
കേരള ഹൈക്കോടതി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിക്ക് അർഹമായ വാർത്താ പ്രാധാന്യം ലഭിക്കാതെ പോയി; അതുകൊണ്ടുതന്നെ അധികം ശ്രദ്ധിക്കപ്പെടാതെയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റേതായിരുന്നു വിധി. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വിധി പറയവേയാണ് ആശങ്കയുയർത്തുന്ന ചില വസ്തുതകളിലേക്കു കൂടി കോടതി വിരൽചൂണ്ടിയത്. അതിപ്രധാനവും, എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതുമായ വിഷയമാണ് വിധിയിലൂടെ അവതരിപ്പിക്കപ്പെട്ടത്.
ആരോഗ്യത്തിന് അനിവാര്യം എന്ന കാരണത്താൽ എല്ലാ കാലത്തും കാൽനടയാത്ര പരക്കെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കുന്നതിന് ആരോഗ്യ വിദഗ്ദ്ധർ പൊതുവെ ശുപാർശ ചെയ്യുന്നത് ദിവസേനയുള്ള കാൽനട യാത്രയാണല്ലോ. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മാത്രമല്ല, ഹൃദ്രോഗത്തിനും കാൽനടയാത്ര പ്രതിവിധിയാണത്രേ. പക്ഷെ, സർവരോഗ സംഹാരിയായി വിശേഷിപ്പിക്കപ്പെടുന്ന കാൽനടയാത്ര അപകടകരമാണെന്ന് സൂചിപ്പിക്കുന്നതാണ് കോടതി വെളിപ്പെടുത്തിയ ചില കണക്കുകൾ! അങ്ങനെയെങ്കിൽ അനാശാസ്യമായി മാറുന്നോ, മാറിയ സാഹചര്യത്തിൽ കാൽനടയായുള്ള പ്രഭാത, സായാഹ്ന സവാരികൾ എന്ന മൗലികമായ ചോദ്യവും സ്വാഭാവികമായി ഉയരുന്നു.
ഈ വർഷം ഒക്ടോബർ വരെ കേരളത്തിൽ 218 കാൽനടക്കാർ തെരുവിൽ മരിച്ചുവീഴാനിടയായ ഗുരുതരമായ സാഹചര്യത്തിലേക്കാണ്, മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കണക്കുകൾ ഉദ്ധരിച്ച് ഹൈക്കോടതി ശ്രദ്ധക്ഷണിക്കുന്നത്. "അത്യന്തം ഞെട്ടിക്കുന്നതും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതും" എന്നാണ് ബഹുമാനപ്പെട്ട കോടതി ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. പൊതു നിരത്തുകളിൽ കാൽനടക്കാർക്ക് സുരക്ഷിതമായി പാത മുറിച്ചുകടക്കുന്നതിനുള്ള 'സീബ്രാ ക്രോസിംഗു'കളിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണമാണിത്. മറ്റു റോഡപപകടങ്ങളിലെ ഇരകളുടെ എണ്ണം ഇതിലും എത്രയോ ഏറെയാണ്.
ഗുരുതരമായ ഈ സാഹചര്യം ഒഴിവാക്കുന്നതിനും അപകട മരണസംഖ്യ കുറയ്ക്കുന്നതിനും വ്യക്തമായ നിർദ്ദേശങ്ങൾ ഹൈക്കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. അവ പാലിക്കാത്തവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയും കോടതി ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്, റോഡപകടങ്ങൾ സംബന്ധിച്ച് രണ്ടുദിവസം മുമ്പ് ലോക്‌സഭയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ വിവരങ്ങൾ. കഴിഞ്ഞ വർഷം മാത്രം, രാജ്യത്താകമാനം നടന്ന റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ ഒന്നേ മുക്കാൽ ലക്ഷത്തിലേറെ! ഓരോ വർഷം പിന്നിടുമ്പോഴും റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.
'സ്മാർട്ട് സിറ്റി' തുടങ്ങിയ വികസന പദ്ധതികൾ അതിവേഗം ബഹുദൂരം നടപ്പിലാക്കുന്നതിന്റെ ഫലമായി ഇതര സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും പ്രധാന വീഥികൾ മോടിപിടിപ്പിക്കുന്നുണ്ട്. അതിന്റെ പിതൃത്വത്തെ ചൊല്ലി തർക്കമുണ്ടെങ്കിലും അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പണ്ട് ചൈനയിലെ ഡെങ് സിയാവോ പിങ് പറഞ്ഞതുപോലെ, "പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി"യല്ലോ! അതായത്, പാതകൾ പുതുക്കിപ്പണിയുന്നതിന്റെ പിതൃത്വം കേന്ദ്ര സർക്കാരിനോ കേരള സർക്കാരിനോ ആവട്ടെ, പൊതുജനത്തിന് റോഡുകൾ സഞ്ചാരയോഗ്യമായാൽ മതിയെന്ന്.
അടുത്ത കാലത്തായി സാധാരണക്കാരിൽ ഉയരുന്ന ഒരു സംശയത്തിനു കൂടിയാണ് കേരള ഹൈക്കോടതി കഴിഞ്ഞ ആഴ്ചയിലെ, ഇവിടെ ഉദ്ധരിച്ച ഉത്തരവിലൂടെ മറുപടി നൽകുന്നത്. നമ്മുടെ നഗരവീഥികൾ വാഹനങ്ങൾക്ക് കടന്നുപോകാൻ വേണ്ടി മാത്രമുള്ളതോ, അതോ അവ കാൽനട യാത്രികർക്കു കൂടിയുള്ളതോ എന്നതാണ് ആ സംശയം. കാൽനടക്കാർക്കു വേണ്ടി പ്രധാന റോഡുകളിൽ, ഇരുവശത്തും നടപ്പാതകൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട് എന്നത് അവഗണിച്ചു കൊണ്ടല്ല ഈ സംശയം. പക്ഷെ ഇടത്തരം റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ, അവ കാൽനടക്കാർക്കു വേണ്ടിയല്ലെന്ന് പലപ്പോഴും തോന്നിപ്പോകും!
കാൽനടയായുള്ള പ്രഭാത, സായാഹ്ന സവാരികൾ അപകടരഹിതമാക്കാൻ പലരും പാർക്കുകളിലാണ് അഭയം പ്രാപിക്കുന്നത്. പുതിയ വാഹനങ്ങളുടെ വേഗത കൂടുതലാണെന്നതും, അടുത്തെത്തുന്നതു വരെ ശബ്ദമില്ലാതെയാവും വരവ് എന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. രാവിലെ നടക്കാനിറങ്ങി രക്തസാക്ഷിത്വം വരിച്ചവരിൽ ചില പ്രമുഖരുമുണ്ട്. നിയമസഭാ മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണൻ പ്രഭാത സവാരിക്കിടയിൽ വാഹനമിടിച്ച് മരിക്കുകയായിരുന്നു. വിഖ്യാത പത്രാധിപർ ചലപതി റാവു രാവിലെ നടപ്പിനിടയിൽ ഒരു വാഹനം തട്ടിയെങ്കിലും വലിയ കുഴപ്പമൊന്നും ഇല്ലെന്നുകരുതി വഴിയരികിലെ 'ധാബ'യിൽ ചായ കുടിച്ചിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കാൽനട രക്തസാക്ഷികളുടെ പട്ടികയ്ക്ക് ഇനിയുമുണ്ട് നീളം.
കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള 'സീബ്രാ ക്രോസിംഗു"കളിലെ അപകടമരണങ്ങളാണല്ലോ ഹൈക്കോടതി വിധിയിൽ വെളിപ്പെടുത്തുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിൽ അമ്പതുകൾ മുതലുള്ള ഈ സംവിധാനം നമ്മുടെ നാട്ടിൽ വളരെ വൈകിയാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സുഗമമായും സുരക്ഷിതമായും നടന്നു നീങ്ങാനുള്ള, വരയൻ കുതിരകളുടേതു (സീബ്ര) പോലുള്ള ഈ വരകൾ നമ്മുടെ നാട്ടിൽ ഫലത്തിൽ ജലരേഖകളായി അധഃപതിക്കുന്നതിന് എതിരെയാണ് കോടതി വിധി.
'സീബ്രാ ക്രോസിംഗ്' സംബന്ധിച്ചുള്ള നിയമങ്ങൾ അനുസരിക്കാതെ, കാൽനടക്കാരെ തൃണവൽഗണിച്ച് വാഹനമോടിച്ചു പോകുന്നവർക്കെതിരെ നടപടിയൊന്നും അധികൃതർ സ്വീകരിക്കാറില്ല, ഇവിടെ. വാഹനങ്ങളുടെ നിര തീരുംവരെ കാത്തുനിൽക്കാൻ കാൽനടക്കാർ നിർബന്ധിതരാവുന്നു. കാൽനടക്കാർക്കാണ് 'സീബ്രാ ക്രോസിംഗി"ൽ പ്രഥമ പരിഗണന എന്നത് അടിവരയിട്ട് പ്രഖ്യാപിച്ചിരിക്കുന്നു, കേരള ഹൈക്കോടതി. അതായത്, അവർ കടന്നുപോയ ശേഷം മാത്രമേ വാഹനങ്ങൾ മുന്നോട്ടു പോകാവൂ എന്ന നിയമം കർശനമായി നടപ്പിലാക്കണം എന്നാണ് കോടതി ഉത്തരവ്. പുതിയൊരു ഡ്രൈവിംഗ് സംസ്കാരത്തിന്റെ ആവശ്യത്തിനും ഹൈക്കോടതി അടിവരയിടുന്നു. റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞുവച്ചതു പോലെ, "ഇനിയും ഏറെ മൈലുകൾ നടന്നു നീങ്ങാനുണ്ട്, ഉറക്കമാവും മുമ്പേ."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |