പടയണിയെ ലോക പ്രശസ്തമാക്കിയ ഒരു പ്രതിഭയുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. കടമ്മനിട്ട രാമകൃഷ്ണനായിരുന്നു ആ ജനകീയ കവി. ആറൻമുള മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. സാമൂഹിക തിൻമകൾക്കെതിരെ അകം പൊള്ളിക്കുന്ന കവിതകളെഴുതിയ രാമകൃഷ്ണൻ കേരളത്തിന്റെ നാടോടി സംസ്കാരത്തെയും നാടൻ കലാരൂപങ്ങളെയും ജനപ്രിയമാക്കി. പ്രാചീന ഗോത്രകലയായ കടമ്മനിട്ട പടയണിയെ പുതുതലമുറകളിലേക്കു പകരാൻ കടമ്മനിട്ട ഭഗവതിക്ക് പുതുമയാർന്ന സ്തുതികളുമെഴുതി. കടമ്മനിട്ട പടയണി ഇന്ന് ലോകമറിയുമ്പോൾ കടമ്മനിട്ട രാമകൃഷ്ണനെ സ്മരിക്കേണ്ടതുണ്ട്. കവിയും സാഹിത്യകാരനുമായ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഫൗണ്ടേഷൻ രൂപീകരിച്ച് എല്ലാ വർഷവും പ്രമുഖർക്ക് പുരസ്കാരങ്ങൾ നൽകി വരുന്നു.
പടയണിയുടെ പ്രചാരത്തിനും ഗവേഷണത്തിനുമായി പടയണി ഗ്രാമം എന്ന വലിയ പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചു. നാല് ഘട്ടങ്ങളായി നിർമ്മിക്കാൻ വിഭാവനം ചെയ്ത പദ്ധതിക്ക് തറക്കല്ലിട്ടത് 2009ൽ അന്നത്തെ ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു. കടമ്മനിട്ട ക്ഷേത്രത്തിന് സമീപത്തായി നാല് ഏക്കർ വസ്തൃതിയിലാണ് പടയണി ഗ്രാമം രൂപകൽപ്പന ചെയ്തത്. മുഖ്യ കവാടത്തിൽ അലങ്കാര ഗോപുരം, പടയണി മ്യൂസിയം, ഗവേഷണ വിഭാഗം, പടയണിക്കളരി, ഗസ്റ്റുകൾക്ക് താമസിക്കാൻ പ്രകൃതിദത്തമായ ഹട്ടുകൾ തുടങ്ങിയവയായിരുന്നു പദ്ധതി. ഏകദേശം ആറ് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിയെ പ്രദേശവാസികൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
ഇഴഞ്ഞിഴഞ്ഞ് ഒന്നര പതിറ്റാണ്ട്
കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടന പരിപാടിക്കു ശേഷം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടു പോയില്ല. ഇഴഞ്ഞിഴഞ്ഞ് മൂന്ന് ഘട്ടം പൂർത്തിയായപ്പോൾ വർഷം പതിനാറ് കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പദ്ധതിയിൽ മൂന്നു ഘട്ടങ്ങളിലായി രണ്ട് കോടിയോളം ചെലവാക്കി. പക്ഷെ, പദ്ധതി പ്രദേശത്ത് എത്തുന്നവർക്ക് അവിടം സംരക്ഷണമില്ലാതെ നശിക്കുന്നതാണ് കാണാനാവുക. തുടക്കം മുതൽ പിഴവുകളും അനാസ്ഥകളുമാണ്. ആറൻമുള പുരാവസ്തു ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പദ്ധതി സംസ്ഥാന സർക്കാർ അംഗീകരിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കേന്ദ്രം അടിയന്തര പരിഗണനയിൽ ഒന്നേകാൽ കോടി അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ എഴുപത്തിയൊൻപത് ലക്ഷവും കൂടി വിനിയോഗിച്ചു. ഇതിനിടെ, കേന്ദ്ര സർക്കാർ അംഗീകരിച്ച പദ്ധതിയിൽ സംസ്ഥാനം മാറ്റം വരുത്തി. വീണ്ടും കേന്ദ്രത്തിന് സമർപ്പിച്ച് അംഗീകാരം നേടാതെയാണ് കേന്ദ്ര ഫണ്ട് വിനിയോഗിച്ചത്.
നിർമാണ പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ച് കേന്ദ്ര ടൂറിസം വകുപ്പ് അധികൃതർ കണ്ടത് കാടുപിടിച്ച് സാമൂഹ്യ വിരുദ്ധ കേന്ദ്രമായി മാറിയ പടയണി ഗ്രാമമാണ്. പദ്ധതിയിൽ തങ്ങളുടെ അനുവാദമില്ലാതെ മാറ്റം വരുത്തിയതിൽ കേന്ദ്ര സംഘം അതൃപ്തി പ്രകടിപ്പിച്ചു. എങ്കിലും പദ്ധതി തുടരാൻ അവർ അനുവാദം നൽകി. നാലാം ഘട്ടത്തിന് നാല് കോടി രൂപയാണ് കേന്ദ്രം തരേണ്ടത്. അവർ അതിന് ഉപാധികൾ വച്ചു. ആദ്യം പദ്ധതി പ്രദേശത്തെ നിലവിലുള്ള നിർമ്മാണം സംരക്ഷിക്കണം. പ്രദേശത്തെ കാടു നീക്കണം. ഗസ്റ്റ് ഹൗസിന്റെയും മ്യൂസിയത്തിന്റെയും ഓഫീസിന്റെയും മേൽക്കൂര പൊളിഞ്ഞത് നന്നാക്കണം. തറയിലെ പൊട്ടിയ ടൈലുകൾ മാറ്റിയിടണം. എല്ലാം ശരിയാക്കി റിപ്പോർട്ട് സമർപ്പിച്ചാൽ അടുത്ത ഘട്ടത്തിലേക്കുള്ള പണം അനുവദിക്കും. നാലാം ഘട്ടത്തിൽ പടയണി റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ സെന്റർ, ഓപ്പൺ എയർ തീയറ്റർ, ഡോർമെറ്ററികൾ, ലാൻഡ് സ്കേപ്പിംഗ്, സംരക്ഷണ മതിൽ എന്നിവയാണ് നിർമ്മിക്കേണ്ടത്. ഇതിനായി കേന്ദ്രഫണ്ട് ലഭ്യമാക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് കടമ്മനിട്ട പടയണി ഗ്രാമം ഏകോപനസമിതി സംസ്ഥാന ടൂറിസം വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
ഈഗോ കലയോട് വേണ്ട
മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന അനുഷ്ഠാന കലയായ പടയണിയെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് ശ്രമിക്കണം. പദ്ധതി പ്രദേശത്ത് നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ അട്ടിമറി ശ്രമങ്ങളുണ്ടായിട്ടുണ്ട്. മണ്ണിട്ട് പ്രദേശം നികത്തുന്നതിനെതിരെ റവന്യു, ജിയോളജി വകുപ്പ് അധികൃതരെക്കൊണ്ട് ഉടക്കുവച്ചു. പടയണി പ്രേമികളായ നാട്ടുകാരുടെ ഇടപെടലിലൂടെ അത് തരണം ചെയ്തു നിർമ്മാണങ്ങൾ മുന്നോട്ടു കൊണ്ടാപോയി. പദ്ധതിയുടെ രാഷ്ട്രീയ നേട്ടം ആർക്കെന്നതാണ് അടിസ്ഥാന പ്രശ്നം. കേന്ദ്ര ഫണ്ട് കൂടുതൽ അനുവദിക്കുന്നതുകൊണ്ട് കേന്ദ്രത്തിന്റെ നേട്ടമാക്കി മാറ്റാമെന്ന് ഒരു കൂട്ടർ ചിന്തിച്ചുവെന്ന് ആക്ഷേപമുയർന്നു.
പുരോഗമന വാദിയായിരുന്ന കവി കടമ്മനിട്ടയുടെ മണ്ണ് അതിനു വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടുമായി എതിർപക്ഷം രൂപംകൊണ്ടു. രാഷ്ട്രീയ ഈഗോകൾ പടയണി ഗ്രാമത്തിന് മേൽ കരിയെഴുത്ത് നടത്തി. കോലങ്ങളും വെളിച്ചപ്പാടകളുമായി അവർ ഉറഞ്ഞാടിയപ്പോൾ നഷ്ടമായത് ഒന്നര പതിറ്റാണ്ടു കാലമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് പരിഹരിക്കാവുന്ന പാളിച്ചകളെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്നത് പടയണി കലയുടെ സംരക്ഷകരല്ല. പടയണികല മാത്രമല്ല. നാടിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ഐതീഹ്യങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണ്. പ്രകൃതിയും കലയുമാണ് അവിടെ ഇഴ ചേരുന്നത്. പടയണി ഗ്രാമം കടമ്മനിട്ടക്കാർക്കു വേണ്ടി മാത്രമല്ല. മറ്റു ദേശങ്ങളിലും പടയണി പല രൂപത്തിലുണ്ട്. അവയെല്ലാം പഠിക്കാനും ഗവേഷണം ചെയ്യാനും പൊതു ഇടമായി വേണമെങ്കിൽ പടയണി ഗ്രാമത്തെ ഉപയോഗിക്കാം. അതിന് കൈകോർക്കേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |