
നിയമങ്ങൾ കർശനമാകുമ്പോഴും സംസ്ഥാനത്ത് കുട്ടികൾക്കെതിരായ നിരവധി അതിക്രമങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ് ഓരോ വർഷവും പലതരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. കുട്ടികൾ സുരക്ഷിതരെന്ന് നാം ചിന്തിക്കുന്ന വീടുകളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ട്. 2025 ഡിസംബർ അഞ്ച് വരെ സംസ്ഥാനത്ത് കുട്ടികൾക്കെതിരായ 4,729 അതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024ൽ കേസുകളുടെ എണ്ണം 5,140 ആയിരുന്നു. 2023ൽ 5,903 കേസുകളും റിപ്പോർട്ട് ചെയ്തു. 2022, 2021, 2020 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 5640, 4536, 3941 എന്നിങ്ങനെയായിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ കൂടുതലും പോക്സോ കേസുകളാണ്. 4,428 പോക്‌സോ കേസുകളാണ് 2025ൽ റിപ്പോർട്ട് ചെയ്തത്. 2024ൽ ഇത് 4,594 ആയിരുന്നു. 2023ൽ കേസുകളുടെ എണ്ണം 4,641 ആയിരുന്നു. 2022, 2021, 2020 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4518, 3516, 3042 എന്നിങ്ങനെയായിരുന്നു.
2025ൽ 15 കുട്ടികളെയാണ് സംസ്ഥാനത്ത് കൊലപ്പെടുത്തിയത്. 2024ൽ ഇത് 23 ആയിരുന്നു. 2023ൽ 33 പേരെയാണ് കൊലപ്പെടുത്തിയത്. 2022, 2021, 2020 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 29, 41, 29 എന്നിങ്ങനെയായിരുന്നു. കൂടാതെ, 2025ൽ 111 കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024ൽ 112 കേസുകളും റിപ്പോർട്ട് ചെയ്തു. 2023ൽ 191 കേസുകളും 2022ൽ 279 കേസുകളും റിപ്പോർട്ട് ചെയ്തു. 2021, 2020 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 257, 195 എന്നിങ്ങനെയായിരുന്നു. ശൈശവ വിവാഹ നിരോധന നിയമ പ്രകാരം 2025ൽ ആറ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2024ൽ 10 കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021, 2020 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4, 6,12, 8 എന്നിങ്ങനെയായിരുന്നു.
നേരത്തെ അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധിക പേരും താത്‌പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്‌കരണത്തിലൂടെ ഈ ചിന്താഗതിക്ക് വലിയ മാറ്റമാണ് സംഭവിച്ചത്. മാത്രമല്ല, തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ ആരും അറിയാതെ പോകവുമായിരുന്ന പല സംഭവങ്ങളും പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.
അയൽവാസികളിൽ നിന്നും നേരിട്ട ലൈംഗികാതിക്രമ കേസുകളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ അധികവും ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുന്ന കേസുകളാണ്. ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് നിർബന്ധിതമാവുകയാണ്. കോടതികളിലെത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളവും പ്രണയ ബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് സാധാരണമാണ്. ഇത് കുട്ടികളിൽ മാസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയാകും എന്നതിനാൽ രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന കേസുകളും നിരവധിയാണ്. വിചാരണ നടപടികൾ നീണ്ടുപോകുന്നതോടെ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ, കേസുമായി മുന്നോട്ട് പോകാൻ അധിക പേരും താത്‌പര്യപ്പെടുന്നില്ല. ഇര സ്‌കൂൾ വിദ്യാർത്ഥിയാണെങ്കിൽ കേസിന്റെ പേരുപറഞ്ഞ് ആളുകൾ കാണാൻ വരുന്നതും കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് നയിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ മൊഴിയെടുപ്പും വിചാരണയും പൂർത്തിയാക്കി പ്രതിക്ക് അനിവാര്യമായ ശിക്ഷ വിധിക്കുകയാണ് വേണ്ടത്.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗികചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൃത്യമായ കൗൺസലിംഗ് സംവിധാനം ആൺകുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം.
ലൈംഗികാതിക്രമം എന്നത് അന്തസ്സുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതി വരെ എത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യം ഉണ്ടായാൽ മാത്രം പോരാ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |