
സ്റ്റീൽ ബിൽഡിംഗ് മേഖലയിലെ ലോകോത്തരസ്ഥാപനമായ കിർബിയുടെ സി.ഇ.ഒ. ആയി ജോലി ചെയ്യുന്നതിനിടെ, ആ പദവി വിട്ടെറിഞ്ഞ് തൃശൂർ കേന്ദ്രമാക്കി ഒരു സ്റ്റീൽ ബിൽഡിംഗ് കേന്ദ്രം തുടങ്ങാൻ ജോസഫ് മാത്യു ശങ്കുരിക്കലിന് കരുത്തായത് ആത്മവിശ്വാസവും ചങ്കൂറ്റവും പരിചയസമ്പത്തുമായിരുന്നു. രണ്ടു പതിറ്റാണ്ടാകുമ്പോഴേയ്ക്കും, മാഞ്ചസ്റ്ററിലും മെൽബണിലും രണ്ട് രാജ്യാന്തര ഓഫീസുകൾ. ആഫ്രിക്ക ൻ രാജ്യങ്ങൾ, യു.കെ, ഓസ്ട്രേലിയ, മൗറിഷ്യസ്, ഫിജി, മാലദ്വീപ് തുടങ്ങിയ ലോകത്തെ 20 രാജ്യങ്ങളിൽ സാന്നിദ്ധ്യം. ആന്ധ്ര, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര. അസം, മേഘാലയ, ത്രിപുര അടക്കമുളള വിവിധ സംസ്ഥാനങ്ങളിലും പടർന്നു പന്തലിക്കുകയായിരുന്നു, ജോസഫ് മാത്യുവിന്റെ സാരഥ്യത്തിലുളള പ്രൈം ഗ്രൂപ്പ്. കേരളത്തിൽ നിന്ന് 18 രാജ്യങ്ങളിലേക്ക് സ്റ്റീൽ ഉൽപ്പന്നം കയറ്റി അയക്കുകയെന്നത് ഒരു മലയാളി സംരംഭകന് സ്വപ്നം കാണാൻ കഴിയാത്ത കാലത്താണ്, 2006 ൽ കോണത്തുകുന്നിൽ പ്രൈം ഗ്രൂപ്പിന് തറക്കല്ലിടുന്നത്. തുടർന്ന് മുണ്ടൂർ അയ്യങ്കുന്നിലും കഞ്ചിക്കോടും ഫാക്ടറികളും പുഴയ്ക്കലിൽ കോർപറേറ്റ് ഓഫീസും സ്ഥാപിച്ച് പ്രവർത്തിക്കുന്ന പ്രൈം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ജോസഫ് മാത്യു എന്നും കാത്തുസൂക്ഷിക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസ്യതയ്ക്കാണ്. ഒരു ഫോൺകോളിൽ അവരുടെ എന്തു പ്രശ്നങ്ങളും ഞൊടിയിടയിൽ പരിഹരിച്ചിരിക്കും എന്നതാണ് ജോസഫ് മാത്യു നൽകുന്ന ഉറപ്പ്. അതാണ് തന്റെ വിജയമെന്നും അദ്ദേഹം പറയുന്നു. ന്യൂമലയാളം ഗ്രൂപ്പുമായി ചേർന്ന് മംഗലാപുരത്തിനും ഉഡുപ്പിക്കും ഇടയിൽ വിപുലമായ പ്രീ എൻജിനിയേർഡ് ബിൽഡിംഗ് കെട്ടിപ്പടുക്കാനൊരുങ്ങുകയാണ് അദ്ദേഹം.
ഇനി ഹോട്ട്ഡിപ്പ്
ഗാൽവനൈസേഷനിലേക്ക്
ഹോട്ട്ഡിപ്പ് ഗാൽവനൈസേഷൻ നടത്തിയുളള ഇരുമ്പ് ഉത്പന്നങ്ങളുടെ നിർമ്മാണമാണ് ഇനി പ്രൈം ഗ്രൂപ്പിന്റെ ശ്രദ്ധാകേന്ദ്രം. ഇരുമ്പും സ്റ്റീലും സിങ്ക് കൊണ്ട് പൂശുന്ന പ്രക്രിയയാണിത്. ഇരുമ്പോ സ്റ്റീലോ ഉയർന്ന താപനിലയിൽ ഉരുകിയ സിങ്ക് ബാത്ത് ടബ്ബിൽ മുക്കിവയ്ക്കുന്നു. ലോഹത്തിന്റെ ഉപരിതലത്തിൽ സിങ്ക് കാർബണേറ്റ് രൂപപ്പെടുന്നു.
ഇത് വളരെ ശക്തമായ വസ്തുവാണ്. കടലിലായാലും മഞ്ഞിലായാലും ലോകത്തെ ഏത് തരം കാലാവസ്ഥയിലും മണ്ണിലും തുരുമ്പുപിടിക്കാതെ അരനൂറ്റാണ്ടിലേറെക്കാലം നിലനിൽക്കും. ഇരുമ്പിന് നൂറുശതമാനം ഉറപ്പാണ് ഹോട്ട്ഡിപ്പ് ഗാൽവനൈസേഷൻ നൽകുന്നത്. വിദേശങ്ങളിൽ ഇത് ഏറെ പ്രചാരത്തിലായിക്കഴിഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ അതിവേഗം സ്റ്റീൽ ബിൽഡിംഗുകൾ നിർമ്മിക്കാനാവും. ഹോട്ട്ഡിപ്പ് ഗാൽവനൈസേഷൻ വന്നതോടെ തുരുമ്പിക്കുമെന്ന ആശങ്കയും ഇല്ലാതായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ കേരളത്തിൽ സ്റ്റീൽ ബിൽഡിംഗുകൾക്ക് വലിയ പ്രചാരമാണുണ്ടായത്. വാടകക്കെടുക്കുന്ന സ്ഥലങ്ങളിൽ നിർമ്മിച്ച ശേഷം മാറ്റി സ്ഥാപിക്കാമെന്നതാണ് പെട്ടെന്നുളള പ്രചാരത്തിന് പിന്നിൽ. എത്രനിലയുളള ഷോപ്പിംഗ് മാളുകളും നിർമ്മിക്കാനാവും. തൃശൂരിൽ 7 നിലയുള്ള ആശുപത്രിക്കെട്ടിടം സ്റ്റീൽ സ്ട്രക്ചറിൽ നിർമിച്ചതും നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ സിസ്റ്റം നിർമിച്ചതുമൊക്കെ ജോസഫ് മാത്യുവിന്റെ ക്രെഡിറ്റിലുണ്ട്. ചൈനീസ് കമ്പനികളുടെ കടുത്ത മത്സരങ്ങളെ അതിജീവിക്കാൻ കഴിയുമെന്നു കൂടിയാണ് ജോസഫ് മാത്യു തെളിയിക്കുന്നത്.
ഉപഭോക്താക്കളിൽ ഏറെയും ഇന്ത്യക്കാരാണെങ്കിലും ഒരിക്കൽ പ്രൈം ഗ്രൂപ്പിന്റെ സ്റ്റീൽ ബിൽഡിംഗ് സൊല്യൂഷൻ തേടിയവർ വീണ്ടും അതേ ആവശ്യത്തിന് വീണ്ടും സമീപിക്കുന്നുവെന്നതാണ് തങ്ങളുടെ വിജയമെന്ന് ജോസഫ് മാത്യു പറയുന്നു. മെയ്ഡ് ഇൻ കേരള ബ്രാൻഡിനോട് ലോകത്തെ ഉപഭോക്താക്കൾക്ക് പ്രത്യേകമായൊരു താൽപര്യമുണ്ട്. കേരളത്തിലെ ബ്രാൻഡ് സാരഥികളുമായി ഇടപാടുകൾ നടത്താൻ
അവർ ഇഷ്ടപ്പെടുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യില്ല. ആജീവനാന്തബന്ധമാണ് ഓരോ ബ്രാൻഡുടമയും ആഗ്രഹിക്കുന്നത്. ഇത് കേരള ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ മികച്ച സ്വീകാര്യത നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും സങ്കീർണമായ എൻജിനീയറിംഗ് പ്രശ്നങ്ങൾ പോലും പരിഹരിക്കാനുള്ള വൈവിധ്യവും വർഷങ്ങളുടെ പാരമ്പര്യവും ഒരൊറ്റ മനസോടെ പ്രവർത്തിക്കുന്ന ടീമുമാണ് പ്രൈമിനെ ആഗോള വിപണിയിലടക്കം കരുത്തരാക്കിയത്. റൂഫിംഗ് ഷീറ്റുകൾ നിർമിച്ച് മാനുഫാക്ചറിംഗ് രംഗത്തേക്ക് കടന്ന പ്രൈം ഗ്രൂപ്പ് ഇന്ന് സാൻഡ് വിച്ച് പാനൽ, പ്രീ എൻജിനിയേർഡ് ബിൽഡിംഗ്, പോളി കാർബണേറ്റ് ക്ലാഡിംഗ്, വിൻഡ് എനർജി ടർബോ വെന്റിലേറ്റർ തുടങ്ങി നിരവധി രംഗങ്ങ ളിൽ ശക്തമായ സാന്നിദ്ധ്യമാണ്.
സ്ട്രക്ചറൽ എൻജിനീയറുടെ
മകന്റെ വിജയഗാഥ
തൃശൂർ ചേറൂരിലായിരുന്നു ജോസഫ് മാത്യുവിന്റെ ജനനം. പിതാവ് എസ്.ജെ മാത്യു തൃശൂരിൽ അറിയപ്പെടുന്ന സ്ട്രക്ചറൽ എൻജിനീയറിംഗ് കൺസൾട്ടന്റായിരുന്നു. അമ്മ മേരി. നിർഭയത്വം പഠിച്ചെടുത്തത് പിതാവിൽ നിന്നാണ്. എത്ര സങ്കീർണമായ എൻജിനീയറിംഗ് പ്രശ്നത്തിനും പരിഹാരം അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് സിവിൽ എൻജിനീയറിംഗ് ബിരുദം നേടിയ ശേഷം നാലുവർഷത്തോളം അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. ദുബായിൽ സ്ട്രക്ചറൽ എൻജിനീയറായി പരിശീലനം തുടർന്നു. ഒടുവിൽ കിർബിയിൽ സി.ഇ.ഒ. ആയി ചുമതലയേൽക്കുമ്പോൾ എൻജിനീയറിംഗ് മേഖലയിൽ നിന്ന് എത്തുന്ന ആദ്യ
സി.ഇ.ഒ ആയി മാറി.
കേരളത്തിനകത്തും പുറത്തും വൻകിട സ്റ്റീൽ ബിൽഡിംഗ് പദ്ധതികൾ സമയ ബന്ധിതമായി പ്രൈം ചെയ്തു നൽകിയിട്ടുണ്ട്. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവയായി നിരവധി പദ്ധതികളുമുണ്ട്.
ഇന്ത്യയിലെമ്പാടും ബിസിനസ് വ്യാപിപ്പിച്ച പ്പോൾ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് ഫാക്ടറികൾ വ്യാപിപ്പിക്കാൻ ഒരിക്കൽ ചിന്തിച്ചിരുന്നതായി ജോസഫ് മാത്യു പറയുന്നു. പക്ഷേ, കേരളം അനുകൂലമാണെന്ന് തിരിച്ചറിയുകയായിരുന്നു.
തൊഴിലാളി പ്രശ്നങ്ങൾ പ്രൈമിന് ഉണ്ടായിട്ടില്ല. ബിസിനസ് നടത്തിപ്പിന് കേരളത്തിൽ മാത്രമായി വലിയ പ്രശ്നങ്ങളില്ല. നമ്മുടെ നാട്ടിലെ പരിസ്ഥിതിക്ക് ഇണങ്ങാത്തവ ഇവിടെ പറ്റില്ല. അത്ര മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്ന് ജോസഫ് മാത്യു ചൂണ്ടിക്കാട്ടുന്നു. ഒരു പദ്ധതി നാട്ടിൽ നടക്കുമ്പോൾ അതിന്റെ ഗുണഫലം ആ നാട്ടുകാർക്ക് ലഭിക്കണം. അതിന് കുറച്ച് തുക മാറ്റിവെയ്ക്കേണ്ടി വന്നാൽ അതിനെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഒരു കാര്യമായി മാത്രം കണ്ടാൽ മതിയെന്നതാണ് ജോസഫ് മാത്യുവിന്റെ നിലപാട്.
കൊവിഡ് ഹോസ്പിറ്റൽ ജോസഫ്
മാത്യുവിനെ ശ്രദ്ധാകേന്ദ്രമാക്കി
2021 മേയ് ആറിന് കൊവിഡിന്റെ രണ്ടാം തരംഗംതാണ്ഡവമാടുമ്പോൾ 6 ബ്ലോക്കുകളിലായി 100 കിടക്കകളുള്ള ഒരു ആശുപത്രി 26 ദിവസം കൊണ്ട് നിർമ്മിച്ചതോടെയാണ് ജോസഫ് മാത്യു രാജ്യത്ത് തന്നെ ശ്രദ്ധേയനാകുന്നത്.
ഇങ്ങനെയൊരു ആശുപത്രി നിർമ്മിക്കാമോ എന്ന് ബംഗളൂരുവിലെ സംഘടനയിൽനിന്ന് ചോദ്യം വന്നപ്പോൾ ഡബിൾ ഒകെ പറഞ്ഞാണ് ജോസഫ് മാത്യു തന്റെ ആത്മവിശ്വാസവും ചങ്കൂറ്റവും തെളിയിച്ചത്. ബംഗളൂരു നിംഹാൻസ് ആശുപത്രിയുടെ കോംപൗണ്ടിലായിരുന്നു നിർമിച്ചത്. 110 ജനാലകളും 75 വാതിലുകളും 140 ഫാനുകളുമുള്ള 15,000 ചതുരശ്രയടിയിലുളള ആശുപത്രി, അതേപടി അഴിച്ചു മാറ്റി കൊണ്ടുപോയി മറ്റൊരിടത്ത് സ്ഥാപിക്കാൻ കഴിയുന്നതായിരുന്നു. ആ ഹോസ്പിറ്റൽ പ്രൈം ഗ്രൂപ്പിന്റെ പ്രൈം ആയി മാറി. സാമൂഹ്യപ്രതിബദ്ധതയുടെ നേർക്കാഴ്ചയും...
കുടുംബത്തിന്റെ കരുത്ത്
ധനസമ്പാദനത്തിനു വേണ്ടി മാത്രം ഓടിപ്പാഞ്ഞുനടക്കുന്ന സംരംഭകനല്ല ജോസഫ് മാത്യു. കുടുംബത്തേയും സമൂഹത്തേയും ചേർത്തുപിടിച്ചു മാത്രമേ ഇന്നേവരെ മുന്നോട്ടുപോയിട്ടുളളൂ. വൈകിട്ട് ബാഡ്മിൻഡൻ കളി നിർബന്ധം. സാമൂഹ്യമാദ്ധ്യമങ്ങൾക്കും മൊബൈലിനും അടിമയാകാതെ, യാത്രകളും സാമൂഹ്യപ്രവർത്തനങ്ങളുമെല്ലാമാണ് ജോസഫ് മാത്യുവിന് പ്രിയം. കമ്പനിയുടെ സി.എഫ്.ഒ.യാണ് ഭാര്യ ബിന്ദു ജോസഫ്. മകൾ മേരിആൻ മെൽബണിൽ പി.എച്ച്.ഡി. ഗവേഷണത്തിലാണ്. മകൻ മാത്യു ദേവമാത കാംബ്രിഡ്ജ് സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥിയാണ്.
വിദേശസന്ദർശനങ്ങൾ പ്രൈം
പ്രൊമിനേഡിന് അടിത്തറയായി
ജോസഫ് മാത്യുവും ഭാര്യയും മക്കളുമായി നൂറോളം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. യാത്രകളിൽ ഓരോ രാജ്യത്തെയും ആഴത്തിൽ പഠിക്കാനാണ് ശ്രമിച്ചത്. ആ നിരീക്ഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതായിരുന്നു തൃശൂർ പുഴയ്ക്കലിലെ പ്രൈം പ്രൊമിനേഡ്. ഇത് കേവലം ഒരു കച്ചവടസ്ഥാപനമല്ല. സാമൂഹ്യപ്രതിബദ്ധതയുടെ കാഴ്ചയാണിത്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിയാണ് സവിശേഷത. ആരോഗ്യകരമായ ഭക്ഷണവും ഡയറ്റിംഗും ആധുനികജനതയ്ക്ക് പുതിയ രീതിയിൽ അനുഭവവേദ്യമാകുന്ന ഇടം കൂടിയാകും പ്രൈം പ്രൊമിനേഡ്. നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും കായികപ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തമാണ് ജോസഫ് മാത്യുവും കുടുംബവും ഈ സ്ഥാപനം തുടങ്ങുന്നതിലൂടെ നിറവേറ്റുന്നത്. ഏതാനും മാസങ്ങൾക്കുളളിൽ തന്നെ പ്രവർത്തനസജ്ജമാകും.പ്രൈം ഗ്രൂപ്പ് നേരിട്ടാണ് ഇതിലെ എല്ലാ സംരംഭങ്ങളും സ്ഥാപനങ്ങളും നടത്തുന്നത്.
വിനോദവും വിജ്ഞാനവും കായികപ്രവർത്ത നങ്ങളുമെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പ്രൈം പ്രാെമിനേഡിനെപ്പോലെയുളള സ്ഥാപനങ്ങൾ രാജ്യത്ത് തന്നെ ആദ്യ കാഴ്ചയാകും. മറ്റ് സ്ഥാപനങ്ങൾക്കും ഇതൊരു മാതൃകയും പ്രചോദനവുമാകുമെന്ന് ജോസഫ് മാത്യു വിശ്വസിക്കുന്നു.
പ്രൈം പ്രൊമിനേഡിലെ
സവിശേഷതകൾ:
വിസ്തൃതി: 40000 ചതുരശ്ര അടി.
സംരംഭങ്ങൾ: 12.
രണ്ട് സ്വകാര്യ നീന്തൽക്കുളങ്ങൾ.
24 മണിക്കൂറും പ്രവർത്തിക്കുന്ന ജിംനേഷ്യം.
സ്റ്റീൽ ഡിസൈൻ ആൻഡ് ടെക് ല ത്രീ ഡി ഇൻസ്റ്റിറ്റിയൂട്ട്.
മൾട്ടി ബ്രാൻഡ് സ്റ്റോർ.
മൾട്ടി പർപ്പസ് ഹാൾ.
വെൽനെസ് സ്പാ.
ബ്യൂട്ടി സലൂൺ.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, ഡയറ്റ്, ഡയബറ്റിക് സെന്റർ.
24 മണിക്കൂറും പ്രവർത്തിക്കുന്ന കഫേ.
PS-5 ഗെയ്മിംഗ് സെന്റർ.
ഫ്ളൈറ്റ് ആൻഡ് F1 സിമുലേറ്റർ.
ബൗളിംഗ് ആലിയ.
ഷൂട്ടിംഗ് റേഞ്ച്.
ഡാർട്ടിംഗ് റേഞ്ച്.
ഇൻഡോർ ക്രിക്കറ്റ് -ബാറ്റിംഗ് പിച്ച്.
ഇ.വി. ചാർജിംഗ് സ്റ്റേഷനുകൾ.
കാർപാർക്കിംഗ് ആൻഡ് വാലറ്റ് സർവീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |