തിന് തലവേദനയായി. ലോക്കൽ സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരുടെ പിന്തുണയോടെയാണ് പുതിയ സംഘടന ഉടലെടുത്തത്. ഗസൽ സന്ധ്യ എന്ന പരിപാടിയിലൂടെ ഇത് ആദ്യമായി പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ തന്നെ ഏറ്റവും സംഘടനാ ശക്തിയും വേരോട്ടവുമുള്ള പാർട്ടി കേന്ദ്രത്തിൽ സമാന്തര സാംസ്‌കാരിക പ്രവർത്തനം നേതൃത്വത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി വൈശാഖ് സി. വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. പയ്യന്നൂർ നഗരസഭയിലെ 36ാം വാർഡിൽ നിന്നുള്ള ഈ വിജയം, വിഭാഗീയ പിളർപ്പിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് പരാതി നൽകിയ പി.വി. കുഞ്ഞപ്പൻ (സി.ഐ.ടി.യു. നേതാവ്), കെ. വിജേഷ് (ഏരിയ സെന്റർ അംഗം) എന്നിവർക്കെതിരെയും നടപടിയുണ്ടായി. വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ള മൂന്നുപേരെ ജില്ലാ കമ്മിറ്റി ശാസിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കടുത്ത നടപടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഫണ്ട് വിവാദം: മറുപടിയില്ലാത്ത ചോദ്യങ്ങൾ
പയ്യന്നൂർ സഹകരണ റൂറൽ ബാങ്കിന് കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയതിൽ ബിനാമി ഇടപാട് നടന്നുവെന്നായിരുന്നു ആദ്യ പരാതി. മുൻ എം.എൽ.എ സി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ മേൽനോട്ടത്തിലാണ് ഇടപാട് നടന്നതെന്ന് പാർട്ടി വിശദീകരിച്ചു. എന്നാൽ, അംഗങ്ങളായവർ തന്നെ സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നത് ഗൂഢലോചനയാണെന്നും വിലയിരുത്തി. പാർട്ടി കമ്മിഷൻ അന്വേഷണം നടത്തിയെങ്കിലും പരാതികൾക്ക് കഴമ്പില്ലെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ, ധനരാജ് ഫണ്ട് തട്ടിപ്പ് ആരോപണത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. സംശയങ്ങൾ പരിഹരിക്കുന്നതിനായി ഫണ്ട് വിവരങ്ങൾ വർഗബഹുജനങ്ങളോട് തുറന്നുപറയാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും, മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ ഉന്നതനേതൃത്വത്തിന്റെ ഇടപെടലോടെ ഇരുവരെയും തിരിച്ച് സ്ഥാനങ്ങളിൽ എത്തിച്ചു. ഈ നടപടികൾ പ്രശ്നം പരിഹരിക്കുന്നതിന് പകരം കൂടുതൽ സങ്കീർണമാക്കി എന്നതാണ് പലരുടെയും വിലയിരുത്തൽ.
നിലവിലെ സ്ഥിതിയും രഹസ്യന്വേഷണവും
കുഞ്ഞികൃഷ്ണന് പിന്നിൽ ആരെന്ന് കണ്ടുപിടിക്കാൻ സി.പി.എം രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സി.പി.എം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ച് കാരണം തേടുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ബോർഡുകൾ സ്ഥാപിച്ചവരെ കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു. പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നയിച്ച വെള്ളൂർ സ്വദേശി പ്രസന്നന്റെ വീടിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ച സംഭവവും ശ്രദ്ധേയമായിരുന്നു.വികസന മുന്നേറ്റ ജാഥയിൽ പരമാവധി പ്രവർത്തകരെ അണിനിരത്താനുള്ള നീക്കം നടക്കുകയാണ്.
മുന്നോട്ടുള്ള വഴി
പയ്യന്നൂരിലെ സി.പി.എമ്മിന് മുന്നിൽ ഗുരുതരമായ വെല്ലുവിളികളാണുള്ളത്. ബാനറുകളും ഫ്ളക്സ് ബോർഡുകളും പ്രശ്നത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ്. വേരുകൾ വളരെ ആഴത്തിലാണ്. സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തുക, ആഭ്യന്തര ജനാധിപത്യം ശക്തിപ്പെടുത്തുക, പരാതികൾ തുറന്ന് സംവാദത്തിന് വിധേയമാക്കുക എന്നിവ അനിവാര്യമാണ്. വിമത വിഭാഗത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. പകരം, പരാതികൾ ഗൗരവത്തോടെ പരിശോധിക്കുകയും വസ്തുതകൾ പൊതുവെ വെളിപ്പെടുത്തുകയും വേണം. ഇത് പ്രവർത്തകരുടെ വിശ്വാസം നേടാൻ സഹായിക്കുമെന്ന അഭിപ്രായമാണ് അണികൾക്ക്. കണ്ണൂർ ജില്ലയിലെ ഏറ്റവും ശക്തമായ പാർട്ടി കേന്ദ്രങ്ങളിലൊന്നായ പയ്യന്നൂരിൽ ഈ വിഭാഗീയത നിലനിൽക്കുന്നത് പാർട്ടിക്ക് മൊത്തത്തിൽ ഒരു മുന്നറിയിപ്പാണ്. ആഭ്യന്തര ജനാധിപത്യവും സുതാര്യതയും ഇല്ലെങ്കിൽ, ശക്തികേന്ദ്രങ്ങളിൽ പോലും സമാന പ്രശ്നങ്ങൾ ഉയർന്നുവരാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |