SignIn
Kerala Kaumudi Online
Thursday, 25 April 2024 3.26 PM IST

സ്വകാര്യ വാഴ്സിറ്റികൾക്ക് വാതിൽ തുറക്കുന്നു

college

സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ പൊതുഖജനാവിലെ പണം മുടക്കാതെ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യം ലഭ്യമാക്കാനാവും. അത്യാധുനിക കോഴ്സുകളും പഠനസൗകര്യങ്ങളും മികച്ച അക്കാഡമിക് നിലവാരവുമൊരുക്കുന്ന സ്വകാര്യ വാഴ്സിറ്റികൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റുന്നതായിരിക്കും. പതിറ്റാണ്ടുകൾനീണ്ട എതിർപ്പ് മാറ്റി, സ്വകാര്യ വാഴ്സിറ്റികൾക്ക് അനുമതി നൽകാനുള്ള തീരുമാനം ഇടതുമുന്നണി യോഗം കൈക്കൊണ്ടതോടെയാണ് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറക്കുന്നത്. ഉന്നതവിദ്യാഭ്യാസ ഹബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതായിരിക്കും സ്വകാര്യ സർവകലാശാലകൾ. സ്വാശ്രയമേഖലയിൽ ഒരു മെഡിക്കൽകോളേജ് നിർമ്മിക്കാൻ 2500കോടിയെങ്കിലും വേണ്ടിവരും. സ്വകാര്യ സർവകലാശാലയ്ക്ക് ഇതിന്റെ പലമടങ്ങാവും ചെലവ്.

നിലവിലെ അക്കാഡമിക് സംവിധാനം പൊളിച്ചെഴുതുന്നതായിരിക്കും സ്വകാര്യ വാഴ്സിറ്റികളെന്നാണ് പ്രതീക്ഷ. സ്വകാര്യവാഴ്സിറ്റികളിലെ മിക്ക കോഴ്സുകളും വ്യവസായബന്ധിതമായതിനാൽ ജോലിസാദ്ധ്യതയേറും. ഗവേഷണാധിഷ്‌ഠിത കോഴ്സുകൾ വരുന്നതോടെ നിലവിലെ പഠനരീതി അപ്പാടെമാറും. വൻ വ്യവസായ ഗ്രൂപ്പുകൾ ആരംഭിക്കുന്ന സ്വകാര്യ വാഴ്സിറ്റികൾ, സമർത്ഥരായ വിദ്യാർത്ഥികളെ അവരുടെ വ്യവസായ സംരംഭങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് രീതി. ഇവിടെയും ഇതേരീതി പിന്തുടർന്നാൽ നമ്മുടെ കുട്ടികൾക്ക് വേഗം തൊഴിൽ ലഭ്യമാവും. 2022ലെ കണക്കനുസരിച്ച് 421സ്വകാര്യ വാഴ്സിറ്റികളിൽ 20ലക്ഷം കുട്ടികൾ പഠിക്കുന്നു. 2012ൽ 190വാഴ്സിറ്റികളും 2.7ലക്ഷം കുട്ടികളുമായിരുന്നു. 2019ൽ 407വാഴ്സിറ്റികളും 12.76ലക്ഷം കുട്ടികളുമായി. തമിഴ്നാട്ടിൽ 35ഉം കർണാടകത്തിൽ മുപ്പതും സ്വകാര്യ സർവകലാശാലകളുണ്ട്. കേരളത്തിലും ഗോവയിലും മാത്രമാണ് ഇപ്പോൾ സ്വകാര്യ സർവകലാശാലകൾ ഇല്ലാത്തത്.

മറ്റ് സംസ്ഥാനങ്ങളിൽ തോന്നിയതു പോലെയാണ് സ്വകാര്യ സർവകലാശാലകൾ പ്രവ‌ർത്തിക്കുന്നതെങ്കിൽ, സംവരണവും മെരിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കിയാലേ സംസ്ഥാനത്ത് സ്വകാര്യസർവകലാശാലകൾക്ക് അനുമതി നൽകൂ എന്ന നിലപാടിലാണ് സർക്കാർ. വാഴ്സിറ്റികൾക്ക് അനുമതി നൽകാനുള്ള നിയമത്തിൽ ഇവയ്ക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തും. സ്വകാര്യ വാഴ്സിറ്റികൾ നിശ്ചിത ശതമാനം സീറ്റുകൾ സർക്കാരുമായി പങ്കുവയ്ക്കുകയും സമർത്ഥരായ നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും വേണം. പ്രവേശനത്തിലും ഫീസിലും സർക്കാരിന്റെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നത്. അത്യാധുനിക കോഴ്സുകളിലടക്കം 35ശതമാനം സീറ്റുകളെങ്കിലും സർക്കാരിന് നൽകണം. ഈ സീറ്റുകളിൽ സമർത്ഥരെ, സർക്കാർ നിശ്ചയിക്കുന്ന ഫീസിൽ പഠിപ്പിക്കണം. ഒ.ബി.സി, പട്ടികവിഭാഗം അടക്കമുള്ള സംവരണം പാലിച്ചായിരിക്കണം പ്രവേശനം. സമർത്ഥർക്ക് സ്കോളർഷിപ്പും നൽകണം. ഇക്കാര്യങ്ങളിൽ ഉറപ്പുലഭിച്ചാലേ സർവകലാശാലകൾക്ക് എൻ.ഒ.സി നൽകൂ. യു.ജി.സി അനുമതി ലഭിക്കാൻ സർക്കാരിന്റെ എൻ.ഒ.സി ആവശ്യമാണ്. സ്വകാര്യസർവകലാശാലകൾക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തി കരടു നിയമം രൂപീകരിക്കാൻ ഉന്നതഉദ്യോഗസ്ഥരും അക്കാഡമിക് വിദഗ്ദ്ധരുമടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ സർവകലാശാലകളാവാമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ. 37 ശതമാനം മാത്രമാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നവർ. ഇത് 75 ശതമാനമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എൻറോൾമെന്റ് ശതമാനം 26 മാത്രമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ എണ്ണം 22 ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്നവരടക്കം 17 ലക്ഷത്തിനടുത്തുണ്ട്.

സ്വകാര്യസർവകലാശാലകൾക്ക് യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ യഥേഷ്ടം ആരംഭിക്കാം. സിലബസ്, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദംനൽകൽ എന്നിവ സർവകലാശാലകളുടെ അധികാരമാണ്. നിയന്ത്രണസമിതിയിൽ യു.ജി.സിയുടെ ഒരു പ്രതിനിധിയുണ്ട്. സർക്കാരിന്റെ പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്ന് നയത്തിലുണ്ടാവും. പരാതികൾ പരിഹരിക്കേണ്ട കോർട്ടിലും സർവകലാശാലയുടെ പ്രൊമോട്ടർമാർക്ക് പുറമേ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തും. അദ്ധ്യാപക-വിദ്യാ‌ർത്ഥി അനുപാതം 1:20ൽ കുറയരുത്. ഇരുപതു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ അപേക്ഷിക്കാനാവൂ. 3.26നാക് ഗ്രേഡിംഗ് ലഭിച്ചിരിക്കണം. നഗരങ്ങളിൽ 20ഏക്കർ, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്ക് അപേക്ഷിക്കാം. ഇരുപതുകോടി സ്ഥിരനിക്ഷേപവും മുപ്പതുകോടി പ്രവർത്തന ഫണ്ടുമുണ്ടായിരിക്കണം. സ്വയംഭരണ പദവിയുള്ള കോളേജുകൾക്കും അപേക്ഷിക്കാം. എൻജിനിയറിംഗ്, മെഡിക്കൽ,നിയമം, മാനേജ്മെന്റ് പഠനത്തിന് സർവകലാശാലകൾ തുടങ്ങാം.

അയൽപക്കത്ത് ഇങ്ങനെ

തമിഴ്നാട്ടിൽ സർക്കാർ നിയന്ത്രണത്തിൽ 22സർവകലാശാലകളുള്ളപ്പോൾ സ്വകാര്യ, കൽപ്പിത സർവകലാശാലകൾ 35എണ്ണമുണ്ട്. മാരിടൈം സർവകലാശാല, വനിതകൾക്ക് മാത്രമായുള്ള സർവകലാശാല, മൂന്ന് മെഡിക്കൽ സർവകലാശാലകൾ എന്നിവയുമുണ്ട്. കർണാടകത്തിൽ മുപ്പത് സ്വകാര്യ, കൽപ്പിത സർവകലാശാലകളുണ്ട്. കൂടുതലും മെഡിക്കൽ, എൻജിനിയറിംഗ് പഠനത്തിനുള്ളവ. അടുത്തിടെയും അഞ്ചെണ്ണത്തിന് അനുമതി നൽകി. ആറ് അപേക്ഷകൾക്ക് ഉടൻ അനുമതിനൽകും. സംസ്ഥാനത്ത് 19ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും മൂന്ന് സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾക്കും സ്വയംഭരണ പദവിയുണ്ട്. ഇതിൽ മിക്കതും ഘട്ടംഘട്ടമായി സ്വകാര്യ സർവകാശാലകളായി മാറിയേക്കും. യു.ജി.സി ചട്ടപ്രകാരം ഇരുപതു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സർവകലാശാലയ്ക്കായി അപേക്ഷിക്കാം. കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലായ എൻജിനിയറിംഗ് കോളേജുകളും അവയുടെ സ്ഥലവും സൗകര്യങ്ങളുമുപയോഗിച്ച് അന്യസംസ്ഥാന ഗ്രൂപ്പുകൾക്ക് സ്വകാര്യസർവകലാശാല തുടങ്ങാനാവും. യു.ജി.സി അനുമതിയോടെ പുതുതലമുറ കോഴ്സുകൾ യഥേഷ്ടം ആരംഭിക്കാം.

വാഴ്സിറ്റികൾ ടൗൺഷിപ്പുകളാവും

അഞ്ചുവർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്തെവിടെയും ഓഫ് കാമ്പസ്, സ്റ്റഡി സെന്ററുകൾ തുടങ്ങാനാവും. സ്വകാര്യസർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്, വിനോദ, പാർപ്പിട കേന്ദ്രങ്ങളും നിർമ്മിക്കാനാവും. ഇതോടെ ടൗൺഷിപ്പുകളായി ഇവ വളരും. മെഡിക്കൽ വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമൊരുക്കുന്ന നയം സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്നാണ് കേന്ദ്രനിർദ്ദേശം. സ്വകാര്യപങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങളുണ്ടായാലേ ആരോഗ്യവിദഗ്ദ്ധരെ കൂടുതലായി സൃഷ്ടിക്കാനാവൂ എന്നും സ്വകാര്യമേഖലയിൽ മികച്ച സ്ഥാപനങ്ങളുണ്ടാക്കാൻ സ്ഥലം അനുവദിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ ഡൽഹിയിലെ അമിറ്റി ഗ്രൂപ്പ്, ഒരു അതിരൂപത, ഗൾഫിലെ വിദ്യാഭ്യാസ ഗ്രൂപ്പ്, കർണാടകത്തിലെ മെഡിക്കൽ സർവകലാശാല എന്നിങ്ങനെ പ്രമുഖർ രംഗത്തുണ്ട്. നഷ്ടത്തിലായ സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി ചേർന്ന് അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗ്രൂപ്പുകൾ മെഡിക്കൽ സർവകലാശാല തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.

എന്തിനായിരുന്നു എതിർപ്പ്

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വകാര്യസർവകലാശാലകൾക്ക് അനുമതി നൽകാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നെങ്കിലും എൽ.ഡി.എഫ് എതിർത്തു. 2016ൽ കോവളത്ത് ആഗോളവിദ്യാഭ്യാസ സംഗമത്തിനിടെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനായിരുന്ന ടി.പി.ശ്രീനിവാസനെ നടുറോഡിൽ എസ്.എഫ്.ഐക്കാർ ആക്രമിച്ചിരുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ, വിദേശ നിക്ഷേപത്തിന് വാതിൽ തുറന്നിടുകയാണ് ഇടതുമുന്നണി. കോളേജുകൾക്ക് സ്വയംഭരണം നൽകുന്നതിനെയും ഇടതുമുന്നണി എതിർത്തിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ യു.ജി.സി സംഘത്തിന്റെ പരിശോധന പലവട്ടം തടസപ്പെടുത്തി. എന്നാൽ പിന്നീട് 19ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിച്ചു. അനൗദ്യോഗിക കണക്കനുസരിച്ച് വിദേശത്തെ മെഡിക്കൽ പഠനത്തിന് ഫീസിനത്തിൽ പ്രതിവർഷം 45,000 കോടി ചെലവിടുന്നുണ്ട്. സ്വകാര്യ വാഴ്സിറ്റികൾ വന്നാൽ ഈ തുക വിദേശത്തേക്ക് പോവില്ല. കുട്ടികൾക്ക് ഇവിടെത്തന്നെ മികച്ച പഠനസൗകര്യം ഒരുങ്ങുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATE UNIVERSITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.