നീതി ലഭ്യമാകുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഇന്നു പരക്കെ ചർച്ചാവിഷയമാണ്. രാജ്യത്തെ സകല കോടതികളിലും കോടിക്കണക്കിനു കേസുകളാണ് കെട്ടിക്കിടക്കുന്നത്. നിയമ പരിഷ്‌കാരങ്ങൾ മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും നീതിനിർവഹണത്തിൽ ഉണ്ടാകുന്ന കാലതാമസം സാധാരണ വ്യവഹാരികൾക്ക് താങ്ങാനാവാത്തതാണ്. പൊതുവേദികളിൽ ഉന്നത ന്യായാധിപന്മാർ ഉൾപ്പെടെ നിയമ പണ്ഡിതന്മാർ ഇതേപ്പറ്റി വാചാലരാകാറുണ്ട്. പക്ഷേ നിയമനടത്തിപ്പിലെ നൂലാമാലകൾ വ്യവഹാരങ്ങളെ എത്ര കാലമെങ്കിലും മുന്നോട്ടു തള്ളിക്കൊണ്ടേയിരിക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ പോലും ഒട്ടുമിക്ക കോടതികളിലും തീർപ്പിനായി കാത്തുകിടപ്പുണ്ടാകും. ആരിൽ നിന്നും നിയമസഹായം ലഭിക്കാതെ വിചാരണ കാത്ത് ഇരുമ്പഴിക്കുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്ന ഹതഭാഗ്യരുടെ ദുരിതകഥകൾ ഇടയ്ക്കിടെ മാദ്ധ്യമങ്ങളിൽ വരുമ്പോഴാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നീതി എത്രമാത്രം അകലെയാണെന്നു ബോദ്ധ്യമാവുക.
വ്യവഹാര നടത്തിപ്പിലെ കാലതാമസത്തിനൊപ്പം കോടതി ഫീസുകൾ വർദ്ധിപ്പിക്കാനുള്ള നീക്കം കൂടിയാകുമ്പോൾ കോടതി വഴിയുള്ള സേവനങ്ങൾക്ക് ജനങ്ങൾ അധിക മുതൽ കണ്ടെത്തേണ്ടിവരും. എല്ലാത്തരം കോടതി ഫീസുകളും അഞ്ചു ശതമാനം വർദ്ധിപ്പിക്കാനാണ് വിഷയം പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ ശുപാർശ. നിലവിൽ കോടതികളിൽ നിന്ന് വിവിധ ഫീസിനങ്ങളിലായി 125 കോടി രൂപ മാത്രം ലഭിക്കുമ്പോൾ സർക്കാരിന് ചെലവിടേണ്ടി വരുന്നത് 1248 കോടി രൂപയാണ്. നീതിന്യായ വിഭാഗത്തിന്റെ നടത്തിപ്പിന് കേന്ദ്ര സർക്കാരിൽ നിന്ന് മതിയായ സഹായം ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഭാരം അല്പമെങ്കിലും ലഘൂകരിക്കുന്നതിന് എല്ലാവിധ കോടതി ഫീസിലും വർദ്ധന വരുത്താനുള്ള ശുപാർശ. ഇതുവരെ ഫീസ് ബാധകമാകാത്ത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസുകൾ, മുൻകൂർ ജാമ്യാപേക്ഷകൾ, കേസുകൾ മാറ്റിവയ്ക്കൽ അപേക്ഷകൾ തുടങ്ങിയവയ്ക്കെല്ലാം പുതുതായി ഫീസ് ഏർപ്പെടുത്തണമെന്നാണ് സമിതി ശുപാർശ. പൊതു ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിക്ക് പിന്നീട് കൂടുതൽ നഷ്ടപരിഹാരം നൽകേണ്ടി വന്നാൽ അധിക തുകയുടെ നിശ്ചിത നിരക്ക് കോടതി ഫീസായി ഈടാക്കാനും ശുപാർശയുണ്ട്.
ശുപാർശയിൽ സർക്കാർ തീരുമാനമെടുക്കുന്ന മുറയ്ക്കേ ഫീസ് വർദ്ധന പ്രാബല്യത്തിൽ വരൂ. 2003-ലാണ് ഇതിനുമുമ്പ് കോടതി ഫീസ് വർദ്ധന വരുത്തിയത്. അന്ന് ഫീസ് ബാധകമല്ലാതിരുന്ന പലതിനും പുതുതായി ഫീസ് ബാധകമാകും.
വ്യവഹാരങ്ങൾക്കായി പൗരന്മാർ ചെലവിടേണ്ടിവരുന്ന തുകയിൽ കോടതി ഫീസുകൾ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ചെലവിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടി വരുന്നത് മറ്റു തരത്തിലുള്ള കോടതി ചെലവുകൾക്കാണ്. അധിക പങ്കും അഭിഭാഷക ഫീസിനത്തിൽ നൽകേണ്ടിവരും. ഇതിനൊന്നും മേൽ പരിധിയൊന്നുമില്ല. സ്വന്തമായി അഭിഭാഷകരുടെ സേവനം തേടാൻ നിവൃത്തിയില്ലാത്തവരെ സഹായിക്കാൻ സംവിധാനങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും സ്വന്തമായി അഭിഭാഷകരെ വച്ച് കേസ് വാദിക്കാനാകും താത്‌പര്യം.
ഹർജികളിൽ നിശ്ചിത കാലത്തിനകം തീർപ്പുണ്ടാകാനുള്ള സംവിധാനമുണ്ടെങ്കിൽ വ്യവഹാരച്ചെലവു ഗണ്യമായി കുറയ്ക്കാനാകും. അത്തരത്തിലൊരു സാഹചര്യം രാജ്യത്തില്ലാത്ത സ്ഥിതിക്ക് വേഗത്തിലുള്ള നീതി സ്വപ്നമായി ശേഷിക്കുകയേയുള്ളൂ. കോടതി ഫീസ് നിരക്കുകൾ കൂട്ടിയാലുമില്ലെങ്കിലും ആവശ്യം വന്നാൽ ജനങ്ങൾക്ക് കോടതികളെ ശരണം പ്രാപിച്ചേ മതിയാവൂ. ഇവിടെ സർക്കാരിന്റെ ലാഭനഷ്ടക്കണക്കിന് പ്രസക്തിയൊന്നുമില്ല. കോടതികളുടെ സുഗമമായ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഭരണ നിർവഹണത്തിന് കണക്കില്ലാതെ പണം മുടക്കുന്ന സർക്കാരിന് കോടതി ഫീസിൽ വർദ്ധന വരുത്തി 'നഷ്ടം" കുറയ്ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |