ലോക പ്രശസ്തമാണ് ആറന്മുള വള്ളസദ്യ. ആറന്മുള പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായുള്ള ആചാരവും ആഘോഷവും നിറഞ്ഞതും ഒട്ടേറെ സവിശേഷതകളും നിറഞ്ഞതാണ് ആറന്മുള വള്ളസദ്യ. അറുപത്തി രണ്ട് ഇനങ്ങളാണ് സദ്യയിലെ വിഭവങ്ങൾ. വിശ്വാസത്തിൽ അധിഷ്ഠിതമായ ചടങ്ങായതുകൊണ്ട് വള്ളസദ്യ കഴിക്കാൻ താത്പ്പര്യമുള്ളവരുടെ എണ്ണം ഒരാേ വർഷം കഴിയന്തോറും കൂടി വരികയാണ്. ഈ വർഷം ജൂലായ് പതിമൂന്നിന് തുടങ്ങിയ വള്ളസദ്യ ഒക്‌ടോബർ രണ്ടിനാണ് സമാപിക്കുന്നത്. ഈ കാലയളവ് വള്ളസദ്യക്കാലം എന്നു പറയുന്നു. അഞ്ഞൂറോളം സദ്യകൾ ഇതിനകം നടക്കും. ആറന്മുള ജലമേളയിൽ അൻപത്തിരണ്ട് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. വഴിപാട് നടത്തുന്ന ഭക്തർ പള്ളിയോടങ്ങളുമായി ബന്ധപ്പെടുത്തിയാണ് വള്ളസദ്യ നടത്തുന്നത്.
ആറന്മുള വള്ളസദ്യ വഴിപാടും തിരുവോണത്തോണി യാത്രയും ഉത്രട്ടാതി ജലമേളയും നടത്തി വരുന്നത് പള്ളിയോട സേവാ സംഘമാണ്. കാലപ്പഴക്കം മൂലം പള്ളിയോടങ്ങൾ നശിച്ച് എണ്ണം കുറഞ്ഞപ്പോൾ പുതിയ വള്ളങ്ങൾ പണിത് നീറ്റിലിറക്കാൻ കരകൾക്ക് കരുത്തായതും പള്ളിയോട സേവാസംഘമാണ്. പതിറ്റാണ്ടുകളായി പ്രശ്നങ്ങില്ലാതെ കടന്നുപോകുന്ന വള്ളസദ്യയ്ക്ക് ഈ വർഷം ദേവസ്വം ബോർഡ് പുതിയ അവകാശവാദവുമായി രംഗത്തുവന്നത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്ഷേത്രത്തിന്റെയും സ്വത്തുക്കളുടെയും ഉടമസ്ഥരെന്ന നിലയിൽ വള്ളസദ്യ നടത്താൻ തങ്ങൾക്കും അവകാശമുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ഇത് പള്ളിയോട സേവാസംഘം അംഗീകരിക്കുന്നില്ല. പരമ്പരാഗത രീതിയിലും ആചാരപരമായും വള്ളസദ്യ നടത്തുന്നത് പള്ളിയോട സേവാ സംഘമാണ്. വഴിപാടുകാർ പള്ളിയോടങ്ങൾ ബുക്ക് ചെയ്താണ് വള്ളസദ്യ നടത്തുന്നത്. വള്ളപ്പാട്ടു പാടിയെത്തുന്ന കരക്കാരെ സ്വീകരിക്കുകയും ക്ഷേത്രത്തിൽ വഴിപാടു ചടങ്ങുകൾ നടത്തുകയും ചെയ്ത ശേഷം ഊട്ടുപുരയിൽ സദ്യ വിളമ്പും.
കൈ നനയാതെ പണം
അറുപത്തിരണ്ടു കൂട്ടം വിഭവങ്ങൾ ഇലയിൽ വേണമെന്നാണ് ചട്ടം. ഈ സദ്യ കഴിക്കാനാണ് പൊതുവെ തിരക്ക്. ഇല്ലാത്ത വിഭവങ്ങൾ പാടിച്ചോദിക്കുന്നതാണ് ആകർഷകമായ ചടങ്ങ്. ഇതിൽ ദേവസ്വം ബോർഡിന് ഒരു പങ്കുമില്ല. എന്നാൽ, വഴിപാടുകാർ നൽകുന്ന തുകയുടെ ഒരു ഭാഗം ദേവസ്വം ബോർഡിന് നൽകുന്നുമുണ്ട്.
സദ്യ നടത്താൻ ആഗ്രഹിക്കുന്ന ഭക്തൻ വഴിപാട് ഏത് കരയ്ക്കാണോ നൽകുന്നത് അവരെ വിവരം അറിയിച്ച് സൗകര്യപ്രദമായ തീയതി നിശ്ചയിക്കണം. തുടർന്ന് പള്ളിയോട സേവാ സംഘത്തിൽ എത്തി പതിനായിരം രൂപാ നൽകി ബുക്കു ചെയ്യണം. ഒപ്പം ഇരുന്നൂറ്റിയൻപത് പേർക്കുള്ള സദ്യയാണ് നടത്തുന്നതെങ്കിൽ പാചക കരാറുകാരന് സദ്യ അടക്കം നൽകേണ്ട തുക, ദേവസ്വം ബോർഡിന് നൽകേണ്ട വാടക, സ്വീകരണ ചെലവ്, വാദ്യ മേളങ്ങൾ എന്നിവയ്ക്കായി ഒരു ലക്ഷത്തിൽ്പ്പരം രൂപ കൂടി പള്ളിയോട സേവാ സംഘത്തിൽ കെട്ടിവയ്ക്കണം. സദ്യ നടത്തുന്ന ദിവസം കരയ്ക്ക് നൽകേണ്ട ദക്ഷിണ വഴിപാടുകാരൻ പ്രത്യേകം നൽകണം.
പള്ളിയോട സേവാ സംഘത്തിന് സദ്യയ്ക്കായി നൽകുന്ന ഒരു ലക്ഷം രൂപയിൽ പതിനാലായിരം രൂപയാണ് വാടക ഇനത്തിൽ ദേവസ്വം ബോർഡിന് ലഭിക്കുക. കഴിഞ്ഞ വർഷം വഴിപാട് കുറവായിരുന്നിട്ടും നാൽപ്പത്തിമൂന്ന് ലക്ഷം രൂപയാണ് ഈ ഇനത്തിൽ ബോർഡിന് ലഭിച്ചത്. അതിനു മുമ്പുള്ള വർഷം അറുപത്തിയഞ്ച് ലക്ഷം രൂപാ ബോർഡിന് ലഭിച്ചു.
പള്ളിയോട സേവാ സംഘത്തിന് ലഭിക്കുന്ന തുകയുടെ നല്ലൊരു ശതമാനം ഓരോ വർഷവും പള്ളിയോടങ്ങൾക്ക് ഗ്രാന്റായി നൽകുന്നുണ്ട്. എന്നാൽ ദേവസ്വം ബോർഡ് പള്ളിയോടങ്ങൾക്കായി ഒരു സംഭാവനയും നൽകുന്നില്ല. സാഹചര്യം ഇതായിരിക്കുമ്പോഴാണ് വള്ളസദ്യയ്ക്ക് ദേവസ്വം ബോർഡ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്.
അത് പെയ്ഡ് സദ്യ
ആചാരപരമായി നടത്തുന്ന വള്ളസദ്യ കഴിക്കാമെന്ന പ്രതീക്ഷിയിൽ നിരവധിയാളുകൾ ബുക്ക് ചെയ്ത് ആറന്മുളയിലെത്തി. അഞ്ഞൂറ് പേർക്കുള്ള വള്ളസദ്യയ്ക്കാണ് ബുക്ക് ചെയ്തത്. ഇരുനൂറ്റിയൻപത് പേർ കഴിഞ്ഞ ദിവസം സദ്യ കഴിച്ചു. അത് ആചാരപരമായി അറുപത്തിരണ്ട് വിഭവങ്ങൾ ഉൾപ്പെടുത്തിയ വള്ളസദ്യ ആയിരുന്നില്ല. ഇത് വള്ളസദ്യ ബുക്ക് ചെയ്ത് എത്തിയ ഭക്തരെ കബളിപ്പിക്കലായിരുന്നു എന്ന് ആരോപണമുയർന്നിട്ടുണ്ട്. ആചാരപരമായും പാരമ്പര്യ രീതിയിലും വള്ളപ്പാട്ട് പാടി വിഭവങ്ങൾ പാടിച്ചോദിച്ച് കഴിക്കുന്ന സദ്യ വേറെയാണ്. ദേവസ്വം ബോർഡ് നടത്തിയത് പെയ്ഡ് സദ്യ മാത്രമാണെന്നും വള്ളസദ്യയല്ലെന്നും പള്ളിയോട സേവാസംഘം ആരോപിച്ചു. പെയ്ഡ് സദ്യയെ വള്ളസദ്യയെന്ന് വിളിക്കാനാകുമോ എന്ന് പള്ളിയോട സംഘം ചോദിക്കുന്നു. പാരമ്പര്യമായും ആചാരപരമായും നടത്തുന്ന വള്ളസദ്യ പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് ആസൂത്രിത നീക്കം നടത്തുകയാണെന്ന് പള്ളിയോട സേവാസംഘം ആരോപിക്കുന്നു. കരകളുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന പള്ളിയോട സേവാ സംഘത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ പറയുന്നു. ദേവസ്വം ബോർഡ് വള്ളസദ്യ നടത്തിയ സമയത്ത് പള്ളിയോട സേവാ സംഘവും ഹിന്ദുസംഘടനകളും ക്ഷേത്ര കൊടിമരച്ചുവട്ടിൽ വള്ളപ്പാട്ട് പാടി പ്രതിഷേധിച്ചു.
അതേസമയം, ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാസംഘവും ദേവസ്വം ബോർഡും ചേർന്നെടുത്ത തീരുമാനമാണ് നടപ്പാക്കിയതെന്ന് ബോർഡ് ഭാരവാഹികൾ പറയുന്നു. പ്രശ്നത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് ബോർഡ് ഭാരവാഹികളുടെ നിലപാട്. പള്ളിയോടക്കരകൾ സഹകരിച്ചെങ്കിൽ മാത്രമേ ആചാരപരമായ വള്ളസദ്യകൾ ദേവസ്വം ബോർഡിന് നടത്താൻ കഴിയൂ. ആറന്മുളയിലെ അൻപത്തിരണ്ട് കരകളും പൂർണമായും പള്ളിയോട സേവാസംഘത്തിനൊപ്പമാണ്. കരകളിലെ ഭക്തർ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് പള്ളിയോട സേവാസംഘത്തിലെത്തുന്നത്. സംഘത്തെ നിയന്ത്രിക്കാൻ കഴിയുന്ന കാലത്തേ കരകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാടി ചോദിച്ചുള്ള ആചാരപരമായ വള്ള സദ്യ നടത്താൻ ദേവസ്വം ബോർഡിന് കഴിയൂ. അത് വിദൂരമായ സ്വപ്നം മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |