ഏതു സംഭവത്തിനു പിന്നിലും ഒരു കാരണമുണ്ടാകണം. ഏത് അപകടത്തിനു പിന്നിലും, അതിന് ഇടയാക്കിയ കാരണങ്ങളോ സാഹചര്യങ്ങളോ ഉണ്ടാകണം. പക്ഷേ, 270 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തം സംഭവിച്ച് ഒൻപതു ദിവസം പിന്നിട്ടിട്ടും അതിനു വഴിവച്ച കാരണങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിനോ സാങ്കേതിക വിദഗ്ദ്ധർക്കോ വ്യോമയാന മന്ത്രാലയത്തിനോ വ്യക്തമായ ഉത്തരം കണ്ടെത്താനായിട്ടില്ല. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് ടേക്ക്ഓഫ് ചെയ്ത് വെറും ഒരു മിനിട്ടിനകമാണ് വിമാനത്തിന് ഉയരത്തിലേക്കു പൊങ്ങാനാകാതെ കെട്ടിടത്തിനു മുകളിൽ വീണ് ഒരു മഹാദുരന്തത്തിന്റെ അഗ്നിഗോളമായിത്തീരേണ്ടിവന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഇത്രമാത്രം: വിമാനത്തിന്റെ രണ്ട് എൻജിനും വൈദ്യുതി തടസം കാരണം ഒരേസമയം പ്രവർത്തനരഹിതമായി. അത്തരം സാഹചര്യത്തിലെ റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തന സജ്ജമായെങ്കിലും അതിന് അടിയന്തര വൈദ്യുതി ഉത്പാദിപ്പിക്കാൻ പോലുമുള്ള സമയം കിട്ടിയില്ല. അതിനു മുമ്പേ എല്ലാം അവസാനിച്ചു.
വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നോ, അടിസ്ഥാന രൂപകല്പനയിൽ ന്യൂനതകളുണ്ടോ, എൻജിനുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് ആദ്യഘട്ടത്തിൽ ഉയർന്നിരുന്നത്. അതെല്ലാം കിറുകൃത്യമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. അഹമ്മദാബാദിൽ നിന്ന് ഇക്കഴിഞ്ഞ 12 ന് ഉച്ചയ്ക്ക് ടേക്ക്ഓഫ് ചെയ്യുന്നതു വരെ വിമാനത്തിന്റെ രണ്ട് എൻജിനുകളും നേരിയ തകരാറുപോലും കാണിച്ചിരുന്നില്ല. വിമാനത്തിന്റെ മുഴുവൻ സാങ്കേതിക സംവിധാനങ്ങളുടെയും സമ്പൂർണ പരിശോധന നടത്തിയിട്ട് രണ്ടു വർഷമായില്ല. അത്തരമൊരു സമഗ്ര പരിശോധന ഇനി വേണ്ടിയിരുന്നത് വരുന്ന ഡിസംബറിൽ മാത്രം. വലത് എൻജിന്റെ ഘടകഭാഗങ്ങൾ മാറ്റിയിട്ട് മൂന്നുമാസമേ ആയുള്ളൂ. ഇടത് എൻജിനാകട്ടെ രണ്ടുമാസം മുമ്പ് വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 33 ഡ്രീംലൈനർ വിമാനങ്ങളിൽ 30 എണ്ണവും പരിശോധിച്ചു. നിർമ്മാണപ്പിഴവുകളൊന്നുമില്ല. പിന്നെ, ആ ദിവസത്തെ ബോയിംഗ് 787 ലണ്ടൻ സർവീസിനു മാത്രം എന്തു സംഭവിച്ചു? അതുമാത്രം ദുരൂഹമായി തുടരുന്നു.
വിചിത്രമെന്നു പറയാവുന്ന ഈ സാചര്യത്തിലാണ് അപകടത്തിനു പിന്നിൽ ഒരു അട്ടിമറിക്കുള്ള സാദ്ധ്യത കൂടി അന്വേഷണസംഘം തള്ളിക്കളയാതിരിക്കുന്നത്. സാദ്ധ്യത തള്ളുന്നില്ല എന്നതല്ലാതെ അങ്ങനെ കരുതുവാനുള്ള കൃത്യമായ കാരണങ്ങളെക്കുറിച്ച് അപകടകാരണം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഒന്നും വെളിപ്പെടുത്തുന്നില്ല. സാങ്കേതിക പരിശോധനകളെല്ലാം പൂർത്തിയാക്കിയ വിമാനം ടേക്ക്ഓഫ് ചെയ്ത് ഒരുമിനിട്ടിനകം എൻജിനിലേക്കുള്ള വൈദ്യുതിപ്രവാഹം ഒരു മുന്നറിയിപ്പുമില്ലാതെ തടസപ്പെട്ടതിനു പിന്നിൽ പുറത്തുനിന്നുള്ള ഏതോ ഉപകരണത്തിൽ നിന്നുള്ള സിഗ്നൽ കാരണമായിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ അന്വേഷണം. വിമാനത്താവള പരിസരത്തുനിന്നു തന്നെ ഇത്തരമൊരു ഉപകരണം പ്രവർത്തിപ്പിച്ച് വിമാന എൻജിനിലേക്കുള്ള വൈദ്യുതി തടസപ്പെടുത്താനാകുമോ എന്നാണ് പരിശോധന. പറന്നുയർന്ന്, തീരെച്ചെറിയ ദൂരമേ വിമാനം എത്തിയിരുന്നുള്ളൂ എന്നതും ഈ സംശയത്തിന് ബലം പകരുന്നതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വിമാനാപകടങ്ങൾ സംഭവിക്കുമ്പോൾ കാരണം കണ്ടെത്തുന്നതിൽ നിർണായകമാകുന്ന ബ്ളാക് ബോക്സ് ഇവിടെയും കണ്ടെത്തിയെങ്കിലും സാരമായ കേടുപാടുകൾ സംഭവിച്ച അതിലെ ഡാറ്റ ഡീകോഡ് ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്ളാക് ബോക്സും കോക്പിറ്റ് വോയ്സ് റെക്കാർഡറും ശാസ്‌ത്രീയ പരിശോധനയ്ക്കായി യു.എസിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, അക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്. വ്യോമയാന മേഖലയെയാകെ അമ്പരപ്പിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നിലെ യഥാർത്ഥ കാരണം തിരിച്ചറിയാൻ വിദേശരാജ്യങ്ങളുടെ സഹായം വേണമെന്നുണ്ടെങ്കിൽ അതു സ്വീകരിക്കുക തന്നെ വേണം. കാരണം, വ്യോമയാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ ദുരന്തത്തിന്റെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞേ മതിയാകൂ. കാരണങ്ങളില്ലാതെ ഒരു കാര്യവും സംഭവിക്കരുതല്ലോ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |