മലപ്പുറം ജില്ലയിലെ കൂരിയാട്ട്, ദേശീയപാത 66-ന്റെ ഭാഗമായ എലിവേറ്റഡ് ഹൈവേ തകർന്ന സംഭവത്തിൽ നിർമ്മാണപ്പിഴവിന് ഉത്തരവാദികളെന്നു കണ്ടെത്തിയ ഉന്നതോദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാരും നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയും സ്വീകരിച്ച കടുത്ത നടപടിയെ ഉചിതവും മാതൃകാപരവുമെന്നു മാത്രം പറഞ്ഞാൽ പോരാ, ധീരമെന്നു കൂടി വിശേഷിപ്പിക്കുകയും അഭിനന്ദിക്കുകയും വേണം. ദേശീയപാതയുടെ ഈ സ്ട്രെച്ചിലെ സൈറ്റ് എൻജിനിയറെ പിരിച്ചുവിട്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തകർന്ന റോഡ്, കരാർ കമ്പനിയായ കെ.എൻ.ആർ കൺസ്ട്രക്ഷൻസ് സ്വന്തം ചെലവിൽ പൊളിച്ചുപണിയണം. ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് തുടർന്നുണ്ടാകുന്ന കരാറുകളിൽ നിന്ന് കമ്പനിയെ ഒഴിവാക്കിയത് ഉൾപ്പെടെയുള്ള നടപടികൾക്കു പിന്നാലെയാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥതല നടപടി. നിർമ്മാണപ്പിഴവുകൾക്ക് കരാർ കമ്പനിക്കു മാത്രം ശിക്ഷ വിധിക്കുന്ന സാധാരണ നടപടിയിൽ നിന്ന് വ്യത്യസ്തമായാണ്, ജാഗ്രതക്കുറവിന് കടുത്ത ശിക്ഷ എന്ന സന്ദേശം ഉദ്യോഗസ്ഥ സമൂഹത്തിനാകെ നൽകുന്ന പിരിച്ചുവിടൽ നടപടി.
കൂരിയാട് എലിവേറ്റഡ് ഹൈവേയുടെ ഭിത്തിയുടെ ഒരു ഭാഗം തകർന്ന് സർവീസ് റോഡിലേക്കു വീണത് ഇക്കഴിഞ്ഞ മേയ് 19-നാണ്. സർവീസ് റോഡിലൂടെ വരികയായിരുന്ന കാറിനു മുകളിലേക്ക് കല്ലും മണ്ണും പതിച്ചെങ്കിലും യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു. തൊണ്ണൂറു ശതമാനവും നിർമ്മാണം പൂർത്തിയായ പാതയിലാണ് ഇതു സംഭവിച്ചതെന്ന് ഓർക്കണം! ഉയർത്തിക്കെട്ടിയ പാതയുടെ ഭാരം താങ്ങുവാൻ, വയൽമണ്ണിൽ പണിത അസ്തിവാരത്തിന് ശേഷിയില്ലായിരുന്നുവെന്ന് പിന്നീട് നടത്തിയ പരിശോധനകളിൽ കണ്ടെത്തി. ദേശീയപാത പോലെ, തുടർച്ചയായി ഭാരവാഹനങ്ങളുടെ മർദ്ദം താങ്ങേണ്ടിവരുന്ന റോഡിന്റെ നിർമ്മാണത്തിൽപ്പോലും ലാഭമോഹത്തോടെ ക്രമക്കേടുകൾ കാട്ടിയവർ ചെയ്തത് ക്രിമിനൽ കുറ്റകൃത്യം തന്നെയാണ്. അങ്ങേയറ്റം കൃത്യതയോടെയും ജാഗ്രതയോടെയും നിർവഹിക്കേണ്ട റോഡ് നിർമ്മാണമാണ് മനുഷ്യജീവന് തെല്ലും വിലകല്പിക്കാതെ കെണി പോലെ പണിതുവച്ചത്.
കരാർ കമ്പനി നൂറുശതമാനം ശുഷ്കാന്തിയോടെ നിർമ്മാണ പ്രവൃത്തി നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് എൻ.എച്ച്.എ.ഐയുടെ ഉദ്യോഗസ്ഥർ തന്നെയാണ്. അതിൽ സംഭവിച്ച വീഴ്ചയ്ക്കാണ് ഈ നടപടി. രാജ്യത്ത് അടിസ്ഥാനസൗകര്യ മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും ചെലവേറിയതും ബൃഹത്തുമായ പദ്ധതിയാണ് ദേശീയപാതകളുടെ വികസനം. സംസ്ഥാനത്ത് നിലവിലുള്ള ദേശീയപാതകളുടെ വികസനത്തിനും, പുതിയ ബൈപാസുകളുടെയും മറ്റും നിർമ്മാണത്തിനും കൂടി കേന്ദ്ര സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ചിരിക്കുന്നത് 23,000 കോടി രൂപയാണ്! രാജ്യത്ത് ഈ ഇനത്തിൽ ഏറ്റവും അധികം തുക അനുവദിച്ചിരിക്കുന്നതും കേരളത്തിനു തന്നെ. ഇത്രയും ബൃഹത്തായ പദ്ധതിയുടെ ഭാഗമായ നിർമ്മാണത്തിലാണ് കരാർ കമ്പനി, നാഷണൽ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ക്രമക്കേടുകൾ കാട്ടി കൊള്ളലാഭത്തിന് പഴുതിട്ടത്.
ദേശീയപാതാ നിർമ്മാണ കരാറെടുത്ത കമ്പനികളുടെ നിർമ്മാണ പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കു മാത്രമല്ല, സംസ്ഥാനപാതകളുടെ ചുമതലയുള്ള നമ്മുടെ പൊതുമരാമത്ത് വകുപ്പിലെ എൻജിനയർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും കൂടി പാഠമാകേണ്ടതാണ് കേന്ദ്ര നടപടി. ദേശീയപാതാ വികസനം രാജ്യവ്യാപകമായി പൂർത്തിയാകുമ്പോൾ ടോൾ ഇനത്തിൽ സഹസ്രകോടികളുടെ വരുമാനമാകും വർഷംതോറും കേന്ദ്ര ഖജനാവിലേക്ക് എത്തുക. ടോൾ കമ്പനികളുടെ കള്ളകണക്കുളെ മറികടക്കാൻ ഫാസ്ടാഗ് സമ്പ്രദായം ഏർപ്പെടുത്തിയതിലൂടെ ടോൾ തുക ബാങ്കുകൾ വഴി നേരിട്ട് സർക്കാരിനു ലഭിക്കുന്നതു കാരണം ഈ ഇനത്തിൽ നേരത്തെ സംഭവിച്ചിരുന്ന ഭീമമായ ചോർച്ചയും ഒഴിവായി. എവിടെയും, വികസനത്തിലേക്കുള്ള വിസ്തൃത കവാടമാണ് അതിവേഗ പാതകൾ. അതിന് അടിത്തറയാകേണ്ട പാതകളിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ചുമതല കേന്ദ്ര സർക്കാരിനുണ്ട്. ആ പ്രതിബദ്ധതയും നിശ്ചയദാർഢ്യവും ഉറപ്പാക്കുന്നതു കൂടിയാണ് ഉദ്യോഗസ്ഥ പിഴവിനുള്ള 'കടുപ്പമുള്ള മരുന്ന്."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |