'എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു; രാഷ്ട്രത്തിന് ഒരു നേതാവിനെയും. അവന്റെ കുറ്റം, ഐക്യ ഭാരതത്തിൽ വിശ്വസിച്ചു എന്നതു മാത്രം. അവന്റേത് കസ്റ്റഡി മരണമായിരുന്നു; സംശയകരമായ സാഹചര്യങ്ങളിൽ. പോസ്റ്റ്‌മോർട്ടം ഉണ്ടായില്ല. ഒരന്വേഷണവും നടത്തിയില്ല. സ്വതന്ത്ര ഭാരതത്തിൽ രാജ്യസ്നേഹികളോടുള്ള സമീപനം ഇങ്ങനെയോ? ഒരു അമ്മ എന്ന നിലയിൽ, ഒരു രക്തസാക്ഷിയുടെ അമ്മയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു, സമഗ്രമായൊരു ജുഡിഷ്യൽ അന്വേഷണം. മരണം സ്വാഭാവികമായിരുന്നെങ്കിൽ എന്തിന് സത്യത്തെ ഭയക്കുന്നു? അറിയാനുള്ള അവകാശം എന്തിന് രാഷ്ട്രത്തിന് നിഷേധിക്കുന്നു? അതോ, അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങൾക്ക് ഈ മരണം ഗുണകരമായതിനാലോ?"
ദുരൂഹത നിറഞ്ഞ സാഹചര്യത്തിൽ അപ്രതീക്ഷിതമായി മകൻ കൊല്ലപ്പെട്ട ഒരമ്മ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ വരികളാണിത്. അതിനുള്ള പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ- "മരണത്തിന് ഇടയായ സാഹചര്യങ്ങൾ വ്യക്തമാണ്. കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള കാരണം ഞാൻ കാണുന്നില്ല." ആ അമ്മ വീണ്ടും എഴുതി, "എനിക്കിപ്പോൾ ബോദ്ധ്യമായി പ്രധാനമന്ത്രീ, ഈ സർക്കാർ സത്യത്തെ ഭയപ്പെടുന്നുവെന്ന്. നിങ്ങൾ അവന് ജീവിച്ചിരിക്കുമ്പോൾ പരിരക്ഷ നൽകിയില്ല. ഇപ്പോൾ ഇതാ മരണത്തിലും അവനെ ആദരിക്കുന്നില്ല."- രണ്ടാമത്തെ കത്തിന് മറുപടിയൊന്നും ലഭിച്ചില്ല. പിന്നെ ആ അമ്മ എഴുതിയതുമില്ല.
ദുരൂഹ സാഹചര്യത്തിൽ 1953-ൽ കാശ്മീർ ജയിലിൽ മരിച്ച നിലയിൽ കാണപ്പെട്ട ഒരു ദേശീയ നേതാവിന്റെ അമ്മയുടേതായിരുന്നു ആ കത്തുകൾ! പ്രതികരണം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടേതും. ഇന്ത്യയിലെ ആദ്യ ദേശീയ മന്ത്രിസഭയിലെ അംഗത്വം രാജിവച്ച് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാദ്ധ്യക്ഷനായ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അമ്മ ജഗ്മയ ദേവിയാണ് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് കണ്ണീരിൽ കുതിർന്ന ആ കത്തെഴുതിയത്. വർഷം എഴുപത്തേഴ് കഴിഞ്ഞു. ആ അമ്മയുടെ അഭ്യർത്ഥന ഇന്നും വനരോദനം. പക്ഷെ, അതൊരു തേങ്ങലായി രാജ്യത്ത് ഇപ്പോഴും അലയടിക്കുന്നു.
സ്വതന്ത്ര ഇന്ത്യയിൽ ഇത്തരത്തിൽ കുറെ പ്രമുഖ വ്യക്തികളുടെ അസ്വാഭാവിക മരണങ്ങൾ അന്വേഷിക്കാതെ പോയിട്ടുണ്ട്. മരണകാരണം അന്നും ഇന്നും അജ്ഞാതം. അതിലേറെ ദുരൂഹം അവ അന്വേഷിക്കാനുള്ള വൈമുഖ്യവും വിസമ്മതവും. ജനസംഘത്തിന്റെ തന്നെ മറ്റൊരു മഹാനേതാവ് പണ്ഡിറ്റ് ദീൻ ദയാൽ ഉപദ്ധ്യായ അര നൂറ്റാണ്ടു മുമ്പ് ( 1968 ഫെബ്രുവരി 11) ഒരു തണുത്ത വെളുപ്പാൻകാലത്ത് ഉത്തർപ്രദേശിലെ മുഗൾ സറായി റെയിൽവേ സ്റ്റേഷനു സമീപം പാളത്തിൽ മരിച്ചു കിടക്കുന്നതായാണ് കണ്ടത്. നമ്മുടെ പ്രിയങ്കരനായിരുന്ന ഒരു പ്രധാന മന്ത്രിയുടെ വിദേശത്തുവച്ചുള്ള മരണവും (1966 ജനുവരി 11) സംശയങ്ങൾ ഉണർത്തുന്നതായിരുന്നു. അതിലും കാര്യമായി അന്വേഷണമൊന്നും നടന്നില്ല.
ഇന്ത്യയുടെ ദ്വിതീയ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അന്നത്തെ സോവിയറ്റ് യൂണിയനിലെ താഷ്കന്റിലാണ് ഉറക്കത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അദ്ദേഹത്തിന്റെ പത്നി ലളിതാ ശാസ്ത്രി പ്രിയ ഭർത്താവിന്റെ മരണത്തിൽ സംശയങ്ങളുയർത്തി അന്വേഷണം ആവശ്യപ്പെട്ടു. ആ അഭ്യർത്ഥനയും ആരും നാളിതുവരെ ചെവിക്കൊണ്ടിട്ടില്ല. ആൽപ്സ് പർവത നിരകളിൽ 1966-ൽത്തന്നെ ജനുവരി 24-ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആണവ ശാസ്ത്രജ്ഞൻ ഡോ. ഹോമി ജെ. ഭാഭയുടെ മരണം ഉയർത്തിയ ചോദ്യങ്ങൾക്ക് ഇതുവരെ തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ല. ഇവിടെ കേരളത്തിൽ, കോവളത്ത് ഹോട്ടൽ മുറിയിൽ മരിച്ചുകിടന്ന മറ്റൊരു ആണവ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടേതും ദുരൂഹ മരണമാണ് (1971 ഡിസംബർ 30).
അന്വേഷിക്കപ്പെടാതെ പോയ അസ്വാഭാവിക മരണങ്ങൾ ഇനിയുമുണ്ട്. ഇവിടെ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ കാശ്മീർജയിലിൽ വച്ചുണ്ടായ മരണമാണ്. സ്വതന്ത്ര ഭാരതത്തിലെ, ഏറെ സംശയങ്ങൾ ഉയർത്തിയ ആദ്യത്തെ ആസ്വാഭാവിക മരണമാണ് അത്. ആ മരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ചർച്ചയുടെ തീവ്രത കാലക്രമേണ കുറഞ്ഞെങ്കിലും. അദ്ദേഹത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം ജന്മവാർഷികമാണിത്. രാജ്യവ്യാപകമായി രണ്ട് വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് ആ മരണത്തെക്കുറിച്ചുള്ള പുനർചർച്ചയുടെ ആവശ്യകതയും പ്രസക്തിയും വർധിക്കുന്നു.
മുഖർജി രൂപം നൽകിയ ഭാരതീയ ജനസംഘമാണ് പിൽക്കാലത്ത് ഭാരതീയ ജനതാ പാർട്ടിയായി (ബി.ജെ.പി) മാറിയത്. കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഭരിച്ചുവരുന്ന പാർട്ടിയാണ് ബി.ജെ.പി. ശ്യാമപ്രസാദ് മുഖർജിയെ ഗുരുതുല്യനായി കരുതിയിരുന്ന അടൽ ബിഹാരി വാജ്പേയിയും കുറേവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം ജനസംഘം അദ്ധ്യക്ഷൻ മുഖർജിയുടെ സെക്രട്ടറിയായിട്ടാണ്. ശ്യാമപ്രസാദ്ജിയോടുള്ള ബി.ജെ.പി നേതൃത്വത്തിന്റെയും അണികളുടെയും ആദരവിനും ആരാധനയ്ക്കും തെല്ലും കുറവു വന്നിട്ടില്ല. പക്ഷെ മുഖർജിയുടെ മരണം അന്ന് ജനസംഘക്കാരെ മാത്രമല്ല ഞെട്ടിച്ചത്. ആ മരണം ദുരൂഹമാണെന്ന് മറ്റു പലരും കരുതിയിരുന്നു. മരണത്തിനു പിന്നിൽ ഗൂഢാലോചന മണത്തിരുന്നു.
ജമ്മു കാശ്മീരിന് ആർട്ടിക്കിൾ 370 പ്രകാരം അനുവദിക്കപ്പെട്ടിരുന്ന പ്രത്യേക പദവിയും പരിഗണയും റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ജീവാത്മാവും പരമാത്മാവും ജനസംഘം നേതാവ് ശ്യാമപ്രസാദ്ജി ആയിരുന്നു. സമരത്തെ മുന്നിൽ നിന്നു നയിച്ചതും അദ്ദേഹം തന്നെ. പ്രക്ഷോഭത്തിന്റെ ഭാഗമായി നിരോധനം ലംഘിച്ച് 1953 മേയ് 11-ന് കാശ്മീരിൽ പ്രവേശിച്ച ശ്യാമപ്രസാദ് അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യം ശ്രീനഗർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഒരു പഴയ കെട്ടിടത്തിലേക്കു മാറ്റി. അവിടെവച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. അസുഖം ബാധിച്ച മുഖർജിക്ക് 'സ്‌ട്രെപ്റ്റോമൈസിൻ" നൽകിയതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ വെളിപ്പെടുത്തി. ഒപ്പം, ദിവസേന രണ്ടുനേരം കഴിക്കാൻ ഒരു പൊടിയും കൊടുത്തിരുന്നു.
തനിക്ക് 'സ്‌ട്രെപ്റ്റോമൈസിൻ" നിഷിദ്ധമാണെന്ന് കുടുംബ ഡോക്ടർ മുന്നറിയിപ്പ് തന്നിട്ടുണ്ട് എന്ന വിവരം കാശ്മീരിലെ ജയിൽ ഡോക്ടറെ മുഖർജി അറിയിച്ചിട്ടും അത് അവഗണിക്കുകയായിരുന്നത്രെ. തന്റെ ആരോഗ്യനില മോശമാവുന്ന വിവരം ബന്ധുക്കളെ അറിയിക്കണമെന്ന ശ്യാമപ്രസാദിന്റെ അഭ്യർത്ഥനയും അധികൃതർ ചെവിക്കൊണ്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും, തുടർന്ന് മരണമടയുകയും ചെയ്തു. സർക്കാർ വിജ്ഞാപനം, ശ്യാമപ്രസാദ് മുഖർജി 1953 ജൂൺ 23-ന് വെളുപ്പിന് 3.40-ന് ഹൃദയാഘാതം മൂലം അന്തരിച്ചു എന്നായിരുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ ഡയറിയും പെട്ടെന്ന് അപ്രത്യക്ഷമായി.
അക്കാലത്ത് ശ്യാമപ്രസാദ്ജി പാർലമെന്റിൽ മൗലികമായ കുറെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. 'കാശ്മീരികൾ ആദ്യം ഭാരതീയരും രണ്ടാമതു മാത്രം കാശ്മീരികളുമാണോ, അതോ ആദ്യം കാശ്മീരികളും രണ്ടാമത് ഭാരതീയരും ആണോ, അതുമല്ല- ആദ്യവും അവസാനവും കാശ്മീരികളും ഒരിക്കലും ഭാരതീയർ അല്ലേയല്ല എന്നാണോ?"- ഈ ചോദ്യം ഇന്ന് കാശ്മീരികളെ മാത്രമല്ല, ഇതര പ്രദേശങ്ങളിലുള്ളവരെ സംബന്ധിച്ചും അന്നത്തെക്കാൾ പ്രസക്തമാണ്. ആദ്യം രാഷ്ട്രം (Nation first) എന്നതിന് അടിവരയിടേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്.
കാശ്മീരിൽ 'ഒന്നിനു പകരം രണ്ട് പതാകകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് നിയമവും അനുവദിക്കാനാവില്ല" എന്നതായിരുന്നു ശ്യാം ബാബുവിന്റെ നിലപാട്. അക്കാര്യത്തിലാണ് അദ്ദേഹം കാശ്മീർ പ്രധാനമന്ത്രി ഷേക്ക് അബ്ദുള്ളയ്ക്കും ഭാരതത്തിന്റെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനും എതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്. 'ഏക് വിധാൻ, ഏക് പ്രധാൻ, ഏക് നിശാൻ" എന്നായിരുന്നു അദ്ദേഹമുയർത്തിയ മുദ്രാവാക്യം. ജീവൻ ബലികൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒടുവിൽ ആ പ്രക്ഷോഭത്തിൽ അദ്ദേഹത്തിന് സ്വന്തം ജീവൻതന്നെ ബലിയർപ്പിക്കേണ്ടിയും വന്നു.
കാശ്മീരിന് അന്നു നൽകിയിരുന്ന പ്രത്യേക പദവി കാരണം കാശ്മീരിനു പുറത്തുള്ള ഇന്ത്യൻ പൗരന്മാർക്ക്, ഇന്ത്യയുടെ രാഷ്‌ട്രപതി ആണെങ്കിൽപ്പോലും പ്രത്യേക മുൻകൂർ അനുമതിയില്ലാതെ അവിടെ കാൽകുത്താൻ പാടില്ലായിരുന്നു. പ്രവേശനാനുമതി നൽകാനുള്ള അധികാരമാവട്ടെ, ജമ്മു കാശ്മീർ പ്രധാനമന്ത്രി ഷേക്ക് അബ്ദുള്ളയ്ക്കു മാത്രം! 'ഏക് ദേശ് മേം ദോ വിധാൻ, ദോ പ്രധാൻ, ദോ നിശാൻ നഹീ ചലേംഗേ നഹീ ചലേംഗേ..." എന്നത് ഒരു ദേശീയ മുദ്രാവാക്യമായി. ശ്യാമ പ്രസാദ് മുഖർജി അമ്പതുകളുടെ ആരംഭത്തിൽ തുടങ്ങിവച്ച പ്രക്ഷോഭം ലക്ഷ്യം നേടിയത് ഏതാണ്ട് എഴുപതാണ്ടുകൾക്കു ശേഷം. അതായത് 2019 ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 പ്രകാരം കാശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പരിഗണന നരേന്ദ്രമോദി സർക്കാർ റദ്ദാക്കിയപ്പോൾ മാത്രം. അത് ആ ആത്മാവിന് അങ്ങേയറ്റം അഭിമാനകരവും ആശ്വാസകരവും ആയിട്ടുണ്ടാവും, തീർച്ചയായും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |