SignIn
Kerala Kaumudi Online
Thursday, 18 July 2024 6.38 AM IST

ആശ്രിത നിയമനത്തിലെ നിബന്ധനകൾ

xc

ആശ്രിത നിയമനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പ് കരട് നിർദ്ദേശങ്ങൾക്ക് രൂപം നൽകിയിരിക്കുകയാണ്. സർവീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയതിനു ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ എങ്കിലും കരടിലെ പല നിർദ്ദേശങ്ങൾക്കുമെതിരെ വിയോജിപ്പും പ്രതിഷേധവും ഇപ്പോൾത്തന്നെ ഉയർന്നിരിക്കുന്നു. മരണ സമയത്ത് ആശ്രിതന് 13 വയസുണ്ടായിരിക്കണമെന്നാണ് കരട് നിർദ്ദേശത്തിലെ പുതിയ നിബന്ധന. 13 തികയാത്ത സാഹചര്യത്തിൽ ആശ്രിതന് സമാശ്വാസ ധനസഹായത്തിനു മാത്രമേ അർഹതയുണ്ടാകൂ എന്നും പറഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു മാനദണ്ഡം സ്വീകരിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഈ നിബന്ധന സ്വീകരിക്കാനാവില്ലെന്ന നിലപാടാണ് സർവീസ് സംഘടനാ നേതാക്കൾ പുലർത്തുന്നത്.

ആശ്രിത നിയമനം നിയമപരമായ ഒരു അവകാശമാണെന്ന് പറയാനാകില്ലെങ്കിലും സർക്കാരിന്റെ മാനുഷികമായ ഒരു മുഖം ബോദ്ധ്യപ്പെടുത്തുന്ന ഒരു നടപടിയാണത്. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ മരണം സംഭവിച്ചാൽപ്പോലും കുടുംബം ആശ്രിത നിയമനത്തിലൂടെയെങ്കിലും മുന്നോട്ടു പോകുമെന്ന ഒരു വിശ്വാസം സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന നടപടിയാണത്. സഹായധനം ഒരിക്കലും ഒരു ഉദ്യോഗത്തിന് പകരമാവില്ല. കുടുംബത്തിലെ ഒരംഗത്തിന് ജോലി ലഭിക്കുമ്പോൾ മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് ദീർഘകാലത്തേക്കു ലഭിക്കുന്ന സുരക്ഷിതത്വം ഒരിക്കലും സഹായധനം നൽകിയാൽ ലഭിക്കില്ല. യോഗ്യതയുള്ള ആശ്രിതരില്ലാത്ത അവസരത്തിൽ മാത്രം പരിഗണിക്കാവുന്ന ഒന്നാണ് സഹായധനം. ആശ്രിത നിയമനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള നിബന്ധനകൾ ആശാസ്യമല്ല.

അതുപോലെ തന്നെ ആശ്രിത നിയമനത്തിന് വരുമാന പരിധി ബാധകമാക്കുന്നതും എതിർക്കപ്പെടേണ്ടതാണ്. നിലവിൽ എട്ടു ലക്ഷം രൂപ വരുമാന പരിധിയിൽ ഉള്ളവർക്കേ നിയമനമോ സമാശ്വാസ ധനമോ ലഭിക്കൂ. ഒന്നുകിൽ സർക്കാർ ഈ വരുമാന പരിധി ഉയർത്തണം. അല്ലെങ്കിൽ വരുമാന പരിധി എന്ന നിബന്ധന തന്നെ ഒഴിവാക്കണം. അപൂർവങ്ങളിൽ അപൂർവമായാണ് ഇത്തരം നിയമനത്തിനുള്ള സാഹചര്യം ഉണ്ടാകുന്നത്. അതിനാൽ ഇത്തരം നിബന്ധനകൾ ഫലത്തിൽ പലർക്കും ആശ്രിത നിയമനം ലഭിക്കുന്നതിന് അർഹത നിഷേധിക്കാനേ ഇടയാക്കൂ. ആശ്രിത നിയമനത്തിനുള്ള അപേക്ഷ മരണമുണ്ടായി മൂന്നു വർഷത്തിനകവും,​ ആശ്രിതൻ കുട്ടിയാണെങ്കിൽ പ്രായപൂർത്തിയായി മൂന്നു വർഷത്തിനകവും സമർപ്പിക്കണമെന്ന് കരട് മാർഗനിർദ്ദേശം വ്യക്തമാക്കുന്നു. സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് സമാശ്വാസ ധനത്തിനു മാത്രമേ അർഹതയുണ്ടാകൂ. അപേക്ഷ സമർപ്പിക്കുന്നതിന് അനുവദിച്ച സമയപരിധിക്കുള്ളിൽ കരസ്ഥമാക്കിയ യോഗ്യത മാത്രമേ നിയമനത്തിനായി പരിഗണിക്കൂ എന്നും കരട് നിർദ്ദേശത്തിൽ പറയുന്നു.

ഇതുവരെ ഓരോ വകുപ്പിനും ആശ്രിത നിയമനം നടത്താൻ അധികാരമുണ്ടായിരുന്നു. ഇനിമുതൽ പൊതുഭരണവകുപ്പിനു മാത്രമായിരിക്കും ഈ അവകാശം. എല്ലാ വകുപ്പുകളും ഇതിനുള്ള ഒഴിവുകൾ പൊതുഭരണ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്നാണ് പുതിയ നിർദ്ദേശം. എന്നാൽ ഫലത്തിൽ പലപ്പോഴും ഇത്തരം ഒഴിവുകൾ അലംഭാവം കാരണവും മറ്റു കാരണങ്ങളാലും റിപ്പോർട്ട് ചെയ്യപ്പെടാതെ വരും. അങ്ങനെ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്‌ച വരുത്തുന്ന വകുപ്പ് മേധാവികൾക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തസ്‌തികകളുടെ ജില്ല തിരിച്ചും സംസ്ഥാന തലത്തിലുമുള്ള ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി പരിഗണിക്കും എന്നത് സ്വാഗതാർഹമായ നിർദ്ദേശമാണ്. ചർച്ചകൾക്കു ശേഷം അവധാനതയോടെയും അനുകമ്പയോടെയും വേണം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT JOB
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.