പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്‌ട് ഓഫീസിൽ ചില ജീവനക്കാർ സർക്കാർ ചെലവിൽ ചെയ്തുകൊണ്ടിരുന്നത് സ്വകാര്യ ജോലികളാണെന്ന് മന്ത്രി നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നു. സർക്കാർ കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും സ്കെച്ചും പ്ലാനും തയ്യാറാക്കലും ഡിസൈനിംഗുമാണ് ചീഫ് ആർക്കിടെക്ട് തലവനായ ഈ ഓഫീസിന്റെ പ്രധാന ചുമതല. എന്നാൽ ഇവർ ഇതൊക്കെ മാറ്റിവച്ച് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനികൾക്കും കൺസൾട്ടൻസികൾക്കുമായി പുറംകരാർ എടുത്ത് സ്കെച്ചും പ്ളാനും തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു എന്ന ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുമാണ് പരിശോധനയിൽ വെളിപ്പെട്ടത്. വർഷങ്ങളായി ഈ പരിപാടി അവിടെ നടന്നുവരികയായിരുന്നു.
സർക്കാർ ശമ്പളം വാങ്ങുകയും സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കുമായി കിമ്പളം വാങ്ങി ജോലിചെയ്യുകയുമായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ്. ഇതിനായി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവർ ഒരു കൂസലും കൂടാതെ ദുരുപയോഗം ചെയ്യുകയായിരുന്നു.
മന്ത്രി പരിശോധന നടത്തിയ സമയത്ത് വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഓഫീസിൽ ഹാജരുണ്ടായിരുന്നത്. വർഷങ്ങളായി സ്ഥലംമാറ്റമില്ലാതെ ഇവിടെ തുടർന്നിരുന്ന ചില ജീവനക്കാരുടെ നേതൃത്വത്തിലാണ് ഈ കള്ളപ്പണി തുടർന്നിരുന്നത്. മാത്രമല്ല ഇവിടത്തെ ചില ജീവനക്കാർ ബിനാമി സ്ഥാപനങ്ങളും നടത്തിവന്നിരുന്നതിനുള്ള തെളിവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയ എല്ലാ ക്രമക്കേടുകളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തുമെന്നാണ് മിന്നൽപരിശോധനയ്ക്ക് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.
ഇത്തരം പരിശോധനകൾക്ക് ശേഷം തെളിവ് സഹിതം പിടിക്കപ്പെടുന്നവരെ പോലും രക്ഷിക്കാൻ പിന്നീട് ഇടപെടലുകൾ ഉണ്ടാകുന്നതാണ് സാധാരണഗതിയിൽ കണ്ടുവരുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഇവരുടെ സഹായം കൈപ്പറ്റിയിരുന്ന സ്വകാര്യ നിർമ്മാണലോബി തന്നെയായിരിക്കും. അതിനാൽ പഴുതടച്ച വിജിലൻസ് അന്വേഷണമാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്. തിരുവനന്തപുരം നഗരത്തിലെ ചില ഫ്ലാറ്റുകൾ, ഷോപ്പിംഗ് മാളുകൾ, വില്ലകൾ എന്നിവയുടെ പ്ലാനുകളാണ് ഇവിടെ തയ്യാറാക്കിവന്നിരുന്നതെന്നാണ് അറിയുന്നത്. തുടർന്നും ഇതേ ജീവനക്കാർ തന്നെ കമ്പ്യൂട്ടറുകളും മറ്റും പ്രവർത്തിപ്പിക്കുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാനുള്ള എല്ലാ ശ്രമവും നടക്കും. അന്വേഷണത്തിന് മുമ്പുതന്നെ അത്തരം തെളിവുകൾ ഇല്ലാതാക്കാതിരിക്കാനുള്ള ജാഗ്രത ഉന്നത ഉദ്യോഗസ്ഥർ കാണിക്കണം.
റോഡിന്റെയും പാലത്തിന്റെയുമൊക്കെ പണികൾ മുടങ്ങിക്കിടക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തരക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടികളാണ് ഉണ്ടാവേണ്ടത്. വെറും സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കുന്ന നടപടിയല്ല വേണ്ടത്. അങ്ങനെ വന്നാൽ ഇവരുടെ പിന്നാലെ വരുന്നവരും ഇവർ ചെയ്തിരുന്ന അതേ പണിതന്നെ പിന്തുടരാൻ എല്ലാ സാദ്ധ്യതയുമുണ്ട്. അതിനാൽ സർക്കാർ ചെലവിൽ സ്വകാര്യ പുറംപണി ചെയ്തവരെന്ന് തെളിവ് സഹിതം പിടിക്കപ്പെട്ടവരെ പിരിച്ചുവിടുന്ന നടപടിയാണ് ഉണ്ടാകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |