
വിശാലമായ വീട്, എ.സി കിടപ്പുമുറികൾ, പഠന മുറി, കളിസ്ഥലങ്ങൾ, വിനോദോപാധികൾ, ഇഷ്ടഭക്ഷണം.... കേരളത്തിൽ അശരണരായ പെൺകുട്ടികൾക്ക് അഭയം നൽകുന്ന ഒരു സർക്കാർ അംഗീകൃത സ്വകാര്യ ഗേൾസ് ഹോമിലെ സൗകര്യങ്ങളാണിത്. പ്രതിഫലേച്ഛയില്ലാതെ നന്മ പ്രവർത്തിക്കണമെന്ന ഒരു മനുഷ്യസ്നേഹിയുടെ സ്വപ്നവും, ആ സ്വപ്നത്തിന് കുടപിടിക്കുന്ന ഒരുപറ്റം ആളുകളും ചേർന്ന് രൂപീകരിച്ച ദിശ ചാരിറ്റബിൾ സൊസൈറ്റി കൂട്ടായ്മയുടെ ഫലമാണ് ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന ദിശ കാരുണ്യകേന്ദ്രം ഗേൾസ് ഹോം. മറ്റു കാരുണ്യ കേന്ദ്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ദിശയിലെ കാഴ്ചകൾ. സ്വന്തമായി അടച്ചുറപ്പുള്ള വീട് പോലുമില്ലാത്തെ പാവം പെൺകുട്ടികൾ ഇവിടെ എയർ കണ്ടീഷൻ സൗകര്യത്തോടെയാണ് ഉറങ്ങുന്നത്. കുട്ടികൾക്ക് ആഗ്രഹമുള്ളത്രയും പഠിക്കാം. സകല ചെലവുകളും ദിശ വഹിക്കുന്നു. ഓരോ പെൺകുട്ടിയെയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുന്നു. അവരെ ഉചിതരായ പങ്കാളികളെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നു. സ്വന്തം കുടുംബത്തെ പോലെ വിവാഹം ചെയ്തുവിട്ട ഓരോ കുട്ടികളുടെയും ക്ഷേമം തിരക്കുന്നു. അവരുടെ പ്രസവരക്ഷാചടങ്ങുകൾ, ചികിത്സ തുടങ്ങിയവയും ചെയ്തുകൊടുക്കുന്നു. ദിശയിൽ എത്തുന്ന ഓരോ പെൺകുട്ടികൾക്കും മറക്കാനാഗ്രഹിച്ചിട്ടും സാധിക്കാത്ത ഇരുണ്ട പൂർവകാല അനുഭവങ്ങളുടെ വേട്ടയാടലുകളുണ്ട്. പക്ഷേ, ഇവിടെ നിന്ന് പടിയിറങ്ങുന്ന ഭൂരിപക്ഷത്തിനും ഒപ്പം കൂട്ടാനുള്ളത് മികച്ച സൗകര്യങ്ങളുടെയും പരിചരണത്തിന്റെയും നല്ല ഓർമ്മകൾ മാത്രം. നാലാം ക്ലാസുകാരി മുതൽ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി വരെയുള്ള ഇരുപത് പെൺകുട്ടികളാണ് നിലവിൽ ദിശയിൽ താമസിച്ച് പഠിക്കുന്നത്. എല്ലാവരും വിവിധ ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ ശുപാർശ ചെയ്ത കുട്ടികളാണ്.
ദിശ തെളിഞ്ഞ വഴി
കോതമംഗലം പീഡനക്കേസ് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന കാലം. ഇര നേരിടുന്ന അരക്ഷിതാവസ്ഥ അവസാനിക്കുന്നില്ലെന്ന തിരിച്ചറിവ് ആലപ്പുഴ അരുക്കുറ്റിയിലെ വ്യവസായിയായ ഒരു മനുഷ്യസ്നേഹിയുടെ ഉള്ളുലച്ചു. തന്നാലാവും വിധം പെൺകുട്ടികൾക്കും സ്ത്രീകൾക്കും അഭയം നൽകണമെന്ന് മനസ്സിലുറപ്പിച്ചു. ആശയം സുഹൃത്തുക്കളുമായി പങ്കുവച്ചതോടെ ദിശ ചാരിറ്റബിൾ സൊസൈറ്റിക്ക് പിറവിയായി. കാരുണ്യ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വന്നപ്പോഴേക്കും, കോതമംഗലം കേസിലെ ഇരയ്ക്ക് മറ്റൊരു അഭയസ്ഥാനം ലഭിച്ചിരുന്നു. സുഗതകുമാരി ടീച്ചറിന്റെ അത്താണി എന്ന അഭയ കേന്ദ്രത്തിൽ നിന്നുള്ള സ്ത്രീകളാണ് ദിശയിൽ ആദ്യമായെത്തിയ താമസക്കാർ. അന്ന് ദിശ വാടക കെട്ടിടത്തിലായിരുന്നു. ഗാർഹിക, ശാരീരിക, മാനസിക പീഡനങ്ങൾ നേരിട്ടതും, ഇരയാക്കപ്പെട്ടും, മുന്നോട്ട് പോകാൻ വഴിയില്ലാതെ പകച്ചു പോയവരും, കേസുകളിൽ ഉൾപ്പെട്ടവരും ഉൾപ്പടെ നിരവധി സ്ത്രീകൾക്ക് ദിശ താൽക്കാലിക അഭയ കേന്ദ്രമായി. 2011ലാണ് പാണാവള്ളി പഞ്ചായത്തിലെ 75 സെന്റ് സ്ഥലവും വീടും വാങ്ങി ദിശയുടെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്. അന്നുമുതൽ പതിനെട്ട് വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഗേൾസ് ഹോമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശിക്കുന്ന കുട്ടികളെ മാത്രമാണ് പാർപ്പിക്കുന്നത്.
തന്റെ മക്കൾ വീട്ടിൽ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ദിശയിലെ കുട്ടികളും അനുഭവിക്കണമെന്ന പേരു വെളിപ്പെടുത്താൻ അഗ്രഹിക്കാത്ത വ്യവസായിയുടെ തീരുമാനമാണ് കുട്ടികളുടെ മുറിയിലെ എ.സിയടക്കമുള്ള സൗകര്യങ്ങൾക്ക് കാരണം. രക്ഷിതാക്കളും അടുത്ത ബന്ധുക്കളും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥരാക്കപ്പെട്ടവരാണ് കുട്ടികളിൽ പലരും. ഡോർമെറ്ററി സംവിധാനത്തിൽ ഒരു മുറിയിൽ എട്ട് കട്ടിലുകളാണുള്ളത്. ഇതേ മുറിയിൽ കുട്ടികൾക്ക് കൂട്ടിനായി ഒരു ജീവനക്കാരിയുമുണ്ടാകും.പഠന മുറിയും എയർ കണ്ടീഷൻ സൗകര്യമുള്ളതാണ്. ഇഷ്ട പരിപാടികൾ ആസ്വദിക്കാൻ ടി.വി ഉൾപ്പടെയുള്ള സൗകര്യങ്ങൾ. കുട്ടികൾക്ക് നിസ്ക്കാരത്തിനും, മൗനപ്രാർത്ഥനയ്കും വിശാലമായ പ്രാർത്ഥനാ മുറി, കളിക്കാൻ ബാഡ്മിന്റൺ കോർട്ട് എന്നിങ്ങനെ നീളുന്നു സൗകര്യങ്ങൾ. പുറമേ നിന്ന് സഹായങ്ങളൊന്നും സ്വീകരിക്കാതെയാണ് പ്രവർത്തനം. അഭ്യുദയകാംക്ഷികൾ ചിലർ വല്ലപ്പോഴും അവരുടെ ജീവിതത്തിലെ വിശേഷ ദിവസങ്ങളിൽ ദിശയിലെ കുട്ടികൾക്ക് ഭക്ഷണമെത്തിക്കാറുണ്ട്. സ്ഥിരം പാചകക്കാരിയാണ് ദിവസവും വിഭവങ്ങൾ തയാറാക്കുന്നത്. കുട്ടികൾ സോഷ്യൽ മീഡിയയിൽ കാണുന്ന പുതിയ ട്രെൻഡിംഗ് വിഭവങ്ങൾ തയാറാക്കാൻ അടുക്കള പാചകശാലയാക്കാറുണ്ട്. ഇത്തരത്തിൽ സർവ്വവിധ സ്വാതന്ത്ര്യത്തോടും, സൗകര്യങ്ങളോടെയുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പൂർണമായും സി.സി.ടി.വി നിരീക്ഷണത്തിലുള്ള സ്ഥാപനത്തിൽ ഒരു കൗൺസലർ, കെയർ ടേക്കർ, മാനേജർ, കുക്ക്, സെക്യുരിറ്റി എന്നീ സ്ഥിരം സ്റ്റാഫാണുള്ളത്. സമീപത്തെ സ്കൂളുകളിലും, കൊച്ചിയിലെ കോളേജുകളിലുമായാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഇവിടെ നിന്ന് പഠനം പൂർത്തിയാക്കി പോയവർ സ്വന്തം വീട്ടിലേക്കെന്ന പോലെ മിക്കപ്പോഴും എത്താറുണ്ട്. കുട്ടികളിൽ ഭൂരിപക്ഷത്തിനും കായിക മേഖലയോടാണ് താൽപര്യം. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളുടെ മേളകളിൽ സ്ഥിരമായി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാറുണ്ട് ദിശയിലെ കുട്ടികൾ. ഒരേ സമയം നാൽപ്പത് കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട് ദിശയിൽ.
മിടുക്കിക്ക് സമ്മാനം
കുട്ടികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടു തന്നെ അവരെ നേർവഴിക്ക് നയിക്കുന്നതാണ് ദിശയുടെ ശൈലി. പത്ത് പോയിന്റുകളിൽ ഓരോ കുട്ടിയെയും നീരീക്ഷിച്ച് മാർക്ക് നൽകും. ഓരോ മാസവും ടോപ്പ് റാങ്ക് നേടുന്ന കുട്ടികളുടെ ഫോട്ടോ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഐസ്ക്രീം, ബിരിയാണി, ടൂർ തുടങ്ങി വിവിധ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. നേരത്തെ എഴുന്നേൽക്കുക, പ്രാർത്ഥന, സമയനിഷ്ഠ, അച്ചടക്കം, ഗാർഡനിംഗ്, വാഷിംഗ്, ബാത്തിംഗ്, സ്വയം ശുചിത്വം, പഠനം, വ്യായാമം എന്നീ പത്ത് കാര്യങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവരായിരിക്കും വിജയികൾ. മൂന്ന് പേർക്ക് സമ്മാനം ലഭിക്കും.
ഇതുവരെ 320 പെൺകുട്ടികൾക്ക് അഭയം നൽകിയ ദിശ 32 പേരുടെ വിവാഹവും നടത്തിക്കൊടുത്തു. ഇതിൽ മൂന്ന് പേരുടെ വിവാഹം ഒരുമിച്ച് ഒരേദിവസമായിരുന്നു. പത്ത് പവൻ ആഭരണം വരെ അണിയിച്ചാണ് പെൺകുട്ടികളെ വിവാഹം ചെയ്തയച്ചത്. വസ്ത്രം, വീട്ടിലേക്ക് വേണ്ട സാധനങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ നൽകിയാണ് ദിശ അവരെ യാത്രയാക്കുന്നത്. ഇപ്പോഴും ഭർതൃഗൃഹമല്ലാതെ വല്ലപ്പോഴും കയറിച്ചെല്ലാൻ സ്വന്തം വീടില്ലാത്ത പെൺകുട്ടികളുണ്ട്. മക്കളുടെ സ്കൂൾ അവധിക്കാലത്തടക്കം കുട്ടികളെയും കൂട്ടി അവർ സ്വന്തം വീട്ടിലെന്നത് പോലെ ദിശയിലേക്കെത്തും. ട്രസ്റ്റ് സെക്രട്ടറി മിർസാദ് പാണ്ടവത്തും മാനേജർ സീനത്തും സഹായത്തിനായി ദിശയിലുണ്ടാകും.
അമ്മയുടെ പങ്കാളി തന്റെ മുന്നിലിട്ട് അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊന്നത് കണ്ടുനിൽക്കേണ്ടി വന്ന ആറാം ക്ലാസുകാരി, വാഹനാപകടത്തിൽ കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പട്ടുപോയ പെൺകുട്ടി, മാതാപിതാക്കൾ ജീവിച്ചിരുന്നിട്ടും സംരക്ഷണവും സുരക്ഷിതത്വവും ലഭിക്കാതെ പോയവർ തുടങ്ങി ചെറുപ്രായത്തിൽ അങ്ങേയറ്റം ദുഃഖം പേറേണ്ടി വന്നവരാണ് ദിശയിലെത്താറുള്ളത്. കൃത്യമായ കൗൺസലിംഗ് നടത്തി അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുന്നതാണ് ദിശയുടെ വിജയം. അപ്രതീക്ഷ അപകടത്തിൽ ആകസ്മികമായി അനാഥയായി പോയ കുട്ടി പ്ലസ് ടൂ വരെയും ദിശയിൽ നിന്നായിരുന്നു പഠിച്ചത്. കുട്ടികളെ എത്രകാലവും പഠിപ്പിക്കാൻ ദിശ ഒപ്പമുണ്ടാകും. എം.സി.എയ്ക്ക് ആറാം റാങ്ക് കരസ്ഥമാക്കിയ കുട്ടി ഇന്ന് ജോലി നേടി സ്വയംപര്യാപ്തയായിരിക്കുന്നു. പതിനെട്ട് വയസ്സിന് ശേഷം ഓരോരുത്തർക്കും സുരക്ഷിതമായ മറ്റൊരു അഭയ കേന്ദ്രം ഉറപ്പാക്കുന്നു.
എഴുപത്തിയഞ്ച് സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ദിശയുടെ പൂമുഖത്ത് സ്ഥിതി ചെയ്യുന്നത് നിലവറയും പത്തായവുമടക്കമുള്ള 135 വർഷം പഴക്കമുള്ള നാലുകെട്ടാണ്. ഈ കെട്ടിടം പരിഷ്ക്കരിച്ച്, ഇവിടെയാണ് കുട്ടികൾക്ക് കൗൺസലിംഗ് അടക്കം നൽകുന്നത്. നിറയെ മരങ്ങളും കാറ്റുകൊണ്ടിരിക്കാൻ ചെറു ഇരിപ്പിടങ്ങളും ഹട്ടുകളും ഊഞ്ഞാലുമൊക്കെയായി ദിശ കാഴ്ചയിലും പ്രവർത്തിയിലും വീടാവുകയാണ്....
കണ്ണീരോടെ പടി കടന്നെത്തുന്ന ഓരോ പെൺകുഞ്ഞിനും മുഖത്തും മനസ്സിലും പുഞ്ചിരി വിടർത്തുന്ന സ്വന്തം വീട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |