SignIn
Kerala Kaumudi Online
Saturday, 02 August 2025 12.36 AM IST

മുണ്ടക്കൈ ഓർമ്മപ്പെടുത്തുന്നത്

Increase Font Size Decrease Font Size Print Page
a

രാജ്യം ഒന്നടങ്കം ഞെട്ടിയ വയനാട് ഉരുൾദുരന്തത്തിന് ഒരുവർഷം തികയുമ്പോഴും വയനാടിന്റെ ഹൃദയത്തിനേറ്റ മുറിവ് ഇനിയും മാഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലായ് 30നായിരുന്നു മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളെ പാടെ തുടച്ച് നീക്കിയ ഉരുൾ വെള്ളരിമലയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത്. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും ഈ മേഖലയിൽ ഇന്നലെ പ്രകൃതി പോലും മൂടിക്കെട്ടിയ നിലയിലായിരുന്നു. തികച്ചും വൈകാരികമായ അന്തരീക്ഷത്തിലാണ് അനുസ്മരണ ചടങ്ങുകൾ നടന്നത്. ഒരു രാത്രിയുടെ മറവിൽ പൊലിഞ്ഞത് 298 വിലപ്പെട്ട മനുഷ്യ ജീവനുകളും കുറെയധികം ജീവിതങ്ങളുമാണ്. വയനാടിന്റെ വിവിധ മേഖലകളിൽ നിന്നായി ഉരുൾ ദരിതബാധിതർ ദുരന്തഭൂമിയിലെ അനുസ്മരണ ചടങ്ങുകളിലേക്ക് എത്തിയതും വൈകാരിക നിമിഷങ്ങൾക്ക് വേദിയായി. നിറകണ്ണുകളോടെ നിന്ന ഓരോരുത്തർക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തെ ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല.

മുണ്ടക്കൈയിൽ 33 വിദ്യാർത്ഥികളുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്താൻ എത്തിയത് അദ്ധ്യാപകരും സഹപാഠികളുമായിരുന്നു. ഈ രംഗം ഏവരെയുടെയും കണ്ണു നിറച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അദ്ധ്യാപകർ തങ്ങളുടെ പ്രിയപ്പെട്ട കുരുന്നുകളെ സ്മരിച്ച് കൊണ്ട് പുഷ്പാർച്ചന നടത്തിയത്. നാളെയുടെ വാഗ്ദാനങ്ങളായി മാറേണ്ടിയിരുന്ന, മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിലെ 11 വിദ്യാർത്ഥികളും വെള്ളാർമല സ്കൂളിലെ 33 വിദ്യാർത്ഥികളുടെയും ജീവനാണ് നഷ്ടമായത്. ആരെ സമാധാനിപ്പിക്കും എന്നറിയാത്ത തരത്തിലായിരുന്നു ഇന്നലെ ദുരന്ത ഭൂമിയിൽ കണ്ട വൈകാരിക രംഗങ്ങൾ. മുണ്ടക്കൈയിലും പുത്തുമലയിലെ ഹൃദയഭൂമിയിലും നടന്ന അനുസ്മരണ ചടങ്ങുകളിൽ മന്ത്രിമാരായ കെ. രാജൻ, മുഹമ്മദ് റിയാസ്, ഒ. ആർ.കേളു എന്നിവരുമെത്തി.

വേദന മറന്ന്

അതിജീവനപാതയിൽ

ഉരുളെടുത്ത ഭൂമിയിൽ ഒരുവർഷത്തിനിപ്പുറം കേൾക്കുന്നത് അതിജീവന ഗീതങ്ങളാണ്. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതി ജീവിതത്തെ പഴിച്ചിരിക്കാതെ, യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ള പടയോട്ടമാണ് ഇവർ നയിക്കുന്നത്. ആര് കൈവിട്ടാലും ഉരുൾ ദുരിതബാധിതരെ നെഞ്ചോട് ചേർക്കുമെന്ന സർക്കാരിന്റെ ഉറച്ച വാക്കും ഇവർക്ക് കരുത്ത് പകരുന്നുണ്ട്. ജനിച്ച മണ്ണിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് വയനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറിച്ച് നടപ്പെട്ട ജനതയെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്ന ഒരു മഹത്തായ പ്രക്രിയയാണ് ടൗൺഷിപ്പിന്റെ പേരിൽ സർക്കാർ ചെയ്ത് കൊടുക്കുന്നത്. അതിന് ഉദാഹരണമായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ തീർത്ത മാതൃകാഭവനത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. അതിജീവനയാത്രയിൽ ചില കല്ലുകടികളുണ്ടായെങ്കിലും ജീവിത യാത്രയിൽ അങ്ങനെ പലതും സംഭവിക്കുമെന്ന് തോന്നലാണ് ഇവരെ മുന്നോട്ടേക്ക് നയിക്കുന്നത്. 2019ൽ പുത്തുമലയിലുണ്ടായ ഉരുൾ ദുരന്തത്തിൽ പതിനേഴ് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു. അന്ന് കാണാതായ അഞ്ചുപേർ ഇന്നും എവിടെയെന്ന് ആർക്കുമറിയില്ല. ഇവരെയും മരിച്ചവരുടെ കണക്കിൽ കൂട്ടി. അന്ന് ദുരന്തത്തിൽ നിന്ന് രക്ഷപെട്ടെത്തിയവരെ സർക്കാർ പൂത്തക്കൊല്ലിയിലാണ് അതിവസിപ്പിപ്പിച്ചിരിക്കുന്നത്. അങ്ങനെ വലിയ ഒരു പദ്ധതിക്കാണ് സർക്കാർ ഇപ്പോൾ ടൗൺ ഷിപ്പിന്റെ പേരിൽ എൽസ്റ്റൺ എസ്റ്റേറ്റിൽ തുടക്കം കുറിച്ചിരിക്കുന്നത്. അത് യാഥാർത്ഥ്യത്തിലേക്ക് കുതിക്കുകയാണ്.

വിധിയിൽ തളരാതെ ശ്രുതി

ചൂരൽമലയിലെ ശിവണ്ണന്റെയും സബിതയുടെയും മകൾ ശ്രുതിയ്ക്ക് അച്ഛനും അമ്മയും അനുജത്തി ശ്രേയയും അടുത്ത ബന്ധുക്കളെയുമെല്ലാം ഒരു രാത്രിയുടെ മറവിൽ നഷ്ടമായി. ശ്രുതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് നയിക്കാൻ തുനിഞ്ഞപ്പോഴേക്കും പ്രതിശ്രുതി വരൻ ജിൻസണനെയും, വിധി ശ്രുതിയിൽ നിന്ന് എന്നന്നേക്കുമായി അകറ്റി. വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് മറ്റൊരു മഹാദുരന്തം ശ്രുതിയെ വേട്ടയാടിയത്. അത്ഭുതകരമായി രക്ഷപ്പെട്ട ശ്രുതിയെ സർക്കാരും ജനങ്ങളും നെഞ്ചോട് ചേർത്തു. ഇവൾ ഇന്ന് സർക്കാരിന്റെ തണലിൽ സർക്കാർ ജീവനക്കാരിയായി കഴിയുന്നു. അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞവരായിരുന്നു മുണ്ടക്കൈ ചൂരൽമല ദേശക്കാർ. ആർക്കും ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നില്ല. എന്നാൽ ഒരു ഉരുളിന്റെ പേരിൽ എല്ലാം നഷ്ടമായ ഇവർ ഇന്ന് അതിജീവനത്തിനായി പെരുതുകയാണ്. ഏവരും ഇവരിൽ നിന്ന് കണ്ടു പഠിക്കേണ്ടതും എല്ലാം നഷ്ടപ്പെട്ട് വീണ്ടും ഒന്നിൽ നിന്നു തുടങ്ങുന്ന അതിജീവനത്തിന്റെ പാഠമാണ്.

പുനരധിവാസത്തിന്

താമസമുണ്ടാകരുത്

കഴിഞ്ഞ വർഷം മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടൽ ആദ്യമല്ല. മുമ്പ് നാല് തവണ മുണ്ടക്കൈ മേഖലയിൽ ഉരുൾ പൊട്ടിയിട്ടുണ്ട്. ഈ ദുരന്തത്തിന്റെ ബാക്കിപത്രമായി ഒരുമിച്ച് കഴിഞ്ഞവർ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാരിന്റെ കാരുണ്യത്തിൽ വാടക വീടുകളിലാണ്. ഇവരുടെ പുനരധിവാസമാണ് എത്രയും വേഗം നടപ്പാക്കേണ്ടത്. അതിനുളള നടപടികൾക്ക് കാലതാമസം ഉണ്ടാക്കരുത്. മാതൃകാ വീടിന്റെ നിർമ്മാണമെങ്കിലും ദുരന്തത്തിന്റെ വാർഷികത്തിന് മുമ്പ് പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ഭൂമി സംബന്ധിച്ച വ്യവഹാരങ്ങൾ എല്ലാം തകിടം മറിച്ചു. നൽകുമെന്ന് പറഞ്ഞ കേന്ദ്രസഹായം ലഭിക്കാതെ പോയതും സർക്കാരിനെ തളർത്തി. ദുരന്തബാധിതർക്ക് കുറെക്കാര്യങ്ങളിൽ ആശങ്കയുണ്ട്. സർക്കാർ നൽകി വരുന്ന താത്ക്കാലിക സഹായങ്ങൾ തുടർന്നും ലഭിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ഇപ്പോൾ തന്നെ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ടൗൺ ഷിപ്പ് ഗുണഭോക്താക്കളുടെ അന്തിമ പട്ടികയും ഏറെ വൈകി.നിരവധി കുടുംബങ്ങൾ ഇക്കാര്യത്തിലും ആശങ്കയിലാണ്. ഗോ, നോ ഗോ സോണുകൾ ഇപ്പോഴും ദുരന്തമേഖലയിൽ തർക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ഏതായാലും ഒരു തിരിച്ച് പോക്ക് ഇനി ഇവിടേക്ക് ആരും ആഗ്രഹിക്കുന്നില്ല. ഒരു വർഷം മുമ്പുവരെ ഭൂമിയിലെ സ്വർഗമെന്ന് ഏവരും വിശേഷിപ്പിച്ച ഇടമാണ് ഇന്ന് വെറുക്കപ്പെട്ട ഇടമായി മാറിയിരിക്കുന്നത്. വാഗ്ദാനങ്ങൾ അല്ല ഉരുൾ ദുരിത ബാധിതർക്ക് വേണ്ടത്. അവരെ നേഞ്ചോട് ചേർത്ത് പിടിച്ച് സംരക്ഷിക്കുകയാണ്.

TAGS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.