
പകരക്കാരനില്ലാത്ത അമരക്കാരനായി മൂന്ന് പതിറ്റാണ്ടായി ശ്രീനാരായണ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിക്കുന്ന വെള്ളാപ്പള്ളി നടേശനു ലഭിച്ച ദേശീയ ബഹുമതി അർഹിക്കുന്ന അംഗീകാരമായി കണക്കാക്കാം. ഈഴവ സമുദായത്തിന്റെ ഒത്തൊരുമ എന്നത് 'കടൽത്തീരത്തെ മണൽത്തരിപോലെ"യാണെന്ന് ശ്രീനാരായണ ഗുരുദേവൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഉള്ളംകയ്യിൽ ചേർത്തുപിടിക്കുന്നിടത്തോളം ഒന്നിച്ചുനിൽക്കും, പിടിവിട്ടാൽ പലവഴി! അങ്ങനെയുള്ള ഒരു സമൂഹത്തെ മൂന്ന് പതിറ്റാണ്ടു കാലം സംഘടിപ്പിച്ച് ശക്തരായി നിറുത്തിയത് ഒരു അപൂർവ നേട്ടം തന്നെ.
എസ്.എൻ.ഡി.പിക്ക് ഒരു ചരിത്രമുണ്ട്- മഹാനായ ആർ. ശങ്കറിനു ശേഷവും, വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി ആകുന്നതിനു മുമ്പും. വെള്ളാപ്പള്ളി നടേശൻ 1996- ൽ ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറിയായി ആദ്യമായി അധികാരത്തിൽ വന്നയുടൻ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ആദ്യത്തെ അഗ്നിപരീക്ഷണമായിരുന്നു, 1996- 1997 അദ്ധ്യയന വർഷത്തിൽ കൊല്ലം എസ്.എൻ കോളേജിൽ നടന്ന വലിയ വിദ്യാർത്ഥി സമരം. ഒരു ഘട്ടത്തിൽ ഈ സമരത്തിൽ അന്ന് ഭരണത്തിലിരുന്ന ഇടതുപക്ഷവും പങ്കാളികളായി.
കോളേജ് ഗേറ്റിനു മുന്നിൽ പന്തൽ കെട്ടി സമരം നടത്തി. മാസങ്ങളോളം കോളേജ് അടഞ്ഞുകിടന്നു. ഇതു കണ്ട് സഹികെട്ട ശ്രീനാരായണീയർ സംഘടിച്ച് കോളേജിനു മുന്നിൽ സമരവിരുദ്ധ പ്രകടനം നടത്തി. സംഘർഷമായി. അവസാനം ക്രമസമാധാന പ്രശ്നങ്ങളെത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസിന്റെയും സമരാനുകൂലികളായ ഗുണ്ടകളുടെയും അടികൊണ്ട് നിസ്സഹായരായി മഞ്ഞക്കൊടിയും പിടിച്ച് ശ്രീനാരായണീയർ കോളേജിനു മുന്നിലുള്ള റെയിൽവേ പാളത്തിലൂടെ ഓടുന്ന ദയനീയാവസ്ഥ ഞാൻ നേരിട്ടു കണ്ടതാണ്. അന്നത്തെ അസംഘടിതരായ ശ്രീനാരായണീയരും, ഇന്ന് ശക്തനായൊരു നേതാവിനു കീഴിൽ സംഘടിച്ച് ശക്തരായ ശ്രീനാരായണീയരും തമ്മിൽ വ്യത്യാസമുണ്ട്.
ഇന്നത്തെ നേതാവിനെ ഇടതുപക്ഷ സർക്കാരിന്റെ മുഖ്യമന്ത്രി കാറിൽ കയറ്റി കൊണ്ടുപോകുന്നെങ്കിൽ അത് ഇന്നത്തെ എസ്.എൻ.ഡി.പി പ്രസ്ഥാനത്തിന്റെ ശക്തിയല്ലേ വിളിച്ചോതുന്നത്? അതിന്റ ക്രെഡിറ്റ് മുഴുവൻ വെള്ളാപ്പള്ളി നടേശനു മാത്രം അവകാശപ്പെട്ടതാണ്. തന്റെ മുൻഗാമികളായിരുന്ന മഹാകവി കുമാരനാശാനും മഹാപ്രതിഭയായിരുന്ന ആർ.ശങ്കറിനും, വെള്ളാപ്പള്ളി നടേശനോളം ദീർഘകാലഘട്ടം ഈ പ്രസ്ഥാനത്തെ നയിക്കാൻ കഴിഞ്ഞിരുന്നില്ല. ആ സ്ഥാനമാണ് യാതൊരു രാഷ്ട്രീയ പിൻബലവുമില്ലാതിരുന്ന വെള്ളാപ്പള്ളി നടേശൻ തന്റെ കഠിന പ്രയത്നവും അർപ്പണ മനോഭാവവുംകൊണ്ട് നേടിയെടുത്തത്. കഠിനാദ്ധ്വാനവും ആത്മസമർപ്പണവും ഉണ്ടെങ്കിൽ അസാദ്ധ്യമായി ഒന്നുമില്ലെന്ന് അദ്ദേഹം തെളിയിച്ചു.
വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായി അധികാരത്തിൽ വന്ന സമയം നേരത്തെ സൂചിപ്പിച്ചതുപോലെ, കുത്തഴിഞ്ഞു കിടന്നിരുന്ന മഹാ പ്രസ്ഥാനത്തെ കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്ന് സംഘടിപ്പിച്ച് വളർത്തി വലുതാക്കിയത് ഒരു അപൂർവ നേട്ടം തന്നെ. ഈഴവ സമുദായത്തിന് ഒരു നേതാവുണ്ടോ എന്ന് രാഷ്ട്രീയ മേലാളന്മാർ അവജ്ഞയോടെ ചോദിച്ച ഒരു കാലഘട്ടം ഈ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നെന്നുള്ളത് അദ്ദേഹത്തിന്റെ വിമർശകരായ ഭാഗ്യാന്വേഷികൾ മറക്കരുത്. പകരക്കാരനില്ലാത്ത അമരക്കാരനായ വെള്ളാപ്പള്ളി നടേശനു ലഭിച്ച പത്മഭൂഷൺ പുരസ്‌കാരത്തിൽ അദ്ദേഹത്തെ അനുമോദിക്കുകയും, കൂടുതൽ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
(കൊല്ലം എസ്.എൻ. കോളേജിലെ മുൻ സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലും, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ എക്സിക്യുട്ടീവ് കൗൺസിൽ മുൻ അംഗവുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |