SignIn
Kerala Kaumudi Online
Saturday, 02 August 2025 1.46 AM IST

കാത്തിരിക്കുന്നത് ഇതിലും വലിയ പിഴ

Increase Font Size Decrease Font Size Print Page
photo

വേമ്പനാട്, അഷ്ടമുടി കായലുകളുടെ സംരക്ഷണത്തിൽ വരുത്തിയ വീഴ്ചകൾക്ക് കേരള സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുഖ്യ ബെഞ്ച് പത്തുകോടി രൂപ പിഴശിക്ഷ വിധിച്ചിരിക്കുന്നു. ഈ രണ്ടു കായലുകളിലെയും മലിനീകരണം ദുസഹമായ തോതിൽ വർദ്ധിച്ചിരിക്കുന്നതു കണക്കിലെടുത്താണ് പിഴശിക്ഷ. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിലുണ്ടായ വീഴ്ചകളുടെ പേരിൽ നഗരസഭയ്ക്ക് നൂറുകോടി രൂപ പിഴയിട്ടത് അടുത്ത നാളിലാണ്. മലിനീകരണ വിഷയത്തിൽ സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും കാണിക്കുന്ന ഉദാസീന സമീപനം പരിസ്ഥിതിക്കും ജലസ്രോതസുകൾക്കും വരുത്തുന്ന നാശനഷ്ടങ്ങൾ അളവറ്റതാണ്. വേമ്പനാടും അഷ്ടമുടിയും മാത്രമല്ല സംസ്ഥാനത്തെ ജലാശയങ്ങളിൽ തൊണ്ണൂറു ശതമാനവും കനത്ത തോതിൽ മലിനീകരണമുള്ളവയായി മാറിക്കഴിഞ്ഞു. ഇവയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം തന്നെ നിലവിലുള്ള സംസ്ഥാനമാണിത്. എന്നാൽ മാലിന്യങ്ങൾ നിറഞ്ഞുകവിഞ്ഞ കായലുകളും നദികളും തോടുകളും നീർച്ചാലുകളും എവിടെ നോക്കിയാലും കാണാം. പ്ളാസ്റ്റിക്കിന്റെ വരവോടെ സകല ജലാശയങ്ങളും വീണ്ടെടുക്കാനാകാത്തവിധം മലിനപ്പെട്ടിരിക്കുകയാണ്. ജലസ്രോതസുകൾക്കു പുറമെ കടലും വൻതോതിൽ മലിനമാക്കപ്പെടുന്നു. കായലുകളിൽ നിന്നും നദികളിൽ നിന്നുമുള്ള മാലിന്യങ്ങളത്രയും എത്തിച്ചേരുന്നത് കടലിലാണ്. തീരക്കടൽ മാത്രമല്ല പുറംകടൽ വരെ പലവിധത്തിലുള്ള മാലിന്യങ്ങളാൽ സമൃദ്ധമാണിപ്പോൾ.

വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ ബെഞ്ച് ചുമത്തിയ പത്തുകോടി രൂപയുടെ പിഴ ചീഫ് സെക്രട്ടറിയുടെ ചുമതലയിലുള്ള പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനാണു നിർദ്ദേശം. ഒരു മാസത്തിനകം പണം കെട്ടിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. മലിനീകരണത്തിനു കാരണക്കാരായവരിൽ നിന്നുതന്നെ പണം വസൂലാക്കി അടയ്ക്കേണ്ട ചുമതല ചീഫ് സെക്രട്ടറിക്കാണു നല്‌കിയിരിക്കുന്നത്. കടകൾ, സ്ഥലവാസികൾ, സർക്കാർ വകുപ്പുകൾ, റെയിൽവേ, തദ്ദേശസ്ഥാപനങ്ങൾ, വ്യവസായശാലകൾ എന്നിവയൊക്കെ ഇതിന്റെ പരിധിയിൽ വരും. കുറ്റക്കാരെ കണ്ടെത്തേണ്ടതും പിഴ ഈടാക്കേണ്ടതും ചീഫ് സെക്രട്ടറിയാണ്. മൂന്നു മാസത്തിനകം ഇതു നടന്നിരിക്കണമെന്നാണു നിർദ്ദേശം.

എല്ലാത്തരത്തിലുമുള്ള മലിനീകരണത്തോത് കുറയ്ക്കാൻ ഇതുപോലുള്ള കർക്കശ ഇടപെടലുകൾ അനിവാര്യമാണ്. ബ്രഹ്മപുരത്തെ വീഴ്ചകൾ സൃഷ്ടിച്ച പരിസ്ഥിതി ആഘാതം എത്ര ഭയാനകമായിരുന്നുവെന്ന് ജനങ്ങളും മനസിലാക്കിക്കഴിഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡുകളും ഹരിത ട്രൈബ്യൂണലുകളുമൊക്കെ പ്രവർത്തിക്കുന്നത് മലിനീകരണം തടയാൻ വേണ്ടിയാണ്. നിർഭാഗ്യവശാൽ ഇവയൊക്കെ നോക്കിനില്‌ക്കെയാണ് രാജ്യത്തെവിടെയും മാലിന്യമലകൾ ജനജീവിതം ദുസ്സഹമാക്കുന്നത്. വേമ്പനാട്ടു കായൽ ഇത്രയധികം മലിനപ്പെടാൻ കാരണം സംഘടിതമായ രീതിയിൽ നടന്നുവരുന്ന മാലിന്യ നിക്ഷേപമാണ്. കായലിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ താമസക്കാരും സ്ഥാപന ഉടമകളും മാത്രമല്ല വ്യവസായശാലകളും തദ്ദേശ സ്ഥാപനങ്ങളുമൊക്കെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കായലിലാണ്. മഴക്കാലത്ത് ജലപ്രവാഹം ശക്തമാകുമ്പോൾ ഏറെ ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുപോലും മാലിന്യങ്ങൾ കായലിലെത്തും. 2018-ലെ വെള്ളപ്പൊക്കത്തിൽ ഈ ഭീഷണി എത്ര വലിയ തോതിലുള്ളതായിരുന്നുവെന്ന് കേരളം കണ്ടതാണ്. തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ഇടങ്ങളിലെല്ലാം മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കുക എന്നതു മാത്രമാണ് ഈ വിപത്ത് നേരിടാനുള്ള വഴി. ഈ രംഗത്തുണ്ടാകുന്ന ഏതു വീഴ്ചയും വലിയ അപകടത്തിലേക്കായിരിക്കും സംസ്ഥാനത്തെ നയിക്കുക. ഹരിത ട്രൈബ്യൂണലിന്റെ പിഴശിക്ഷ ആദ്യ മുന്നറിയിപ്പായി കണ്ടാൽ മതി. കാര്യങ്ങൾ നേരെയായില്ലെങ്കിൽ താങ്ങാനാവാത്ത പിഴയാകും സംസ്ഥാനത്തെ കാത്തിരിക്കുന്നത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.