
കണ്ട് മറക്കാനല്ല, മനസിലെന്നും സൂക്ഷിക്കാനാവുന്ന ഒരുപിടി പരസ്യ ചിത്രങ്ങളാണ് ദീപക് തോമസ് മലയാളികൾക്ക് സമ്മാനിച്ചത്. സൊമാറ്റോ ഓണം ക്യാമ്പയിൻ,യൂണിടേസ്റ്റ് ക്യാമ്പയിൻ,നെസ്ലേ മഞ്ചിന്റെ ഓണം ക്യാമ്പയിൻ തുടങ്ങി നിരവധി പരസ്യ ചിത്രങ്ങൾ. കഴിഞ്ഞ ഓണത്തിന് ടാറ്റ മോട്ടോഴ്സിന് വേണ്ടി ദീപക് ചെയ്ത പരസ്യ ചിത്രം ലക്ഷക്കണക്കിന് ആളുകളുടെ കണ്ണിലുടക്കി . ഇപ്പോൾ സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തി യാത്ര. അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത സംവിധായകൻ സംഗീത് ശിവന്റെ മകൾ സജ്നയുടെ ഭർത്താവ് ആണ് ദീപക്. സിനിമയുടെയും പരസ്യലോകത്തിന്റെയും വിശേഷങ്ങൾ ദീപക് പങ്കിടുന്നു.
പരസ്യ ചിത്രങ്ങളുടെ ലോകം എപ്പോൾ ആകർഷിച്ചു ?
അങ്കമാലിക്കടുത്ത് മൂക്കന്നൂരാണ് നാട്. ഡൽഹിയിലാണ് ജനിച്ചു വളർന്നത്. കുട്ടിക്കാലം മുതൽ സിനിമയോട് ഇഷ്ടം തോന്നി.
. 15-ാം വയസിൽ വായിച്ച മീര നായരുടെ നെയിം സേക് എന്ന പുസ്തകം ഏറെ സ്വാധീനിച്ചു. ആ സൃഷ്ടി സിനിമയായി കണ്ടപ്പോൾ അദ്ഭുതം തോന്നി. കൊൽക്കത്ത സെന്റ് സേവിയേഴ്സ് കോളേജിൽ പഠിക്കുമ്പോഴാണ് കഹാനി സിനിമയിൽ അസിസ്റ്റ് ചെയ്യാൻ അവസരമൊരുങ്ങിയത് . കോളേജിന് ശേഷം മുംബയിലേക്ക് പോയി. പരസ്യചിത്രങ്ങളിൽ പ്രവർത്തിച്ചു . 'തുടരും' സിനിമയിലെ വില്ലനായ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയാണ് റോൾ മോഡൽ. 2013ലാണ് സ്വതന്ത്രമായി ആദ്യ പരസ്യ ചിത്രം ചെയ്തത്. കാഡ്ബറിക്ക് വേണ്ടി രക്ഷാബന്ധൻ എന്ന പ്രമേയത്തിൽ 'സോംഗ്സ് ഫോർ സിസ്റ്റേഴ്സ്' ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ചെറുതും വലുതുമായ നിരവധി പരസ്യ ചിത്രങ്ങൾ.
അവിയൽ ബാൻഡിന്റെ ആരാധകൻ ?
അവിയലിന്റെ വലിയ ആരാധകനാണ് ഞാൻ. അവരുടെ ആടു പാമ്പേ,നടനട തുടങ്ങിയ പാട്ടുകൾ കോളേജ് പഠന കാലത്ത് ആകർഷിച്ചു. മലയാളികളല്ലാത്തവരും അവിയലിന്റെ ആരാധകരാണ്. ഓണത്തിന് സാധാരണ കേൾക്കുന്ന സംഗീതത്തിൽ നിന്നു വ്യത്യസ്തമായി റോക്ക് തീം കൊണ്ടുവരാനാണ് ശ്രമിച്ചത്. ആ പരീക്ഷണം ജനങ്ങൾ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഓണം സ്പെഷ്യലായിരുന്നു. ടാറ്റ മോട്ടോഴ്സിന് ചെയ്ത പരസ്യം ഓണത്തിനാണ് റിലീസായത്. ടാറ്റ മോട്ടോഴ്സിന് വേണ്ടി ഒരു ക്യാമ്പയിൻ കഴിഞ്ഞവർഷം ചെയ്തു. അവിയൽ ബാൻഡിന്റെ 'നടനട....'എന്ന ഗാനം അപ്പോൾ പരസ്യത്തിൽ ഉപയോഗിച്ചു.
സിനിമ ?
'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ റോബിൻ ജോയുമായി ചേർന്ന് തിരക്കഥ എഴുതുന്നു. മലയാളത്തിലാണ് സിനിമ. നാട്ടിലെത്തി പരസ്യം ചെയ്യുമ്പോൾ ഇവിടുത്തെ സംസ്കാരവും മനസിലാക്കാനാവും. സിനിമ ചെയ്യുമ്പോൾ അത് സഹായിക്കുകയും ചെയ്യും.അടുത്ത വർഷം ഷൂട്ട് ചെയ്യാനാണ് ആഗ്രഹം.
സംഗീത് ശിവന്റെ സ്വാധീനം ?
മുംബയിൽ പരിശീലനം ലഭിച്ചതിനാൽ എന്റെയും ഇവിടുത്തെ രീതിയും വ്യത്യസ്തമായിരുന്നു. അന്ന് അച്ഛൻ കുറെ ഉപദേശം തന്നു. ' ക്രൂവിന്റെ കാഴ്ചപ്പാടിന് ഒപ്പം ഒത്തുപോകണമെന്നും അപ്പോൾ അവർ എന്തും ചെയ്തു തരുമെന്നും 'അച്ഛൻ പറഞ്ഞ വാക്കുകൾ എന്നെ സ്പർശിച്ചു. സമയബന്ധിതമായൊരു പ്രോജക്ട് തീർക്കണമെന്ന് നിഷ്കർഷിക്കുന്നതിനേക്കാൾ ഫലപ്രദമാണ് ഈ രീതിയെന്ന് മനസിലാക്കി. അങ്ങനെ എന്റെ സിനിമ എന്റെ ടീമിന്റെയും കൂടിയായി. സൊമാറ്റോയുടെ ഓണം പരസ്യം ചെയ്തത് മഴയത്തായിരുന്നു. ആകെ ലഭിച്ച അഞ്ച് മണിക്കൂർ ഫലപ്രദമായി വിനിയോഗിച്ചത് അച്ഛനിൽ നിന്ന് ലഭിച്ച പാഠങ്ങളിലൂടെയാണ്. അച്ഛന്റെ സെറ്റിൽ എപ്പോഴും ആ വൈബ് കാണാനാകും. ചാടിക്കയറി സിനിമയെടുക്കാതെ ശക്തമായ അടിത്തറ ഉണ്ടാക്കിയെടുക്കണം എന്ന ഉപദേശവും അച് ഛൻ നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |