
പലരും ചോദിക്കാറുണ്ട് ഈശ്വരൻ നമ്മുടെ ഉള്ളിൽത്തന്നെ ഉണ്ടല്ലോ. പിന്നെ എന്തിന് ഒരു ഗുരുവിനെ ആശ്രയിക്കണം? ശരിയാണ് നമ്മളിൽത്തന്നെ ഈശ്വരനും ഗുരുവുമുണ്ട്. പക്ഷേ നമ്മുടെ മനസ് വാസനയ്ക്ക് അടിമയായ മനസാണ്. നമ്മുടെ മനസ് നമ്മുടെ കൈകളിലല്ല, വാസനകളുടെ പിടിയിലാണ്. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം നീങ്ങുന്നത് അപകടമാണ്. എങ്ങനെയെന്നോ, ഒരിക്കൽ ഒരാൾ പല ഗുരുക്കന്മാരെയും സമീപിച്ചു. എല്ലാവർക്കും വിനയത്തെക്കുറിച്ചും അനുസരണയെക്കുറിച്ചും ശ്രദ്ധയെക്കുറിച്ചും ഭക്തിയെക്കുറിച്ചുമേ പറയുവാനുള്ളൂ. അതയാൾക്ക് ഇഷ്ടമായില്ല. ആരുടെയും അടിമയാകാൻ എനിക്കാവില്ല. അയാൾ ഉറച്ചു. അങ്ങനെ ചിന്തിച്ച് അയാൾ ഒരു വഴിയരികിൽ വന്നിരുന്നു. ഞാൻ കണ്ട ഗുരുക്കന്മാരാരും ശരിയായ രീതിയിൽ എന്നെ നയിക്കാൻ പോന്നവരല്ല. കുറച്ചു കഴിഞ്ഞ് ഇക്കാര്യം തന്നെ ചിന്തിച്ചുകൊണ്ട് എഴുന്നേറ്റു നടന്നു. മുന്നോട്ടു നീങ്ങുന്നതിനിടയിൽ അടുത്തു പുല്ലു തിന്നുകൊണ്ടിരുന്ന ഒരു ഒട്ടകം തലകുലുക്കുന്നത് അദ്ദേഹം കണ്ടു പുള്ളിക്കാരന് അതിശയമായി: 'ഓ, ഞാൻ മനസിൽ ചിന്തിച്ചത്. ആ ഒട്ടകം മനസിലാക്കി അംഗീകരിക്കയാണ്.
'ഇതുതന്നെ ഞാൻ അന്വേഷിച്ചു നടന്ന ഗുരു." അയാൾ ഒട്ടകത്തിന്റെ അടുത്തുചെന്നു ചോദിച്ചു: നിനക്കു എന്റെ ഗുരുവാകാമോ? ഒട്ടകം അപ്പോഴും തലകുലുക്കി. അയാൾക്കു സന്തോഷമായി. അതിനുശേഷം അയാൾ എന്തും ഒട്ടകഗു രുവനോടു ചോദിച്ചശേഷമേ ചെയ്യാറുള്ളൂ. എന്തു ചോദിച്ചാലും ഉടൻ ഒട്ടകം തലകുലുക്കുകയും ചെയ്യും. ഒരു ദിവസം അയാൾ ഒട്ടകത്തോടു ചോദിച്ചു 'ഞാൻ ഒരു പെൺകുട്ടിയെ കണ്ടു. അവളെ സ്നേഹച്ചോട്ടെ?" ഒട്ടകം തലകുലുക്കി. കു റച്ചു ദിവസം കഴിഞ്ഞു വീണ്ടും ഒട്ടകത്തനോട് അയാൾ ചോദിച്ചു: ഞാനവളെ കല്യാണം കഴിക്കട്ടെ? ഒട്ടകഗുരുവിന് അതും സമ്മതം. അല്പനാൾ കഴിഞ്ഞ് അയാൾ ചോദിച്ചു: 'ഞാനല്പം മദ്യപിച്ചോട്ടെ?" ഒട്ടകം അതിനും തലകുലുക്കി. അയാൾ പോയി വേണ്ടുവോളം മദ്യപിച്ച് വീട്ടിലെത്തി. അതുപിന്നെ ശീലമായി. ഇതു ഭാര്യക്കിഷ്ടമായില്ല. അപ്പോൾ അയാൾ ഒട്ടകഗുരുവിനെ വന്നു കണ്ടു. ഞാൻ അവളുമായി വഴക്കട്ടോട്ടെ? ഒട്ടകഗുരു സമ്മതിച്ചു. ഭാര്യയുമായി വഴക്കായി. അയാൾ ഒട്ടക ഗുരുവിനെ വീണ്ടും വന്നു കണ്ടു. ഞാനവളെ കുത്തിക്കൊല്ലട്ടെ? അപ്പോഴും ഒട്ടകഗുരു തലകുലുക്കി. പിന്നെ താമസമുണ്ടായില്ല അയാൾ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊന്നു. വിവരമറിഞ്ഞു പൊലീസുകാരെത്തി ആളെ വിലങ്ങുവച്ചു ജയിലിലടച്ചു. ജീവപരന്ത്യം ജയിലിൽ കിടക്കാൻ കോടതി വിധിക്കുകയും ചെയ്തു.
ഈ ഒട്ടകഗുരുവിനെപ്പോലെയാണ് ഇന്നു നമ്മുടെ മനസ്. ശരിയോ തെറ്റോ എന്നു നോക്കാതെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എല്ലാം മനസിന് പൂർണ്ണസമ്മതമാണ്. നന്മതിന്മകളെക്കുറച്ചോ, ഭാവിയെക്കുറച്ചോ ചിന്തയില്ല. ഇങ്ങനെ വാസനയ്ക്കടിമയായ മനസിനെ ആശ്രയിച്ചു പോയാൽ അവസാനം എന്നത്തേക്കുമുള്ള ബന്ധനമാണു ഫലം. ഇന്നു നമ്മളിലുള്ളത് വിവേകബുദ്ധിയല്ല, അവിവേകബുദ്ധിയാണ്. അതിനാൽ ശരിയായ പാത കാട്ടിത്തരുന്ന ഗുരുവിന്റെ വാക്ക് അനുസരിച്ച് നീങ്ങുന്നതാണ് ഉത്തമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |