SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

നഗരസഭകൾക്ക് ബോണ്ട് ഇറക്കി വികസന പദ്ധതികൾ നടപ്പാക്കാം പഞ്ചായത്തുകൾക്ക് വായ്പയെടുക്കാം

Increase Font Size Decrease Font Size Print Page
g

തിരുവനന്തപുരം: മുനിസിപ്പൽ ബോണ്ട് ഇറക്കി വൻപദ്ധതികൾ നടപ്പാക്കാൻ മുനിസിപ്പാലിറ്റികളെയും കോർപ്പറേഷനുകളെയും അനുവദിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. മാനദണ്ഡങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ ഗ്രാമപഞ്ചായത്തുകളെയും അനുവദിക്കും. നികുതി-നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിനും വായ്പ എടുക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ ലോക്കൽ ഗവൺമെന്റ് ബോർഡ് ഒഫ് ഫിനാൻസ് രൂപീകരിക്കും.

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിനുള്ള ഫിനാൻസ് കമ്മിഷൻ ശുപാർശ അംഗീകരിച്ചു. മെമ്പർമാരുടെയും കൗൺസിലർമാരുടെയും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും, പ്രധാന ഭാരവാഹികളുടെയും പുതുക്കിയ ഓണറേറിയം ഏപ്രിൽ മുതൽ നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി ആരംഭിക്കും. ക്ഷേമനിധിയിലേക്ക് 250 കോടി രൂപ സമാഹരിക്കും. ക്ഷേമനിധിയിലേക്ക് പണം അടയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും.

തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ജനറൽ പർപ്പസ് ഫണ്ട്, മെയിന്റനന്‍സ് ഫണ്ട് എന്നിവ യഥാക്രമം 3236.76 കോടി, 4315.69 കോടി ആയി ഉയർത്തി. മുൻവർഷത്തേക്കാൾ 786.96 കോടി വർദ്ധന വരുത്തി. 10,189 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട്. ഖരമാലിന്യ സംസ്കരണ പദ്ധതി പ്രകാരം

നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് 160 കോടി ഗ്രാന്റ് നൽകും. സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനമായി കൂടുതൽ സംസ്ഥാന വിഹിതം നൽകും. നഗരവത്കരണവും മുതിർന്ന പൗരന്മാരുടെ അനുപാതവും കണക്കിലെടുത്തായിരിക്കും വിഹിതം അനുവദിക്കുക.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY