കഴിഞ്ഞ തലമുറയെ അപേക്ഷിച്ച്, ആഹാരം കഴിക്കുന്നതിന് ആളുകൾ അവരുടെ ബഡ്‌ജറ്റിലെ ഒരു നല്ല പങ്ക് നീക്കിവയ്ക്കുന്ന കാലഘട്ടമാണിത്. പണ്ടുള്ളവർ കുടുംബവുമായി ഹോട്ടൽ സന്ദർശനവും മറ്റും നടത്തുന്നത് മിക്കപ്പോഴും വിശേഷാൽ സന്ദർഭങ്ങളിൽ മാത്രമായിരിക്കും. വീടുകളിൽത്തന്നെ പ്രത്യേക വിഭവങ്ങൾ ഒരുക്കുന്നതും അപൂർവമായിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകളാണ് ഇതിനിടയാക്കിയിരുന്നത്. ഹോട്ടൽ സന്ദർശനവും വിനോദസഞ്ചാരവും മറ്റും സമ്പന്ന വിഭാഗങ്ങൾ മാത്രമായിരുന്നു അക്കാലങ്ങളിൽ നടത്തിയിരുന്നത്. ആളുകളുടെ ഡിമാന്റ് കുറവായതിനാൽ വിഭവങ്ങളുടെ വിലയും ക്രമാതീതമായി ഉയരാറില്ലായിരുന്നു. മിക്കവാറും ഭക്ഷണം വീടുകളിൽ നിന്നു തന്നെയായിരുന്നതിനാൽ 'ഭക്ഷ്യസുരക്ഷ"യെക്കുറിച്ച് ആർക്കും ആശങ്കയില്ലായിരുന്നു.
എന്നാൽ ഇന്ന് അതല്ല സ്ഥിതി. വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിൽപ്പോലും പുതിയ തലമുറ ഓർഡർ ചെയ്തു വരുത്തി ഭക്ഷണം കഴിക്കാനാണ് താത്‌പര്യപ്പെടുന്നത്. ഏതു ഹോട്ടലിലെയും ഭക്ഷണം കഴിക്കാൻ വീട്ടിലിരുന്ന് ഫോണിലൂടെ ഓർഡർ നൽകിയാൽ മതി. അതു മാത്രമല്ല, പഴയ കാലങ്ങളിൽ മലയാളിക്ക് തീരെ പരിചിതമല്ലാതിരുന്ന ഷവർമ്മ, ബർഗർ, പിസ്‌ത പോലുള്ള പുതിയ വിഭവങ്ങളാണ് ഇപ്പോൾ അധികവും വിറ്റുപോകുന്നത്. അതിനാൽത്തന്നെ ഭക്ഷ്യവിഷബാധയെ സംബന്ധിച്ച വാർത്തകൾ അതീവ ഉത്കണ്ഠയാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ഷവർമ്മ കഴിച്ച് വിഷബാധയേറ്റു എന്ന തരത്തിലുള്ള വാർത്തകൾ ഇടയ്ക്കിടെ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം വാർത്തകൾ വരുമ്പോൾ ഭക്ഷ്യസുരക്ഷാ ജീവനക്കാർ ഉണരുകയും വ്യാപകമായ പരിശോധനകൾ നടത്തുകയും ചെയ്യും.
ഹോട്ടലുകളിലും മറ്റും ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വൃത്തിബോധത്തെക്കുറിച്ച് മലയാളികൾക്ക് പരാതിയുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ഇത്തരം തൊഴിലാളികൾക്ക് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഇതുകൊണ്ടു മാത്രം കാര്യമായില്ല. ഭക്ഷ്യസാമ്പിളുകളുടെ നിരന്തരമായുള്ള പരിശോധനയും ഗുണമേന്മ ഉറപ്പാക്കലും ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ശുചിത്വം ഉറപ്പാക്കലുമൊക്കെ വേണ്ടതാണ്. പക്ഷേ ഇതിനൊന്നും വേണ്ടത്ര ഉദ്യോഗസ്ഥരില്ല എന്നതാണ് യാഥാർത്ഥ്യം. ഭക്ഷ്യസാമ്പിളുകൾ പരിശോധിക്കാൻ ആവശ്യമായ ലാബുകളും ആവശ്യത്തിനില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ചെലവിട്ടത് 61.25 കോടി രൂപ മാത്രമാണ്.
ഭക്ഷ്യസാമ്പിളുകളുടെ പരിശോധന നടത്താൻ എല്ലാ ജില്ലകളിലും ലാബുകൾ വേണ്ടതാണെങ്കിലും നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി മൂന്ന് റീജിയണൽ ലാബുകളും പത്തനംതിട്ടയിലും കണ്ണൂരിലും രണ്ട് ജില്ലാ ലാബുകളും മാത്രമാണുള്ളത്. ഇതിനാൽ ഭക്ഷ്യസാമ്പിളുകളുടെ പരിശോധനാഫലം വളരെ വൈകിയാണ് ലഭിക്കുന്നത്. ഇത് നടപടികൾ വൈകുന്നതിനും ഇടയാക്കുന്നു. റീജിയണൽ ലാബുകളിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഉൾപ്പെടെ 28 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഒരു പഞ്ചായത്തിനു കീഴിൽ ഒരു ഫുഡ് സേഫ്‌റ്റി ഓഫീസർ വേണമെന്നിരിക്കെ 180 ജീവനക്കാർ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലുള്ളത്. ഇവർക്ക് സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങളുമില്ല. ഈ വകുപ്പിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടതും ആവശ്യമാണ്. ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഇപ്പോഴത്തെ രീതി അടിമുടി മാറേണ്ടതാണ്. പ്രത്യേകിച്ച്, ജനങ്ങൾ കൂടുതൽ പണവും സമയവും ആഹാരകാര്യങ്ങൾക്കായി ചെലവഴിക്കുന്ന ഇക്കാലത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |