SignIn
Kerala Kaumudi Online
Thursday, 18 July 2024 6.36 AM IST

മനുഷ്യരെ കെടുതിയിലാക്കി കരയും കടലും (OPINION)

d

കരിഞ്ഞുണങ്ങുന്ന നെല്ല്, ചൂടിൽ പാൽ ചുരത്താതെ പശുക്കൾ, തണുപ്പ് തേടി ആഴക്കടലിലേക്ക് പോകുന്ന മത്സ്യങ്ങൾ... കർഷകരും മീൻപിടുത്തക്കാരും അടക്കമുള്ള സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതം ഇതുപോലെ കരിഞ്ഞുണങ്ങിയ മറ്റൊരു വേനൽക്കാലമുണ്ടാകില്ല. കരയിലും കടലിലും കാട്ടിലുമായി ജീവിക്കാനുളള വഴി തേടിക്കൊണ്ടിരിക്കുന്ന മനുഷ്യർ കൊടുംചൂടും മറ്റ് പ്രകൃതിദുരന്തങ്ങളും അസാധാരണപ്രതിഭാസങ്ങളും കൊണ്ട് നട്ടം തിരിയുകയാണ്. നെൽക്കർഷകരും മീൻപിടിത്തക്കാരും വനവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസിവിഭാഗങ്ങളും മലയോരകർഷകരുമെല്ലാം ഒരു പോലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്.

വറുതിയുടെ ഉഷ്ണതരംഗം അത്രമേൽ ഭീകരമായിരിക്കുന്നു. തൃശൂരിന്റെ നെല്ലറയായ കോൾപ്പാടങ്ങളിൽ അടക്കം കൊയ്‌തെടുക്കാറായ നെല്ല് കരിഞ്ഞ് കതിരുകൾ വെള്ളനിറമായ നിലയാണ്. കൊയ്‌തെടുത്താൽ യന്ത്രത്തിന്റെ വാടക പോലും കിട്ടില്ല. അതുകാെണ്ടു തന്നെ വെെക്കോലുള്ള പാടശേഖരങ്ങൾ കൊയ്‌തെടുക്കാനും ബാക്കിയുള്ളവ ഉപേക്ഷിക്കാനുമാണ് കർഷകരുടെ ശ്രമം. കർഷകരുടെ പരാതിയെത്തുടർന്ന് കാർഷിക സർവകലാശാലയിൽനിന്ന് വിദഗ്ദ്ധരും കൃഷി ഓഫീസർമാരും പാടശേഖരങ്ങൾ സന്ദർശിച്ച് പരിശോധിച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനു മുന്നിൽ അവരും കൈമലർത്തി. അടുത്ത കൃഷിയിറക്കേണ്ടതിനുള്ള ശ്രമം മേയിൽ തുടങ്ങണം. അതിന് ചില്ലിക്കാശ് പോലും കൈയിലില്ല. അടിയന്തരമായി സർക്കാർ ഇടപെട്ട് പ്രത്യേക സഹായധനം അനുവദിക്കണമെന്നാണ് ആവശ്യം. 60 സെന്റ് കൊയ്താൽ കിട്ടേണ്ടത് 1,500 കിലോഗ്രാം നെല്ലാണ്. പക്ഷേ, ചില കോൾപ്പാടങ്ങളിൽ കിട്ടിയത് 150 കിലോഗ്രാം മാത്രം.

നെല്ലിന് തൂക്കക്കുറവ്, വെള്ളക്കതിർ... ഉഷ്ണതരംഗത്തിൽ ചിലയിടങ്ങളിൽ ഇതാണവസ്ഥ. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം പലതവണ ആവർത്തിച്ചെങ്കിലും അനുകൂല മറുപടികളൊന്നും അധികൃതരും ജനപ്രതിനിധികളും നൽകുന്നില്ല. ചില കോൾപ്പടവിൽ പുല്ലും വരിയും കയറി നെല്ല് നശിച്ചതിന് പിന്നാലെ, നെല്ലിൽ വെള്ളക്കതിർ രോഗവും പിടിപെട്ടു. ഇതോടെ നെല്ലെടുക്കാൻ കമ്പനിക്കാർ തയ്യാറായില്ല. പഴഞ്ഞി മേഖലയിൽ നെല്ലിന് അസാധാരണമായി തൂക്കക്കുറവുണ്ടായത്. കൃഷിയിറക്കുമ്പോഴുള്ള മഞ്ഞുവീഴ്ചയും കൊയ്യുന്നതിന് മുൻപേ തുടങ്ങിയ കൊടുംചൂടുമാണ് നെല്ല് പതിരിന്റെ കനമാകാൻ ഇടയാക്കി. കൊയ്ത്ത് പൂർത്തിയാക്കിയതോടെയാണ് വലിയ രീതിയിൽ വിളവിനെ ബാധിച്ചതായി തിരിച്ചറിയുന്നത്. ഇതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർ വൻ നഷ്ടമാണ് നേരിടുന്നത്. വായ്പയെടുത്ത് കൃഷിയിറക്കിയവരും നട്ടം തിരിയുന്നു. ഒരു ഏക്കർ കൊയ്താൽ ഒരു ടൺ നെല്ല് ലഭിക്കാത്തവരും ഏറെ.

ഒരു ഏക്കർ കൃഷി ചെയ്യാൻ ചെലവ് 30,000 രൂപയോളം വരും. കഴിഞ്ഞ സീസണിൽ ലഭിച്ചത് 2,600 കിലോഗ്രാം വരെയായിരുന്നെങ്കിൽ, ഈയാണ്ടിൽ കിട്ടിയത് 2,000 കിലോഗ്രാം മാത്രം. ഓരോ ഏക്കറിലും തൂക്കവ്യത്യാസം 600 കിലോഗ്രാമാണ്.വിത്തിന്റെ ഗുണമേന്മ കുറഞ്ഞതോടെ പുഴുശല്യം, ഓലകരിച്ചിൽ, തണ്ടുതുരപ്പന്റെ ആക്രമണം തുടങ്ങിയ രോഗങ്ങൾ കൂടി. ഇതെല്ലാം നെല്ലിന്റെ വളർച്ചയെ ബാധിച്ചു. രോഗപ്രതിരോധത്തിനായി മരുന്നു തളിക്കാനും കർഷകർക്ക് ചെലവേറി. നിർദ്ദേശിക്കപ്പെട്ട കീടനാശിനികൾ പലതും ഫലം ചെയ്തില്ല.

വളർത്തുമൃഗങ്ങളും

കെടുതിയിൽ

പകൽ പത്തിനും അഞ്ചിനും മദ്ധ്യേ കന്നുകാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്ന് മൃഗസംരക്ഷണ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവയുണ്ടായാൽ വെള്ളം നനച്ച് നന്നായി തുടയ്ക്കണം. വായുസഞ്ചാരമുള്ള തൊഴുത്തും ഫാനും എപ്പോഴും നിർബന്ധമാക്കണം. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറിപ്പന്തൽ, തുള്ളി നന, സ്പ്രിങ്ക്‌ളർ, നനച്ച ചാക്ക് എന്നിവയിടണം. കുടിവെള്ളം എപ്പോഴും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് പ്രതിദിനം 80- 100 ലിറ്റർ).

പച്ചപ്പുല്ല് / ഈർക്കിൽ മാറ്റിയ പച്ച ഓല / പനയോല ലഭ്യമാക്കുകയും വേണം. കാലിത്തീറ്റ രാവിലെയും വൈകിട്ടും വയ്ക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം. ചൂടിൽ ഉമിനീർ നഷ്ടപ്പെടുന്നതിനാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാം. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്,പ്രോബയോട്ടിക്‌സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണം. പ്രതിരോധശേഷി കുറയുന്നതിനാൽ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കണം. അകിടിൽ നിന്നും പാൽ പൂർണമായും രാവിലേയും വൈകിട്ടും കറക്കണം... എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ വകുപ്പ് നൽകിയിട്ടുണ്ട്.

സമുദ്ര താപനില

ഉയർന്നു, മീനില്ല

നാലുമാസമായി മീനിന് ക്ഷാമമുള്ളതിന് പിന്നാലെ, ഉഷ്ണതരംഗത്തിൽ സമുദ്രതാപനില കൂടിയായതോടെ മീൻപിടിത്തക്കാർ ജീവിതം പുലർത്താൻ നട്ടം തിരിയുകയാണ്. ഇന്ധനച്ചെലവ് താങ്ങാനാകാതെ പലരും കടക്കെണിയിലാണ്. ഇന്ധനച്ചെലവ് കുറയ്ക്കാൻ വലിയ ബോട്ടുകൾ മാറ്റി ചെറിയ ബോട്ടുകളിലേക്ക് മാറി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നില ഇതിലും ദയനീയം. വേനൽസമയത്ത് മത്സ്യലഭ്യത കുറയാറുണ്ടെങ്കിലും ഇതുപാേലെ മീനിന്റെ ക്ഷാമം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യമേഖലയിലുള്ളവർ ഉപരിതല മത്സ്യം പിടിക്കുന്നവരാണ്. താപനില ഉയർന്നതോടെ തീരെ മീനില്ലാത്ത അവസ്ഥയിലായി.

പച്ചക്കറിയ്ക്കും

ക്ഷാമം

മലയോര മേഖലയിൽ കൂമ്പുചീയലും ഫംഗസ് ബാധയും പച്ചക്കറി കൃഷിയെ നശിപ്പിച്ചു. കനത്ത ചൂടിൽ തോട്ടം കരിഞ്ഞുണങ്ങി. ഇലകളും വേരും കരിഞ്ഞുണങ്ങി. കവുങ്ങ്, തെങ്ങ് വിളകളും ഉത്പാദനം കുറഞ്ഞു. ഇതോടെ പച്ചക്കറിക്ക് ക്ഷാമമായി തുടങ്ങി. വരുന്ന മാസങ്ങളിൽ അത് കൂടുതൽ പ്രകടമാകും. ഓണസീസണിൽ ആഭ്യന്തരപച്ചക്കറി ഉത്പാദനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. മറുനാടൻ പച്ചക്കറികളെ മാത്രം ആശ്രയിക്കേണ്ട നിലയിലെത്തും.

വിളകളെ സംരക്ഷിക്കാൻ കാർഷിക സർവകലാശാല നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നനയ്ക്കുന്നത് അതിരാവിലെയും വൈകിട്ടുമാക്കുക, ജലനഷ്ടം കുറയ്ക്കാൻ ചെടികളുടെ ചുവട്ടിൽ ഇടയകലങ്ങളിൽ പുതയിടുക, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഇനം ഉപയോഗിക്കുക, വെള്ളം കുറച്ച് മതിയാകുന്ന തുള്ളിനന സംവിധാനം ഉപയോഗിക്കുക, ജലലഭ്യതയുള്ളപ്പോൾ വിളയുടെ മുകളിലൂടെ വെള്ളം തളിക്കുക, ജൈവാംശവും സൂക്ഷ്മജീവികളുടെ പ്രവർത്തനവും കൂട്ടുന്നതിന് ജൈവവളം ചേർക്കണം, ബാഷ്പീകരണ നഷ്ടം കുറയ്ക്കാൻ താഴെയുള്ള ഇലകൾ നീക്കം ചെയ്യുക, പൊട്ടാഷ് വളങ്ങൾ 25 ശതമാനം അധികം നൽകുക, വരൾച്ചയെ ചെറുക്കാൻ ബോറോൺ അടങ്ങിയ വളങ്ങൾ നൽകുക, രാസ കീടനാശിനികൾ പ്രയോഗിക്കാതിരിക്കുക, മേൽമണ്ണ് ഇളക്കിയിട്ട് വേനൽമഴയിലെ ജലം സംഭരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിട്ടുളളത്. ഈ നിർദ്ദേശങ്ങളെല്ലാം പാലിച്ചിട്ടും വിള കരിയുന്നതിന്റെ വേദനയിലാണ് കർഷകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPERATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.