ന്യൂഡൽഹി: 260പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ പല തരത്തിലുള്ള സംശയങ്ങൾ ഉയരുന്നുണ്ട്. വെറും 32 സെക്കൻഡുകൾ മാത്രമാണ് വിമാനം പറന്നത്. ബോയിംഗ് 787 വിമാനത്തിന്റെ എഞ്ചിനിൽ ഇന്ധനം എത്തിക്കുന്നതിന് വേണ്ടിയുള്ള സ്വിച്ച് ഓഫായിരുന്നുവെന്നും കണ്ടെത്തി. അബദ്ധത്തിൽ പോലും ഓഫ് ആകാത്ത സ്വിച്ചാണിത്. വിമാനത്തിലെ ഇന്ധനം എഞ്ചിനിലേക്ക് എത്തിക്കുന്ന സ്വിച്ചും അവയുടെ പ്രവർത്തനങ്ങളും എങ്ങനെയെന്ന് പരിശോധിക്കാം.
എന്താണ് ഇന്ധന സ്വിച്ച്?
വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകളാണിവ. വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കണമെങ്കിൽ ആദ്യം സ്വിച്ച് ഓൺ ചെയ്യണം. മാത്രമല്ല, വിമാനം പറത്തുന്നതിനിടെ അടിയന്തര സാഹചര്യം ഉണ്ടായി എഞ്ചിൻ നിലച്ചാൽ ഇവ ഓഫ് ചെയ്‌ത് പെട്ടെന്ന് തന്നെ ഓൺ ചെയ്യും. ഇങ്ങനെ എഞ്ചിൻ റീ സ്റ്റാർട്ട് ചെയ്യാറുണ്ട്.
ഇത്രയും പ്രാധാന്യം ഉള്ളതിനാൽ അബദ്ധത്തിൽ കൈ തട്ടിയാൽ ഓഫ് ആകുന്ന തരത്തിലല്ല ഈ സ്വിച്ചുകൾ നിർമിച്ചിരിക്കുന്നതെന്നാണ് വ്യോമയാന വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, ഇവ ഓഫാകുന്ന പക്ഷം പെട്ടെന്ന് തന്നെ എഞ്ചിൻ പ്രവർത്തനം നിലയ്‌ക്കും. വിമാനത്തിലെ മറ്റ് സംവിധാനങ്ങളിൽ നിന്ന് സ്വതന്ത്രമായാണ് ഫ്യുവൽ സ്വിച്ച് പ്രവർത്തിക്കുന്നതെന്നാണ് യുഎസ് വ്യോമയാന വിദഗ്ദ്ധൻ ജോൺ കോക്‌സ് പറയുന്നത്. ഒരു പൈലറ്റ് അനാവശ്യമായി സ്വിച്ചുകൾ കട്ട് ഓഫ് ചെയ്യില്ല. പ്രത്യേകിച്ച് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വേളയിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ജോൺ കോക്‌സ് പറഞ്ഞു.
ഇന്ധന സ്വിച്ചുകളുടെ സ്ഥാനം
തകർന്നുവീണ ബോയിംഗ് 787 വിമാനത്തിന്റെ കോക്‌പിറ്റിൽ ത്രസ്റ്റ് ലിവറിന് താഴെയായാണ് രണ്ട് ഫ്യുവൽ സ്വിച്ചുകളുള്ളത്. അറിയാതെ കൈ തട്ടി സ്ഥാനം മാറാതിരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്. മാത്രമല്ല, ഈ സ്വിച്ച് പ്രവർത്തിപ്പിക്കണമെങ്കിൽ പൈലറ്റ് സ്വിച്ച് മുകളിലേക്ക് വലിച്ച് മുന്നോട്ടോ പിന്നോട്ടോ മാറ്റണം. മുന്നോട്ട് മാറ്റുമ്പോൾ റൺ പൊസിഷനിലും പിന്നിലേക്ക് മാറ്റുമ്പോൾ കട്ട് ഓഫ് പൊസിഷനിലും എത്തും. കട്ട് ഓഫ് പൊസിഷനിലെത്തി സിച്ച് റിലീസ് ചെയ്‌താൽ എഞ്ചിൻ പ്രവർത്തനം പെട്ടെന്ന് നിലയ്‌ക്കും.
കോക്‌പിറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം വിമാനം പറന്നുയർന്ന് സെക്കൻഡുകൾക്കകം ഈ സ്വിച്ചുകൾ ഓഫായി. റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി. ഒരു സെക്കൻഡിന്റെ ഇടവേളയിലാണ് സ്വിച്ച് ഓഫായത്. ഇതോടെ എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹം നിലച്ചു. തുടർന്ന് ഉയരാൻ ആവശ്യത്തിനുള്ള സമ്മർദം ലഭിക്കാതെ വിമാനം നിലംപതിക്കുകയായിരുന്നു. സ്വിച്ച് ഓഫ് ആയെന്ന് ശ്രദ്ധയിൽപ്പെട്ട പൈലറ്റുമാരിലൊരാൾ എന്തിനാണ് ഇത് കട്ട് ഓഫ് ആക്കിയതെന്ന് ചോദിക്കുന്നുണ്ട്. അത് താനല്ല ചെയ്‌തതെന്നാണ് മറ്റേയാൾ മറുപടി നൽകിയത്. ഈ സംഭാഷണം വോയ്‌സ് റെക്കോർഡറിൽ നിന്ന് ലഭിച്ചു. സംഭാഷണത്തിനിടെ പൈലറ്റുമാരിലൊരാൾ സ്വിച്ചുകൾ റൺ പൊസിഷനിലേക്ക് കൊണ്ടുവന്നെങ്കിലും റീ സ്റ്റാർട്ട് ആകുന്ന സമയത്തിനിടെ ത്രസ്റ്റ് നഷ്‌ടപ്പെട്ട വിമാനം തകർന്ന് വീഴുകയായിരുന്നു.
വിമാനാപകടത്തിലെ അട്ടിമറി സാദ്ധ്യത ബലപ്പെടുത്തുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ. അബദ്ധത്തിൽ പോലും ഓഫ് ആകാത്ത സ്വിച്ച് ഓഫ് ആയതാണ് സംശയം വർദ്ധിപ്പിക്കാനുള്ള കാരണം. വിശദമായ അന്വേഷണത്തോട് എയർ ഇന്ത്യയും ബോയിംഗ് കമ്പനിയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വന്നാൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |