SignIn
Kerala Kaumudi Online
Tuesday, 07 May 2024 1.29 AM IST

നിർമ്മാണ മേഖലയിലെ സ്തംഭനം തീർക്കണം

photo

സംസ്ഥാനത്തെ നിർമ്മാണമേഖല ഒരാഴ്ചയായി കടുത്ത പ്രതിസന്ധിയിലാണ്. ക്വാറി ഉടമകൾ അനിശ്ചിതകാല സമരം തുടങ്ങിയതോടെ നിർമ്മാണ സാമഗ്രികളൊന്നും ലഭിക്കാത്തതാണ് കാരണം. ക്വാറികൾ തുടർച്ചയായി അടച്ചിട്ടാൽ അവയുടെ പെർമിറ്റ് റദ്ദാക്കുമെന്നാണ് വ്യവസായമന്ത്രി പി. രാജീവ് മുന്നറിയിപ്പ് നല്‌കിയിരിക്കുന്നത്.

എന്നാൽ സർക്കാരിന്റെ ഈവക ഭീഷണിയൊന്നും തങ്ങളോടു വേണ്ടെന്ന മട്ടിലാണ് ക്വാറി ഉടമകളുടെ പോക്ക്. സമരം പിൻവലിക്കാനോ ക്വാറികൾ പ്രവർത്തിപ്പിക്കാനോ അവർ തയ്യാറായിട്ടില്ല. മാത്രമല്ല എല്ലാവിധ ക്വാറി ഉത്‌പന്നങ്ങൾക്കും സമരം തുടങ്ങുംമുമ്പേ കാര്യമായ തോതിൽ വില വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടുരൂപ കൂട്ടേണ്ടിടത്ത് പത്തും ഇരുപതും രൂപവരെയാണ് വർദ്ധനയെന്ന് മന്ത്രി പറയുന്നു. പാറ, മെറ്റൽ, എംസാൻഡ്, പാറപ്പൊടി തുടങ്ങി സകല സാമഗ്രികൾക്കും പൊള്ളുന്ന വിലയാണ് ഈടാക്കിവരുന്നത്. ഇങ്ങനെ വിലകൂട്ടാൻ അവർക്ക് മതിയായ കാരണങ്ങളുണ്ടെന്ന വസ്തുതയും അംഗീകരിക്കണം. ഈ മേഖലയിൽ നിലനില്‌ക്കുന്ന അതിഭീകരമായ അഴിമതിയാണ് അതിലൊന്ന്. ഒരു ലോഡ് പാറയോ മണലോ നിർമ്മാണ വസ്തുക്കളോ സൈറ്റിൽ എത്തണമെങ്കിൽ വഴിനീളെ പരിശോധനയ്ക്കായി നില്‌ക്കുന്ന പൊലീസിന് നിശ്ചിതപടി കെട്ടണം. ഉത്‌പന്നങ്ങൾക്ക് വില കൂട്ടുന്നതിന് ആനുപാതികമായി പടിയുടെ നിരക്കും ഉയരും. ക്വാറി പ്രവർത്തിപ്പിക്കുന്നത് നിയമാനുസൃതമാണെങ്കിൽ കൂടിയും അതിന് ബന്ധപ്പെട്ട സകല ഉദ്യോഗസ്ഥരെയും പണം നല്‌കി പ്രസാദിപ്പിക്കേണ്ടിവരും. ഈ ചെലവ് മുഴുവൻ ഒടുവിൽ തലയിലേറ്റേണ്ടിവരുന്നത് ഉപഭോക്താക്കളാണ്.

സമരം തുടർന്നാൽ ക്വാറികളുടെ പെർമിറ്റ് റദ്ദാക്കുമെന്നൊക്കെ പറഞ്ഞ് പ്രശ്നം ലാഘവത്തോടെ കാണുന്നതിനു പകരം സമരം എങ്ങനെ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ അടിയന്തരമായി ആലോചിക്കേണ്ടത്. ക്വാറി ഉത്‌പന്നങ്ങൾക്ക് വലിയതോതിൽ വില വർദ്ധിപ്പിക്കേണ്ട ഒരു സാഹചര്യവും സർക്കാർ ഒരുക്കിയിട്ടില്ലെന്നു മന്ത്രി പറയുമ്പോഴും നിരക്ക് ഇരട്ടിയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിലനില്‌ക്കുകയാണെന്ന് ഓർക്കണം. റോയൽറ്റി ഫീസായി ടണ്ണിന് 24 രൂപ ഈടാക്കിയിരുന്നത് 48 ആയി ഉയർത്തിയത് കുറവാണെന്ന് എങ്ങനെ പറയാനാകും. ക്വാറി ഉത്‌പന്നങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാരിനു അധികാരമുണ്ടെങ്കിലും അതിനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ല. ഉപഭോക്താവ് ഈ രംഗത്ത് ക്വാറി ഉടമകളുടെ ദയാവായ്‌പിനെ ആശ്രയിച്ചാണ് എല്ലാക്കാലവും കഴിയേണ്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമാണിത്. ഈ സമയത്തുതന്നെ ക്വാറി പണിമുടക്കുണ്ടായത് കണക്കുകൂട്ടലുകൾ പലതും തെറ്റിക്കും. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നല്‌കുന്ന നിർമ്മാണ മേഖലയുടെ സ്തംഭനം വളരയയധികം കഷ്ടനഷ്ടങ്ങൾക്കു കാരണമാകുമെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം.

നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനയ്ക്കൊപ്പം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഫീസുകളിൽവന്ന ഭീമമായ വർദ്ധന ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഈ രംഗത്തു പ്രവർത്തിക്കുന്ന കരാറുകാരും കെട്ടിടനിർമ്മാതാക്കളും ഏറ്റെടുത്ത പ്രവൃത്തികൾ മുഴുമിപ്പിക്കാനാകാതെ വിഷമിക്കുകയാണ്. നിയമവും ചട്ടവും പറഞ്ഞ് സർക്കാരും ക്വാറി ഉടമകളും പോരടിക്കാതെ ഇപ്പോഴത്തെ വിഷമസന്ധി പരിഹരിക്കാനുള്ള മാർഗം കണ്ടെത്തുകയാണു വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.