SignIn
Kerala Kaumudi Online
Thursday, 26 September 2024 4.33 AM IST

ഒഴിവാക്കാനാകുന്ന ദുരന്തങ്ങൾ

Increase Font Size Decrease Font Size Print Page

photo

അപകട മരണങ്ങൾ എപ്പോഴും ബന്ധുമിത്രാദികൾക്കു മാത്രമല്ല അഗാധവേദന സമ്മാനിക്കുന്നത്. അതുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നവരുടെ മനസുകളെയും വല്ലാതെ സ്പർശിക്കും. വെള്ളിയാഴ്ച രാവിലെ തൃശൂർ ചാവക്കാടിനടുത്ത് ദേശീയപാതയിൽ ലോറിഡ്രൈവറുടെ അശ്രദ്ധമൂലം രണ്ടുപേർ അപമൃത്യുവിനിരയായി. ലോറിയിൽ കെട്ടിവച്ചിരുന്ന ഭാരമേറിയ ഇരുമ്പുഷീറ്റുകൾ കെട്ടുപൊട്ടി സ്‌കൂട്ടർ യാത്രികരുടെമേൽ വീണാണ് അപകടമുണ്ടായത്. ചരക്കുവാഹനങ്ങൾ അവശ്യം പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് അപകടകാരണം. കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ ആവണീശ്വരം സ്റ്റേഷനിൽ പഞ്ചായത്തംഗത്തിന്റെയും മുപ്പത്തൊൻപതുകാരിയായ വീട്ടമ്മയുടെയും ദാരുണമായ അന്ത്യത്തിനും കാരണം അശ്രദ്ധയാണെന്നു പറയാം. പ്ളാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിന്ന പഞ്ചായത്തംഗത്തിന്റെ ഫോൺ താഴെ പാളത്തിൽ വീണത് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ട്രെയിനെത്തിയത്. പാളത്തിൽ നിന്നിരുന്ന പഞ്ചായത്തംഗത്തെ പ്ളാറ്റ്‌ഫോമിലേക്കു വലിച്ചുകയറ്റാൻ ശ്രമിക്കവേയാണ് സജീന എന്ന വീട്ടമ്മ പാളത്തിലേക്കു വീണത്. തത്സമയം കടന്നുവന്ന ട്രെയിൻ കയറി ഇരുവരും മരണമടയുകയായിരുന്നു. ഓരോ ദിവസവും ഇതുപോലുള്ള എത്രയെത്ര അപകടങ്ങളാണ് നമുക്കു ചുറ്റും നടക്കുന്നത്. അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാനാവുന്നവയാകും ഇതിൽ പലതും. എന്നാൽ അമിത വേഗത്തിലും തിരക്കിലും ഒന്നിലും വേണ്ടത്ര ശ്രദ്ധപുലർത്താൻ ആർക്കും കഴിയുന്നില്ല.

ചാവക്കാട്ട് ട്രെയിലർ ലോറിയിൽ കയറ്റിക്കൊണ്ടുപോയ ഇരുമ്പുഷീറ്റുകൾ ഉൗർന്നുപോകാത്ത വിധം ഭദ്രമായി കെട്ടിവച്ചിരുന്നെങ്കിൽ ബ്രേക്കിട്ടപ്പോൾ പൊട്ടി ഷീറ്റുകൾ മനുഷ്യരുടെമേൽ പതിക്കുകയില്ലായിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകൾ തടയാൻ ചുമതലപ്പെട്ട മോട്ടോർ വാഹന വകുപ്പോ പൊലീസോ വല്ലപ്പോഴുമാകും ഗതാഗതനിയമം നടപ്പാക്കാൻ റോഡിലിറങ്ങുന്നത്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ പോലും ആരോരുമറിയാതെ ഒതുക്കുന്ന ശീലവുമുണ്ട്. വാഹനങ്ങളിൽ നിന്ന് ചരക്കുകൾ പുറത്തേക്കു തള്ളിനിൽക്കരുതെന്നാണ് നിയമം. ചാവക്കാട്ട് അപകടമുണ്ടാക്കിയ ലോറിയിൽനിന്ന് ഇരുമ്പുഷീറ്റുകൾ റോഡിലേക്കു തള്ളിനിൽക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ സദാ വലിയ വാഹനങ്ങൾ ഉയർത്തുന്ന അപകടഭീഷണിയിലാണ്. കഴിഞ്ഞ ദിവസം കുട്ടിയെ വിളിക്കാൻ സ്‌കൂട്ടറിൽ ഇറങ്ങിത്തിരിച്ച, തിരുവനന്തപുരത്ത് നാലാഞ്ചിറയിലെ വീട്ടമ്മയെ ഇടിച്ചുവീഴ്‌ത്തിയത് ട്രാൻസ്പോർട്ട് ബസാണ്. സമാനമായ എത്രയോ അപകടങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഈ മാസം തന്നെ ഉണ്ടായിട്ടുണ്ട്.

അധി​കൃതരുടെ പി​ഴവുകൊണ്ടുണ്ടാകുന്ന അപകടമരണങ്ങൾക്ക് കനത്ത തോതി​ൽ നഷ്ടപരി​ഹാരം നൽകാൻ നി​യമമുണ്ടായാൽ എല്ലാവരും ഉത്തരവാദി​ത്വമുള്ളവരാകും. സംസ്ഥാനത്ത് ഇപ്പോഴത്തെ പൊതുചർച്ചാവി​ഷയങ്ങളി​ൽ പ്രധാനം റോഡി​ലെ കുഴി​കളാണല്ലോ. കുഴി​കൾ ഉടനടി​ അടച്ച് ഗതാഗതം സുഗമമാക്കാൻ ഹൈക്കോടതി​ പലകുറി​ ഉത്തരവി​ട്ടു. എന്നി​ട്ടെന്തുണ്ടായി​. ഒട്ടുമി​ക്കയി​ടങ്ങളി​ലും ഇപ്പോഴും ധാരാളം കുഴി​കളുമായി​ റോഡ് കി​ടക്കുന്നു. രണ്ടുദി​വസം മുൻപ് ആലുവ - പെരുമ്പാവൂർ റോഡിലെ ഇത്തരം കുഴികളിലൊന്നിൽ ഇരുചക്ര വാഹനം വീണ് ഒരാൾകൂടി മരണമടഞ്ഞു. മരാമത്തുവകുപ്പിലെ എൻജിനിയർമാർ എന്താണു ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസവും കോടതി ഉറക്കെ ചോദിക്കുകയുണ്ടായി.

ഒഴിവാക്കാവുന്ന ദുരന്തങ്ങളും ഉണ്ടാകാറുണ്ട്. പാറശാലയിൽ മൂന്നുദിവസം മുൻപ് നടപ്പാലത്തിൽ നിന്നു തോട്ടിലേക്കു സ്‌കൂട്ടർവീണ് പിഞ്ചുകുഞ്ഞ് മരിക്കാനിടയായ ദാരുണ സംഭവം ഉദാഹ‌രണം. നടക്കാൻ വേണ്ടിയുള്ള ചെറിയ പാലത്തിന് കൈവരിയുണ്ടായിരുന്നെങ്കിൽ തടയാമായിരുന്നു ഈ ദുരന്തം. പഞ്ചായത്തിനോ ബന്ധപ്പെട്ട ഏതെങ്കിലും സർക്കാർ വകുപ്പിനോ നിസാരമായി ചെയ്യാമായിരുന്ന പ്രവൃത്തിയാണിത് .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACCIDENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.