
ശബരിമലയിൽ മകരവിളക്ക് ഉത്സവം തുടങ്ങി. ഈ മാസം പതിനാലിനാണ് മകരജ്യോതി ദർശനം. പന്ത്രണ്ടാം തീയതി അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്ത് നിന്ന് സന്നിധാനത്തേക്ക് ഘോഷയാത്ര ആരംഭിക്കും. തിരുവാഭരണ പേടകം തലയിൽ ചുമന്നുള്ള പദയാത്രയെ നൂറ് കണക്കിന് അയ്യപ്പഭക്തർ അനുഗമിക്കും. തിരുവാഭരണ പാതയ്ക്ക് എൺപത്തിമൂന്ന് കിലോമീറ്റർ ദൂരമുണ്ട്. ഇതിൽ നാൽപ്പത്തി മൂന്ന് കിലോമീറ്റർ ജനവാസമേഖലയും നാൽപ്പത് കിലോമീറ്റർ വനപാതയുമാണ്. തിരുവാഭരണ പാത കാടുമൂടിയും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്നു. പല ഭാഗങ്ങളും കയ്യേറിക്കഴിഞ്ഞു. ഇതു തിരിച്ചുപിടിക്കാൻ ഒരു നടപടിയും ഉണ്ടായില്ല.
ജനവാസ മേഖലയിൽ കൂടി കടന്നു പോകുന്ന പാതയുടെ ഭാഗങ്ങൾ വിവിധ ഗ്രാമപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി എന്നിവരാണ് പാതയുടെ നിലവിലെ കൈവശാവകാശികൾ. തിരുവാഭരണ പാത സഞ്ചാര യോഗ്യമാക്കേണ്ട ചുമതലയും ഇവർക്കാണ്.
പന്തളം മുതൽ സന്നിധാനം വരെ നീണ്ടു കിടക്കുന്ന തിരുവാഭരണ പാത പന്തളം രാജാവാണ് നിർമ്മിച്ചത്. പന്തളം താരയെന്നും രാജപാതയെന്നും അറിയപ്പെടുന്ന പരമ്പരാഗത തിരുവാഭരണപാതയക്ക് അഞ്ചു മീറ്റർ മുതൽ നാൽപ്പത്തിരണ്ട് മീറ്റർവരെ വീതിയുണ്ടായിരുന്നു. പാതയിൽ വ്യാപക കയ്യേറ്റം മൂലം വീതി കുറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായതോടെ തിരുവാഭരണ പാത സംരക്ഷണ സമിതി രണ്ടായിരത്തി എട്ടിൽ കോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലിലൂടെ തൊട്ടടുത്ത വർഷം തിരുവാഭരണപാതയിലെ കൈയേറ്റം കണ്ടെത്തി അളന്നു തിട്ടപ്പെടുത്തി അതിരുകല്ലുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെയും കൈയേറ്റം പൂർണ്ണമായി ഒഴിപ്പിച്ചിട്ടില്ല.
@ ചുമതല മറന്ന് തദ്ദേശ സ്ഥാപനങ്ങൾ
തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് ഭക്തരാണ് തിരുവാഭരണ പാതയിലൂടെ കാൽ നടയായി സന്നിധാനത്തേക്ക് സഞ്ചരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്താണ് തിരുവാഭരണ പാത എല്ലാ വർഷവും സഞ്ചാരയോഗ്യമാക്കുന്നത്. ഇക്കുറി തിരഞ്ഞെടുപ്പിന്റെ പേരിൽ അവർ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പഞ്ചായത്തുകളിൽ പുതിയ ഭരണസമിതി അധികാരമേൽക്കാനുള്ള ഇടവേളയാണ് മുന്നൊരുക്കങ്ങൾ വേണ്ടവിധത്തിൽ നടത്താൻ കഴിയാത്തതിന്റെ കാരണമായി പഞ്ചായത്തുകൾ ചൂണ്ടിക്കാട്ടുന്നത്. എല്ലാ വർഷവും ചെയ്യേണ്ട ജോലികൾ തിരഞ്ഞെടുപ്പിന്റെ മറവിൽ നടത്താതിരുന്നത് വലിയ വീഴ്ചയാണ്.
നഗ്നപാദരായിട്ടാണ് തിരുവാഭരണ പാതയിലൂടെ ഗുരുസ്വാമിമാർ ഉൾപ്പടെയുള്ളവർ തിരുവാഭരണ പേടകങ്ങളുമായി സന്നിധാനത്തേക്ക് യാത്ര ചെയ്യുന്നത്. തിരുവാഭരണ പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് കാടുവെട്ടിത്തെളിക്കുകയും ടാറിംഗും കോൺക്രീറ്റും ഇളകിയ ഭാഗങ്ങൾ സമയബന്ധിതമായി അറ്റകുറ്റപണി നടത്തി നവീകരിക്കേണ്ടത് യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്യേണ്ടതാണെന്ന് അയ്യപ്പ സേവാസംഘവും തിരുവാഭരണ പാത സംരക്ഷണ സമിതിയും ചൂണ്ടിക്കാട്ടുന്നു.
@ മരങ്ങൾ മുറിച്ചു കടത്താനും ശ്രമം
സംരക്ഷണമില്ലാത്ത തിരുവാഭരണപാതയുടെ പല ഭാഗങ്ങളിൽ നിന്നും മരങ്ങൾ മുറിച്ചുകടത്താറുണ്ട്. റാന്നി വില്ലേജിലെ കുത്തുകല്ലുംപടി മന്ദിരം റോഡിൽ ളാഹയിൽ പടിയിൽ നിന്ന് കഴിഞ്ഞ ദിവസം തേക്കുമരം മുറിച്ചു കടത്തിയിരുന്നു. എഴുപത് ക്യൂബിക്ക് അടിയുള്ള തേക്കുമരത്തിന് നാലു ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. തിരുവാഭരണ പാതയിൽ കൈയ്യേറ്റം കണ്ടെത്തിയ ഭാഗങ്ങൾ ഹൈക്കോടതിയുടെ ഉത്തരവിനെതുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം അളന്ന് അതിരുകല്ലിട്ടിരുന്നു. മാത്രമല്ല, കൈയ്യേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. തിരുവാഭരണ പാതയിലെ ഒരു മരവും മുറിച്ചുമാറ്റരുതെന്ന കളക്ടറുടെ ഉത്തരവും നിലനിൽക്കെയാണ് തേക്കുമരം മുറിച്ചിട്ടത്.
കയ്യേറ്റം മൂലം നാശോന്മുഖമായ തിരുവാഭരണ പാത പതിനാറ് വർഷം മുൻപ് അളന്നു തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. തിരിച്ചു പിടിച്ച കൈയ്യേറ്റ സ്ഥലങ്ങളിൽ വൻ മരങ്ങളുൾപ്പടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് ഉള്ളത്. ഇവിടെ നിൽക്കുന്ന മരങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ അനുമതി കൂടാതെ മുറിച്ചു കടത്തുന്നത് ക്രിമിനൽ കുറ്റമാണ്. കൈയ്യേറ്റ ഭൂമയിൽ നിൽക്കുന്ന മരങ്ങളുടെ കൃത്യമായ കണക്ക് വില്ലേജ് ഓഫീസുകളിൽ രേഖപ്പെടുത്തിയിരുന്നു.
പന്തളം മുതൽ പെരുനാട് വരെയുള്ള പന്ത്രണ്ട് വില്ലേജുകളിലൂടെയാണ് തിരുവാഭരണ പാത കടന്നുപോകുന്നത്.
വ്യക്തികളും സ്ഥാപനങ്ങളും കൂടാതെ ഹരിസൺ മലയാളം പ്ലാന്റേഷനും തിരുവാഭരണ പാത കൈയേറിയവരുടെ പട്ടികയിലുണ്ട്. തിരുവാഭരണ പാത സംരക്ഷിക്കേണ്ടവർ കുറ്റകരമായ മൗനം പാലിക്കുന്നതാണ് കയ്യേറ്റക്കാർക്ക് പ്രോത്സാഹനമാകുന്നത്.
തിരുവാഭരണ പാതയിൽ നിന്ന് സംരക്ഷിത മരങ്ങൾ നിയമവിരുദ്ധമായി മുറിച്ചു മാറ്റിയവർക്കെതിരെയും പാത കയ്യേറിയവർക്കെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്നാണ് ഭക്തജന സംഘടനകളുടെ ആവശ്യം. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. എന്നാൽ, പാത സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള റവന്യു, വനം വകുപ്പുകൾ വിമുഖത കാട്ടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയയും വനംകൊള്ളക്കാരുമാണ് തിരുവാഭരണ പാതയിൽ കണ്ണുവയ്ക്കുന്നത്. ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഭരണപക്ഷത്തിന്റെ രാഷ്ട്രീയ പിൻബലം വേണം. രാഷ്ട്രീയ - മാഫിയ കൂട്ടുകെട്ട് ഇല്ലാതായാൽ മാത്രമേ സ്വത്തും വനവും തിരിച്ചുപിടിക്കാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |