SignIn
Kerala Kaumudi Online
Saturday, 02 August 2025 1.41 AM IST

ചന്ദ്രശേഖരന്റെ കേസും പ്രതിപക്ഷ മനസ്സും

Increase Font Size Decrease Font Size Print Page
kerala-niyamasabha

ചന്ദ്രശേഖരനോടുള്ള അനുതാപമോ അതോ 'അനുപാതക"മോ എന്നറിയില്ല. മുൻമന്ത്രിയായ സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരന് ഐക്യദാർഢ്യമർപ്പിക്കാൻ പ്രതിപക്ഷനിരയിൽ ആളുകൾ മത്സരിച്ചു. അദ്ദേഹം 2016ൽ ആർ.എസ്.എസുകാരാൽ ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളായ സി.പി.എമ്മുകാർ കൂറുമാറിയതിൽ പിടിച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തൊട്ട് എൻ.എ. നെല്ലിക്കുന്ന് വരെയുള്ളവർ ചന്ദ്രശേഖരനോട് അനുതാപപ്രകടനങ്ങൾ സഭയ്ക്കകത്ത് നടത്തിയത്. അത് സി.പി.എമ്മിന്റെ ആർ.എസ്.എസ് സ്നേഹത്തിന് പ്രതിപക്ഷത്തിന്റെ കൈയിലുള്ള ശക്തമായ തെളിവാണ്. ഭരണപക്ഷനിരയിൽ സി.പി.എമ്മുകാരോ സി.പി.ഐക്കാരോ അതിൽ കയറിപ്പിടിച്ചില്ല. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിച്ച ഇ. ചന്ദ്രശേഖരനും പ്രതിപക്ഷം തിരിച്ചുവച്ച വഴിയിലേക്ക് നോക്കാതിരിക്കാൻ മെയ്‌വഴക്കം കാട്ടി.

ആർ.എസ്.എസിന് വേണ്ടി ചന്ദ്രശേഖരനെതിരെ മൊഴി കൊടുക്കാൻ മടിയില്ലാത്തവരാണ് അപ്പുറത്തിരിക്കുന്നവരെന്നാണ് എ.സി. മൊയ്തീൻ അവതരിപ്പിച്ച നന്ദിപ്രമേയ ചർച്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. ഇ. ചന്ദ്രശേഖരൻ ആർ.എസ്.എസ് ആക്രമണത്താലൊടിഞ്ഞ കൈയുമായി 2016ൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു എൻ.എ. നെല്ലിക്കുന്നിന്റെ ഐക്യദാർഢ്യപ്രകടനം.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച രണ്ട് ദിവസമാക്കി ചുരുക്കിയതിനാൽ മൂന്ന് മണിക്കൂറിന് പകരം ദിവസം നാല് മണിക്കൂറാണ് ചർച്ച.

കെ.എം. മാണി മിച്ച ബഡ്ജറ്റവതരിപ്പിച്ചപ്പോൾ കമ്മിയെന്ന് അപഹസിച്ചവർ കോൺഗ്രസുകാരായിരുന്നുവെന്ന് മാണിഗ്രൂപ്പുകാരനായ ജോബ് മൈക്കിൾ ആരോപിച്ചു. ബാർകോഴക്കേസിൽ അദ്ദേഹത്തെ സഭയിൽ ബഡ്ജറ്റവതരിപ്പിക്കാൻ സമ്മതിക്കാത്ത ഹൃദയവേദന വരുത്തിവച്ചവർക്കൊപ്പമല്ലേ ജോബ് മൈക്കിളിരിക്കുന്നത് എന്ന് മോൻസ് ജോസഫ് തിരിച്ചടിച്ചു.

ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ എ.കെ. ആന്റണിയുടെ മകൻ പ്രതികരിച്ചതോടെ ആർ.എസ്.എസിന്റെ മുദ്രാവാക്യങ്ങളോട് പ്രതിപക്ഷത്തിന് യോജിപ്പാണെന്ന് എ.സി.മൊയ്തീൻ ചിന്തിച്ചു. നല്ല തേന്മാവിന്റെ ചുവട്ടിലും പാഴ്ചെടികൾ വളരുമെന്നതിനാൽ പുത്രന്മാരുടെ ചെയ്തിക്ക് പിതാവിനെ കുറ്റപ്പെടുത്തരുതെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ആര്യാരാജേന്ദ്രന് ആനാവൂർനാഗപ്പൻ അയച്ച കത്തുകൾ കൂടി ഉൾപ്പെടുത്തുമോയെന്ന് എം.വിൻസന്റിന് പേടിയുണ്ടായി.

ലോകം കേരളത്തെ നോക്കുമ്പോൾ കേരളത്തിന്റെ ദോഷം പരതുന്ന പ്രതിപക്ഷത്തെയോർത്ത് പരിതപിച്ചത് ടി.ഐ. മധുസൂദനനാണ്. നരേന്ദ്രമോദിക്കെതിരെ അസേർട്ട് ചെയ്തൊരു കാര്യം നയപ്രഖ്യാപനത്തിൽ പറയാനുള്ള ആർജ്ജവം ഈ സർക്കാരിനുണ്ടാവാതെ പോയതിൽ മാത്യു കുഴൽനാടൻ ഹതാശനായി. മോദിയെ തൊട്ടുതലോടുകയല്ല ചെയ്തതെന്ന് സമർത്ഥിക്കാൻ നയപ്രഖ്യാപനത്തിൽ നിന്ന് പത്ത് ഉദാഹരണങ്ങൾ പി.പി. ചിത്തരഞ്ജൻ ചികഞ്ഞെടുത്തു.

സാദാ എം.എൽ.എമാരിൽ നിന്ന് ഇ-എം.എൽ.എ പദവിയിലേക്ക് പൂർണമായും സാമാജികർ മാറുകയാണ്. സീറ്റിലെത്തി കംപ്യൂട്ടർ ലോഗിൻ ചെയ്താലേ ഹാജർ ഉറപ്പാകൂ. ഇ-സിഗ്നേച്ചറിംഗ് എന്ന് പേര്. ടെക്‌സാവിയാവാത്തവർക്ക് ഒരുകൈ സഹായം സഭയ്ക്കകത്തുണ്ട്.

TAGS: KERALA NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.