തിരുവനന്തപുരം: ആർ.എസ്.എസ് കൂടിക്കാഴ്ച്ചയുടെ പേരിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന് സി.പി. ഐ ദേശീയനിർവ്വാഹക സമിതിയംഗം പ്രകാശ് ബാബു പാർട്ടി മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതിൽ നിർവ്വാഹക സമിതി യോഗത്തിൽ ഭിന്നത. മുന്നണി മര്യാദ പാലിക്കാത്ത പരസ്യപ്രതികരണം പാടില്ലെന്നും പാർട്ടി നിലപാട് പാർട്ടി സെക്രട്ടറിയാണ് വിശദീകരിക്കേണ്ടെതെന്നും എല്ലാവരും വക്താക്കളാകേണ്ടെന്നും യോഗത്തിൽ ബിനോയ് വിശ്വം വ്യക്തമാക്കി.
എന്നാൽ സെക്രട്ടറിയുടെ നിലപാടുകളെ ശക്തിപ്പെടുത്തുന്ന സമീപനമാണ് തന്റേതെന്നും ലേഖനത്തിന്റെ കാര്യം സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നെന്നും പ്രകാശ്ബാബു വിശദീകരിച്ചു. പ്രകാശ് ബാബുവിന് പുറമേ പൂരം കലക്കൽ വിഷയത്തിൽ തൃശൂരിലെ സ്ഥാനാർത്ഥിയായിരുന്ന വി.എസ് സുനിൽകുമാറും പരസ്യമായി പ്രതികരിച്ചിരുന്നു.
എ.ഡി.ജി.പിയുടെ കാര്യത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ മറുപടി പാർട്ടി അംഗീകരിച്ചിരുന്നു. അതിന് ശേഷം പാർട്ടിപത്രത്തിൽ ലേഖനം വന്നതിലാണ് ബിനോയ് വിശ്വം
അതൃപ്തി പ്രകടിപ്പിച്ചത്
ഭിന്നത നിയമസഭയിൽ വേണ്ട
മുഖ്യമന്ത്രിയുമായുള്ള ഭിന്നത നിയമസഭാ സമ്മേളനത്തിൽ പ്രതിഫലിക്കരുതെന്നും എൽ.ഡി.എഫിന്റെ പൊതു നിലപാടിനൊപ്പം പാർട്ടി അംഗങ്ങൾ നിൽക്കണമെന്നും സി.പി.ഐ പാർലമെന്ററി പാർട്ടി യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. എ.ഡി.ജി.പിയെ മാറ്റുന്നതിൽ സി.പി.ഐയുടെ പരസ്യ നിലപാടിനൊപ്പം മുഖ്യമന്ത്രിയും എത്തുമെന്ന് കരുതണം. അതിനാൽ അംഗങ്ങൾ മുന്നണി നിലപാടിൽ ഉറച്ചു നിൽക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |