SignIn
Kerala Kaumudi Online
Sunday, 06 October 2024 4.33 PM IST

വില്ലനായി ചുമ, അറിയാതെ ആരോഗ്യവകുപ്പ്

Increase Font Size Decrease Font Size Print Page
kk

കാലാവസ്ഥാ മാറ്റത്തോടൊപ്പം പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ വിട്ടുമാറാത്ത ചുമ വില്ലനാകുന്നു. നാട്ടിലിപ്പോൾ നാലുപേർ കൂടുന്നിടത്തെല്ലാം ചർച്ചാവിഷയം ചുമയെന്ന മാറാവ്യാധിയെക്കുറിച്ചാണ്. രണ്ടാഴ്ചയോ അതിലധികം കാലമോ നീണ്ടു നിൽക്കുന്ന ചുമയ്ക്ക് ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ കഴിച്ചിട്ടും വിട്ടുമാറാതെ ശല്യം ചെയ്യുമ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പോ മറ്റു ബന്ധപ്പെട്ടവരോ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല.

നെഞ്ചകം പിളർക്കും വിധം ചുമച്ച് ചുമച്ച് ദേഹം പോലും തളരുന്ന സ്ഥിതിയാണ് പല രോഗികൾക്കും. സാധാരണ ഗതിയിൽ ഒരാഴ്ച മരുന്ന് കഴിച്ചാൽ ഏത് ചുമയും മാറുമായിരുന്നു. എന്നാലിപ്പോൾ കഫ് സിറപ്പ് അടക്കം മരുന്നുകൾ കഴിച്ചിട്ടും ദീർഘകാലം ചുമ നീണ്ടുനിൽക്കുന്നതിന്റെ കാരണമെന്തെന്ന് ഡോക്ടർമാർക്ക് പോലും മനസ്സിലാകുന്നില്ല. തൊണ്ടയിലെ അസ്വസ്ഥത മൂലമുണ്ടാകുന്നതാണ് ഇപ്പോഴത്തെ ചുമ. ഇത് ക്രമേണ അണുബാധയായി മാറാനുള്ള സാദ്ധ്യതയും തള്ളാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചുമബാധിച്ചെത്തുന്നവർക്ക് ഒരാഴ്ചത്തേക്ക് മരുന്നെഴുതിയിരുന്ന ഡോക്ടർമാരിപ്പോൾ രണ്ടാഴ്ചയിലേക്കും അതിൽ കൂടുതൽ കാലത്തേക്കും മരുന്ന് കുറിച്ചു നൽകുകയാണ്. ഏതായാലും ആവശ്യത്തിലേറെ വില്പന നടക്കുന്നതിനാൽ മരുന്ന് കമ്പനികൾക്കിത് കൊയ്ത്തുകാലമാണ്. പണ്ടുകാലത്ത് കുട്ടികൾക്ക് ബാധിക്കുന്ന വില്ലൻചുമ നാട്ടിൽ വില്ലനായി വിലസിയിരുന്നു. വാക്സിനേഷൻ മൂലം വില്ലൻചുമയെ വേരോടെ പിഴുതെറിഞ്ഞതാണ്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണെങ്കിലും ഇപ്പോഴത്തെ ചുമ ഇടവിട്ട് വരുന്നതാണ്.

കാരണമെന്ത് ?

കൊവിഡ് കാലത്ത് പനിയോടൊപ്പം ചുമയും വില്ലനായിരുന്നു. കൊവിഡ്കാലം മാറി വ‌ർഷങ്ങൾക്ക് ശേഷം ഇപ്പോഴും കൊവിഡിന്റെ വകഭേദമായ പനി പലർക്കും പിടിപെടുന്നുണ്ടെങ്കിലും അത്ര അപകടകാരിയല്ല. മരുന്ന് കഴിച്ചാൽ ഏതാനും ദിവസത്തിനകം പനി മാറുമെങ്കിലും ചുമയാണ് വിട്ടുമാറാതെ നീണ്ടു നിൽക്കുന്നത്. സാധാരണ ചുമയ്ക്ക് ആന്റിബയോട്ടിക് ഉപയോഗിക്കാതെ തന്നെ ശമനമുണ്ടാകും. എന്നാലിപ്പോഴത്തെ ചുമയ്ക്ക് രണ്ടോ മൂന്നോ കോഴ്സ് ആന്റിബയോട്ടിക്ക് വരെ ഡോക്ടർമാർ കുറിച്ചു നൽകുന്നു.

കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള ചുമ, പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് നിയന്ത്രിത അളവിലേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഈയിടെ മുന്നറിയിപ്പ് നൽകിയിരുന്നു. പനി ഒരാഴ്ചവരെയും ചുമ മൂന്നാഴ്ച വരെയും നീണ്ടു നിൽക്കാം. രോഗലക്ഷണത്തിനനുസൃതമായി ചികിത്സയും മരുന്നും സ്വീകരിക്കുന്നതിനു പകരം അസിത്രോമൈസിൻ, അമോക്സിക്ളേവ് തുടങ്ങിയ ആന്റിബയോട്ടിക്കുകൾ രോഗികൾക്ക് നൽകുന്നതായി ഐ.എം.എ പറയുന്നു.

അമോക്സിസിലിൻ, നോർഫ്ളോക്സാസിൻ, ഓഫ്ളാക്സിൻ, ലെവോഫ്ളാക്സിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും രോഗികൾ കഴിക്കുന്നതായാണ് ഐ.എം.എയുടെ കണ്ടെത്തൽ. നേരിയ പനി, ജലദോഷം, ബ്രോങ്കൈറ്റിസിലെ നേരിയ അണുബാധ എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ കുറിച്ചുനൽകുന്നത്.

കൊവിഡിന്റെ അനന്തരഫലമാണോ, കാലാവസ്ഥയിലെ വ്യതിയാനമാണോ, അന്തരീക്ഷത്തിൽ ഏതെങ്കിലും അപകടകരമായ വാതകത്തിന്റെ സാന്നിദ്ധ്യമാണോ അതോ പുതിയ വകഭേദത്തിൽപ്പെട്ട ഏതെങ്കിലും വൈറസാണോ ചുമയുടെ കാരണമെന്ന് ആർക്കും നിശ്ചയമില്ല.

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ളാന്റിന് തീയിട്ടപ്പോൾ ആഴ്ചകളോളം നിന്ന് കത്തിയിരുന്നു. ഇവിടെ നിന്നുയർന്നു വ്യാപിച്ച വിഷപ്പുക സമീപജില്ലകളിലേക്കും വ്യാപിച്ചതിന്റെ അനന്തര ഫലമാണോ എന്നും സംശയിക്കുന്നുണ്ട്. അടുത്തകാലത്ത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ സ‌‌ർക്കാർ മരുന്ന് ഗോഡൗണുകളും തീകത്തി നശിച്ചിരുന്നു. അതിൽനിന്നുയർന്ന വിഷപ്പുകയും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടാകാം. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കണമെങ്കിൽ ഇതെക്കുറിച്ച് വിശദപഠനം നടത്തണം. മുൻവർഷങ്ങളിൽ ഇതേ കാലയളവിലുണ്ടായ സമാന രോഗങ്ങളുമായി താരതമ്യം ചെയ്യണം. ഇക്കാര്യങ്ങൾ പരിശോധിക്കാനും പഠനവിധേയമാക്കാനും നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്തുന്നില്ല.

എന്നാൽ കൊവിഡിന് ശേഷം ആരോഗ്യസംബന്ധിയായ യാതൊരു കണക്കുകളും പുറത്തുവിടാതെ നിയന്ത്രണം ഏ‌ർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ബ്രഹ്മപുരത്തെ വിഷപ്പുക അന്തരീക്ഷത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ഇതുവരെ യാതൊരു പഠനവും നടത്തിയിട്ടില്ല. അതിന് മുന്നിട്ടിറങ്ങേണ്ടതും ആരോഗ്യവകുപ്പാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽ ഇക്കാര്യം എത്തിക്കാൻ ആരും ധൈര്യപ്പെടാത്ത സ്ഥിതിയുമുണ്ട്. ആരോഗ്യരംഗത്ത് എല്ലാം ഭദ്രമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുമ്പോൾ അനിഷ്ടകരമായ ഇത്തരം സംഗതികൾ ചൂണ്ടിക്കാട്ടുന്നവ‌ർ പ്രതിക്കൂട്ടിലാകുമെന്ന ഭയമുണ്ടത്രെ. അതിനാൽ ആരും ഇതിന് മെനക്കെടില്ലെന്നാണ് ആരോഗ്യവകുപ്പിലെ ഡോക്ടർമാർ തന്നെ പറയുന്നത്.

ഡെങ്കി, ചെള്ള്

പനി വ്യാപകം

സംസ്ഥാനത്തിപ്പോൾ ഡെങ്കി, ചെള്ള് പനികൾ വ്യാപകമാണ്. ഇത്തരം പനികൾ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വ‌ർദ്ധനയാണുള്ളത്. കൊതുകുകൾ പരത്തുന്ന രോഗമാണിത്. കൊവിഡിനു ശേഷം ജനങ്ങൾ വ്യാപകമായി മാസ്ക്ക് ധരിച്ചിരുന്നതിനാൽ പകർച്ചവ്യാധികൾ നല്ലതോതിൽ കുറഞ്ഞിരുന്നതാണ്. എന്നാൽ മാസ്ക്ക് ധരിക്കുന്നത് പൂർണമായും ഒഴിവാക്കിയതോടെയാണ് വീണ്ടും പകർച്ചവ്യാധികൾ വ്യാപകമാകുന്നതെന്നാണ് ‌ആരോഗ്യപ്രവർത്തകർ പറയുന്നത്.

കാലാവസ്ഥയിൽ വന്ന മാറ്റവും കൊതുക് നശീകരണം കാര്യക്ഷമമല്ലാത്തതും രോഗം വ്യാപിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്മൂലം ആരോഗ്യവകുപ്പിൽ ഇത്തരം കാര്യങ്ങൾ തീരെ മന്ദഗതിയിലാണിപ്പോൾ നടക്കുന്നത്. മരുന്നുകൾക്കും വിവിധയിനം വാക്സിനുകൾക്കും ക്ഷാമം നേരിടുന്നുണ്ട്.

ആരോഗ്യവകുപ്പിന്

വാഹനങ്ങളില്ല

പകർച്ചവ്യാധികൾ പകരുന്നോ എന്നറിയാനും കാര്യങ്ങൾ നേരിട്ടുകണ്ട് വിലയിരുത്താനും സാമ്പിളുകൾ ശേഖരിക്കാനും ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ ഇല്ലെന്നത് ആരെയും ഞെട്ടിക്കുന്നതാണ്. ‌ഉപയോഗത്തിലിരുന്ന 15 വർഷത്തിലേറെ പഴക്കമുള്ള 850 വാഹനങ്ങൾ ഈയിടെ ഒറ്റയടിക്ക് കണ്ടംചെയ്തപ്പോൾ പകരം വാഹനങ്ങൾ നൽകാത്തതിനാൽ പ്രവർത്തനങ്ങളെല്ലാം താറുമാറായിരിക്കുകയാണെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ 12 വാഹനങ്ങൾ വരെയുണ്ടായിരുന്നു. 850 ഓളം വാഹനങ്ങൾ ഒന്നിച്ച് കണ്ടം ചെയ്തതോടെ പല ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഇപ്പോൾ ഒന്നോ രണ്ടോ വാഹനം മാത്രമാണുള്ളത്. ഇതും 15 വർഷത്തെ പഴക്കമുള്ള മുതുമുത്തശ്ശി വാഹനങ്ങളാണ്. ഈ വാഹനമാണ് ഡി.എം.ഒ അടക്കമുള്ള ആരോഗ്യപ്രവർത്തകൾക്കെല്ലാമായി ഉപയോഗത്തിനുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങിയ കാലമേ മറന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FEVER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.