കോടാനുകോടി മനുഷ്യർ അധിവസിക്കുന്ന ഭൂമിയിൽ പരിചിത വലയങ്ങളിൽ മാത്രം അറിയപ്പെട്ട് ജീവിതം പൂർത്തീകരിച്ച് മടങ്ങുന്നവരാണ് അധികവും. ജീവിതകാലത്തു തന്നെ ലോകം മുഴുവൻ അറിയപ്പെടുന്ന നാമമായി മാറുന്നവർ അപൂർവത്തിൽ അപൂർവമാണ്. ഐതിഹാസികമായ ബഹിരാകാശ യാത്രയിലൂടെ അങ്ങനെയൊരു പേരായി മാറിയിരിക്കുന്നു, സുനിതാ വില്യംസ്. ലോകം മുഴുവൻ അർപ്പണബോധത്തിന്റെ ധീരമായ പ്രതീകമായിരിക്കുകയാണ് ഇന്ത്യൻ വംശജ കൂടിയായ ഈ അമേരിക്കക്കാരി. ബഹിരാകാശ നിലയത്തിൽ 286 ദിവസം പൂർത്തിയാക്കിയ സുനിതാ വില്യംസിനെയും ഒപ്പമുണ്ടായിരുന്ന ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരെയും വഹിച്ചുകൊണ്ട് സ്പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.27 നാണ് ഫ്ളോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഒഫ് അമേരിക്കയിൽ ഇറങ്ങിയത്.
ഇവരെ പ്രത്യേക പരിശോധനകൾക്കായി നാസയുടെ ഹൂസ്റ്റൺ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവ് പലതവണ മാറ്റിവയ്ക്കപ്പെട്ടിരുന്നത്, ഇവരുടെ ജീവൻ തന്നെ അപകടത്തിലായേക്കുമെന്ന ആശങ്ക പോലും പരത്തിയിരുന്നു. ശാസ്‌ത്രലോകത്തിന്റെ ഉജ്ജ്വലമായ ഒരു നേട്ടം കൂടിയാണ് ഇവരുടെ ഐതിഹാസികമായ മടങ്ങിവരവ്. ലോകം മുഴുവൻ അവരുടെ സുരക്ഷിതമായ മടങ്ങിവരവിന്റെ വാർത്ത കേൾക്കാൻ കാതോർത്തിരിക്കുകയായിരുന്നു.
ബഹിരാകാശ പര്യവേക്ഷണത്തിൽ സുനിതാ വില്യംസ് രചിച്ച വിജയഗാഥ ലോകമെമ്പാടുമുള്ള വനിതകൾക്കും യുവതലമുറയ്ക്കും പ്രചോദനമാകേണ്ടതാണ്.
2024 ജൂൺ അഞ്ചിനാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ഒരാഴ്ചത്തേക്കായിരുന്നു യാത്ര. എന്നാൽ ഇവർ ബഹിരാകാശ പേടകത്തിലേക്കു പോയ ബോയിംഗ് സ്റ്റാർ ലൈനർ പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതും പ്രതിസന്ധി രൂപപ്പെട്ടതും മടങ്ങിവരവ് ഒൻപതു മാസത്തിലേറെ നീളാൻ ഇടയാക്കി. സുനിതയുടെ മടങ്ങിവരവ് ആഘോഷിക്കാൻ ഗുജറാത്തിലെ ജുലാസൻ ഗ്രാമവും ഒരുങ്ങിയിരിക്കുകയാണ്. സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ, മെഹ്‌സാന ജില്ലയിലെ ഈ ഗ്രാമത്തിലാണ് ജനിച്ചത്. 1957-ലാണ് അദ്ദേഹം യു.എസിലേക്ക് കുടിയേറിയത്. 2007-ൽ റെക്കാഡുകൾ ഭേദിച്ച ആദ്യ ബഹിരാകാശ യാത്രയ്ക്കു ശേഷം സുനിത ജുലാസനിലെത്തിയിരുന്നു. അന്ന് ഗ്രാമവാസികൾ നൽകിയ സ്വീകരണത്തിൽ, 'അമേരിക്കൻ പൗരത്വമാണ് തനിക്കുള്ളതെങ്കിലും താൻ ഇപ്പോഴും ജുലാസന്റെ പുത്രിയാണ്" എന്ന് സുനിത പറഞ്ഞിരുന്നു.
അനിശ്ചിതത്വത്തിന്റെ നാളുകളെ ആത്മധൈര്യം കൈവിടാതെ അതിജീവിച്ചതാണ് ഈ ബഹിരാകാശ ദൗത്യത്തിലൂടെ സുനിതാ വില്യംസ് ലോകത്തിനു പകരുന്ന പാഠം. നാസയിൽ ചേരുന്നതിനു മുമ്പ് അവർ ലോകത്തെ ഏറ്റവും അപകടകരമായ ജോലികളിലൊന്നായ യുദ്ധ വിമാന ടെസ്റ്റ് പൈലറ്റ് ആയിരുന്നു. സുനിതാ വില്യംസിന് പ്രത്യേക സ്വീകരണം നൽകുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്കു ക്ഷണിച്ചിട്ടുണ്ട്. ആ ധീരവനിതയുടെ വിജയം ഇന്ത്യയ്ക്കു കൂടി അവകാശപ്പെട്ടതാണല്ലോ. സുനിതാ വില്യംസ് മണ്ണിൽ തിരിച്ചെത്തിയ ഈ വേള ശാസ്ത്രനേട്ടങ്ങളിൽ മനുഷ്യന് കൂടുതൽ അഭിമാനിക്കാൻ വക നൽകുന്നതാണ്. ബഹിരാകാശത്ത് സ്വന്തം നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2027-ൽ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യ. ഒന്നിനു പിറകെ ഒന്നായി ബഹിരാകാശ ദൗത്യങ്ങളിൽ ചരിത്രം കുറിക്കുന്ന ഇന്ത്യയുടെ വരാനിരിക്കുന്ന നേട്ടങ്ങൾക്ക് പ്രചോദനമാകാൻ സുനിതാ വില്യംസ് സൃഷ്ടിച്ച ചരിത്രം കൂടുതൽ കരുത്തു പകരുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |