SignIn
Kerala Kaumudi Online
Saturday, 27 April 2024 9.27 AM IST

ഇനി ലക്ഷ്യം കെ.പി.സി.സി ഭാരവാഹിത്വം

photo

കോൺഗ്രസിനെ നേർവഴിയെ നയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കെ.സുധാകരനും വി.ഡി സതീശനുമൊക്കെ ദിവസേന സ്വന്തം പാർട്ടിയിൽപ്പെട്ടവർ തന്നെ ഷോക്ക് ട്രീറ്റ്മെന്റ് നൽകുകയാണ്. ഒരിടത്ത് കാര്യങ്ങൾ ശരിയാക്കുമ്പോൾ മറ്റൊരിടത്ത് കൂട്ടക്കുഴപ്പം തലപൊക്കും. കോൺഗ്രസിന്റെ തലപ്പത്തെ കൂട്ടക്കുഴപ്പം ജില്ലകളിലേക്ക് അധികം വ്യാപിച്ചിട്ടില്ലെന്ന് ആശ്വസിക്കാമെങ്കിലും ഉള്ളിൽ തിളച്ചുമറിഞ്ഞത് ഏതു നിമിഷവും പൊട്ടിത്തെറിയ്ക്കാവുന്ന സ്ഥിതിയിലാണ്. ഭാരവാഹി തിരഞ്ഞെടുപ്പിലാണ് ഏവരുടെയും ശ്രദ്ധ. കൊല്ലത്ത് പുതിയ ഡി.സി.സി പ്രസിഡന്റായി പി.രാജേന്ദ്രപ്രസാദ് ചുമതലയേറ്റ് അധിക നാളായില്ലെങ്കിലും അദ്ദേഹത്തിനെതിരെയും പടയൊരുക്കം അണിയറയിൽ ശക്തമാകുകയാണ്. കോൺഗ്രസിലെ ഭാരവാഹി തിരഞ്ഞെടുപ്പോടെ ഇത് പൊട്ടിത്തെറിയുടെ വക്കിലെത്തുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഒരു ഗ്രൂപ്പിലും പെടാത്ത രാജേന്ദ്ര പ്രസാദ് പ്രസിഡന്റായി അവരോധിക്കപ്പെട്ടത് തന്നെ വിവാദത്തിന്റെ അകമ്പടിയോടെയായിരുന്നു. അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കാൻ കഴിയാത്തതിനാൽ 75 കാരനായ അദ്ദേഹത്തിന്റെ പ്രായത്തിൽ പിടുത്തമിട്ടായിരുന്നു വിവാദങ്ങൾ. ആ വിവാദങ്ങളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം പ്രസിഡന്റായത്. കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനം മോഹിച്ചു നടന്ന പലരും ഇപ്പോൾ പതുങ്ങിയിരിക്കുന്നത് ഭാരവാഹി നിയമനം കൂടി നടക്കാനുള്ളതിനാലാണ്. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ നോമിനിയായാണ് രാജേന്ദ്രപ്രസാദ് അറിയപ്പെടുന്നതെന്നതിനാൽ കൊടിക്കുന്നിലിന്റെ നിർദ്ദേശപ്രകാരമാണ് രാജേന്ദ്രപ്രസാദ് ജില്ലയിലെ കാര്യങ്ങൾ നീക്കുന്നതെന്ന ആക്ഷേപമാണിപ്പോൾ എതിരാളികൾ ഉയർത്തുന്നത്. ജില്ലയിൽ മുതിർന്ന അനവധി നേതാക്കളുണ്ടെങ്കിലും കൊടിക്കുന്നിൽ സുരേഷുമായി പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജേന്ദ്രപ്രസാദിന്റെ അടിയ്ക്കടിയുള്ള കൊട്ടാരക്കര യാത്രയും ചിലർ ചർച്ചയാക്കുന്നു. കൊട്ടാരക്കരയിലാണ് കൊടിക്കുന്നിലിന്റെ എം.പി ഓഫീസ്.

സുധീരന്റെ രാജിയ്ക്ക് പിന്നിൽ

കൊല്ലം കണക്ഷനും

മുതിർന്ന നേതാവ് വി.എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എ.ഐ.സി.സി അംഗത്വവും രാജിവച്ചതിനു പിന്നിൽ ഒരു കൊല്ലം കണക്ഷൻ കൂടിയുണ്ടെന്നത് രഹസ്യമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സുധീരന് അന്നത്തെ കോൺഗ്രസ് നേതൃത്വത്തോട് തികഞ്ഞ അതൃപ്തിയായിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിയായിരുന്നു കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്. സുധീരൻ പറഞ്ഞ ഒരാളെപ്പോലും സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തയ്യാറായില്ല. കൊല്ലത്ത് സുധീരന്റെ ഏക അനുയായിയായ ഡി.സി.സി മുൻ വൈസ് പ്രസിഡന്റ് സൂരജ് രവിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിലും അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. താൻ പറയുന്ന കാര്യങ്ങൾക്ക് സംസ്ഥാന നേതൃത്വം വേണ്ടത്ര വില കല്പിക്കുന്നില്ലെന്ന വിഷമം സുധീരന് അന്നേ ഉടലെടുത്തതാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മത്സരിക്കാൻ സൂരജിന് സീറ്റ് നൽകിയത് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന സുധീരനാണ്. അന്ന് മുകേഷിനോട് തോറ്റ സൂരജിന് ഇക്കുറി വീണ്ടും സീറ്റ് നൽകിയിരുന്നെങ്കിൽ കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. പുതിയ നേതൃത്വത്തിൽ കെ.സുധാകരനും വി.ഡി സതീശനും വന്നപ്പോഴും തന്നെ അവഗണിക്കുന്നുവെന്ന തോന്നൽ സുധീരനെ സ്വാധീനിച്ചു. അതിന്റെ ഭാഗമായാണിപ്പോഴത്തെ രാജി. ഇനി വരാൻ പോകുന്ന ഭാരവാഹി തിരഞ്ഞെടുപ്പിലും തന്റെ അനുയായികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുകയില്ലെന്ന തോന്നലും രാജിയിലേക്ക് നയിച്ചതായി കരുതാം. ജംബോ ഭാരവാഹി പട്ടിക ഒഴിവാക്കി കെ.പി.സി.സി ഭാരവാഹികൾ വെറും 51 അംഗങ്ങളിലേക്ക് ചുരുങ്ങുമ്പോൾ 15 ജനറൽ സെക്രട്ടറിമാരാകും ഉണ്ടാകുക. ഒരു ജില്ലയ്ക്ക് കഷ്ടിച്ച് ഒരാൾക്ക് മാത്രം സാദ്ധ്യത. കൊല്ലത്ത് ഒരു കെ.പി.സി.സി ജനറൽ സെക്രട്ടറിയെ മാത്രം ലഭിക്കുമ്പോൾ ആ സ്ഥാനത്തേക്ക് തന്റെ നോമിനിയായി സൂരജ് രവിയെ ശുപാർശ ചെയ്യാൻ സുധീരൻ ശ്രമിച്ചേക്കാം. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ തന്റെ അഭിപ്രായത്തിന് വേണ്ടത്ര വിലകല്പിക്കാൻ സാദ്ധ്യതയില്ലെന്നത് മുൻകൂട്ടി കണ്ടാകാം അദ്ദേഹത്തിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

കരുനീക്കങ്ങളുമായി സ്ഥാനമോഹികൾ

കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ കൊല്ലത്ത് നിന്നുള്ള ഏക ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടന്നുകൂടാൻ നിരവധി പേരാണ് കച്ചമുറുക്കുന്നത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ജ്യോതികുമാർ ചാമക്കാല, എം.എം നസീർ, എ. ഷാനവാസ് ഖാൻ എന്നിവരെക്കൂടാതെ സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കും ഒരു നോട്ടമുണ്ട്. ബിന്ദുകൃഷ്ണയുടെ നീക്കത്തിന് തടയിടാൻ കോൺഗ്രസിലെ മറ്റു വനിതാ നേതാക്കൾ രംഗത്തിറങ്ങിയതായി സൂചനയുണ്ട്. ചുരുങ്ങിയ കാലത്തിനിടെ ബിന്ദുകൃഷ്ണയ്ക്ക് ലഭിച്ചതിന്റെ പകുതി പോലും സ്ഥാനമാനങ്ങൾ ലഭിക്കാത്തവരാണ് ഈ നീക്കത്തിനു പിന്നിൽ. രണ്ടു തവണ പാർലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിക്കാൻ സീറ്റ് ലഭിച്ച ബിന്ദുകൃഷ്ണ, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും എ.ഐ.സി.സി അംഗവുമായി. എറ്റവുമൊടുവിൽ കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനവും നൽകി. എന്നാൽ താൻ ഇനി ഒരു സ്ഥാനവും അങ്ങോട്ട് ആവശ്യപ്പെടില്ലെന്നാണ് ബിന്ദുകൃഷ്ണ പറയുന്നത്. സുധീരന് താത്പര്യമുള്ള സൂരജ് രവിയും ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പദം കിട്ടുമെന്ന പ്രതീക്ഷയിലാണ്. ആർ. ചന്ദ്രശേഖരൻ കെ.സുധാകരന്റെയും വി.ഡി സതീശന്റെയും ഉറ്റ അനുയായി ആയി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ഡി.സി.സി യുടെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ കെ.സുധാകരൻ മടങ്ങിപ്പോകും വരെ വിടാതെ ഒപ്പമുണ്ടായിരുന്നു ചന്ദ്രശേഖരൻ. ഒരാൾക്ക് ഒരു പദവി എന്ന നിബന്ധന പാലിച്ചാൽ ചന്ദ്രശേഖരന് അവസരം ലഭിച്ചേക്കില്ല. എന്നാൽ കെ.പി.സി.സി ഭാരവാഹിത്വത്തിനായി കഴിഞ്ഞ 10 വർഷമായി കയ്യിലിരിക്കുന്ന ഐ.എൻ.ടി.യു.സി പ്രസിഡന്റ് സ്ഥാനം പോലും ഉപേക്ഷിക്കാൻ ചന്ദ്രശേഖരൻ തയ്യാറായേക്കുമെന്നാണ് സൂചന. കാഷ്യു കോർപ്പറേഷൻ അഴിമതിക്കേസിൽ സി.ബി.ഐ പ്രതിപ്പട്ടികയിലുള്ള ചന്ദ്രശേഖരനെ കെ.പി.സി.സി ഭാരവാഹിയാക്കാനുള്ള നീക്കത്തിനെതിരെ കൊല്ലത്തെ കോൺഗ്രസിലെ ഒരു വിഭാഗം അണിയറ നീക്കം

തുടങ്ങിയിട്ടുണ്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ ഏത് നിമിഷവും വിചാരണ ആരംഭിക്കാമെന്നിരിക്കെ കളങ്കിത വ്യക്തിത്വങ്ങളെ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിൽ നിയമിക്കരുതെന്നാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY, CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.