
കാലം മാറ്റമാണെന്ന നിർവചനത്തിനും, മാറ്റമാണ് കാലമെന്ന വ്യാഖ്യാനത്തിനും അർത്ഥം ഒന്നുതന്നെയാണ്. ഒരു നൂറ്റാണ്ടിന്റെ മുഴുനീള കലണ്ടറിൽ, മാറ്റങ്ങളുടെ ആദ്യ ഇരുപത്തിയഞ്ച് ആണ്ടുകളാണ് അസ്തമിച്ചത്. ഒപ്പം, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യകളുടെയും ജീവിത സങ്കല്പങ്ങളുടെയും മനുഷ്യജീവിതത്തിന്റെ തന്നെയും സാരവും സ്വഭാവവും അനുഭവവും ഇതുവരെ സ്വപ്നംകണ്ടിട്ടു പോലുമില്ലാത്ത വിധം മാറാനിരിക്കുന്ന മറ്റൊരു ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് 2026 ആമുഖമെഴുതുകയും ചെയ്തിരിക്കുന്നു. 2050 വരെയുള്ള അടുത്ത കാൽനൂറ്രാണ്ടുകാലം ശാസ്ത്രം മുതൽ സിനിമയും സാമ്പത്തിക കാര്യവും വരെയും, കുറ്റകൃത്യങ്ങൾ മുതൽ ജനാധിപത്യം വരെയും എങ്ങനെയെല്ലാം പരിവർത്തനപ്പെട്ടേക്കാമെന്ന് അതത് മേഖലകളിലെ പത്തു പ്രമുഖരുടെ വിചാരവും പ്രവചനവും പുതുവത്സരദിനത്തിലെ 'കേരളകൗമുദി", അതിന്റെ മുഖപ്രസാദമായി പ്രസിദ്ധീകരിച്ചിരുന്നു. സ്വപ്നവേഗത്തേക്കാൾ വേഗത്തിൽ മാറുന്ന കാലത്തെക്കുറിച്ചുള്ള അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ ഉൾക്കാഴ്ചയും പുറംകാഴ്ചയും നല്കുന്നതാണ് ആ ഓരോ കുറിപ്പും.
മനുഷ്യന് ഉള്ളതും, മൃഗങ്ങൾക്ക് ഇല്ലാത്തതുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന വിശേഷ ബുദ്ധിയുടെ അസ്തിത്വം തന്നെ ചോദ്യംചെയ്യുന്ന നിർമ്മിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഞെട്ടലിൽ നിന്നാണ് പുതിയ കാൽനൂറ്റാണ്ട് ആരംഭിക്കുന്നതുതന്നെ. ചികിത്സയും ഗവേഷണവും മുതൽ സിനിമയും തൊഴിൽരംഗവും വരെ എ.ഐയുടെ സ്വാധീനത്തിൽ മാറാനിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ചാണ് ടെക്നോപാർക്കിന്റെ സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവൻ അദ്ദേഹത്തിന്റെ കുറിപ്പിൽ പറഞ്ഞത്. മനുഷ്യനു വേണ്ടി യന്ത്രങ്ങൾ പണിയെടുത്തു തുടങ്ങുമ്പോൾ മനുഷ്യർ തൊഴിൽരഹിതരാകുമെന്ന ആശങ്കയ്ക്ക് ഒരു അർത്ഥവുമില്ല. എ.ഐ ട്രെയിനേഴ്സ്, എ.ഐ ഓഡിറ്രേഴ്സ്, എ.ഐയിലെ ഗവേഷകർ, ഡാറ്ര അനലിസ്റ്റുകൾ തുടങ്ങിയ മേഖലകളിൽ വരാനിരിക്കുന്ന പുതിയ തൊഴിൽ സാദ്ധ്യതകളാണ് ജി. വിജയരാഘവൻ ചൂണ്ടിക്കാണിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, അടുത്ത ഇരുപത്തിയഞ്ചു വർഷങ്ങൾ മനുഷ്യബുദ്ധിയും നിർമ്മിതബുദ്ധിയും ഒരുമിച്ച് ജോലിചെയ്യുന്ന ഹൈബ്രിഡ് കാലമായിരിക്കും!
ഉത്പന്നം വിളയിക്കുന്നവൻ എന്ന കൃഷിക്കാരന്റെ ലേബലിൽ നിന്ന്, വിളയിച്ചെടുത്ത ഉത്പന്നം സംസ്കരിച്ച്, സൂക്ഷിച്ച്, മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുള്ള സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തി, സംരംഭകരായിത്തീരുന്ന നവ കാർഷിക വ്യവസായികളുടെ ലോകത്തെക്കുറിച്ച് പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ. ശ്രീവത്സൻ ജെ. മേനോൻ ശുഭസന്ദേശം നല്കിയപ്പോൾ, ഭാഷയുടെ അതിരുകൾ കടന്ന് മികച്ച ഉള്ളടക്കമുള്ള (കണ്ടന്റ്) സിനിമയ്ക്ക് നിർമ്മിതി ബുദ്ധിയുടെ സഹായത്തോടെ ഗ്ളോബൽ പ്ളാറ്റ്ഫോം ലഭിക്കുന്ന കാലമാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സങ്കല്പിക്കുന്നത്. ഭാവനയും ആവിഷ്കാരവും ചേർന്ന ക്രിയേറ്റിവിറ്റിയുടെ സർഗാത്മക മേഖലയിലേക്കുള്ള എ.ഐയുടെ സന്നിവേശത്തെ ഉത്കണ്ഠാ വിഷയമായല്ല, ക്രിയാത്മക രചനകളിൽ കലാകാരന്മാർക്ക് കൈവരാനിരിക്കുന്ന ആഗോള അവസരങ്ങളുടെ അപാരഘട്ടമായി സന്തോഷ് ശിവൻ മുന്നിൽക്കാണുന്നു. നിരന്തര പഠനത്തിനും നവീകരണത്തിനും മനസുള്ളവരുടേതാണ് പുതിയ കാലമെന്ന ജി. വിജയരാഘവന്റെ വിലയിരുത്തലിനെ ഇതിനോട് ചേർത്തുവേണം വായിക്കുവാൻ.
സാങ്കേതികവിദ്യകൾ വികസനത്തിന്റെ മുഖംമാറ്റുന്ന ശുഭകാര്യത്തിനൊപ്പം സംഭവിക്കുന്ന ഒരു ദുഷ്കർമ്മം കൂടിയുണ്ട്- നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറ്റിമറിക്കുന്ന സൈബർ വിരുതുകളാണ് അത്. പിടിച്ചുപറിയും വീട് കുത്തിത്തുറന്നുള്ള മോഷണവും ഉൾപ്പെടെ പരമ്പരാഗത തസ്കരരീതികൾക്കു പകരം ദൂരെയെവിടെയോ മറഞ്ഞിരുന്ന്, സാങ്കേതികവിദ്യയുടെ വിരൽകൊണ്ട് ബാങ്ക് അക്കൗണ്ടുകൾ കൊള്ളയടിക്കുന്ന സൈബർ ക്രൈമുകളുടെ കാലത്തെക്കുറിച്ച് പൊലീസ് ദക്ഷിണ മേഖലാ ഐ.ജി ശ്യാംസുന്ദർ നല്കിയത് ഒരു മുന്നറിയിപ്പാണ്. ഇങ്ങനെ, മാറ്റങ്ങളുടെ മായാരഥ വേഗം വെളിപ്പെടുത്തുന്ന ആ കുറിപ്പുകളോരോന്നും പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ഭൂതകാല ധാരണകൾ തിരുത്തുന്നതും ഒപ്പം, മാറുന്ന ലോകത്തെ ശുഭചിന്തയോടെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. എല്ലാറ്രിനും മീതെ, സദാ ഉണർന്നിരിക്കാനും, നിരന്തരം സ്വയം നവീകരിക്കാനും, നിർമ്മിതബുദ്ധിയുമായി ജാഗ്രതയോടെ സൗഹൃദത്തിലാകാനുമുള്ള പരിവർത്തന സന്ദേശം കൂടിയായിത്തീരുന്നു, ആ കാലസങ്കല്പങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |