ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് വിദേശ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകളെ തള്ളി ഉന്നത സർക്കാർ വൃത്തങ്ങൾ. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ച്) ഓഫാക്കിയത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാളാണെന്ന് സൂചിപ്പിക്കുന്ന അമേരിക്കൻ മാദ്ധ്യമം വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഉന്നത സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
കോക്ക്പിറ്റ് റെക്കോർഡിംഗിലൂടെ ലഭിച്ച രണ്ട് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം വളച്ചൊടിച്ച്, സീനിയർ പൈലറ്റ് ഇന്ധന നിയന്ത്രണ സ്വിച്ച് മനഃപൂർവ്വം ഓഫാക്കിയതാണെന്ന് കാണിക്കുകയാണെന്നും എന്നാൽ ഇതിൽ വാസ്തവമില്ലെന്നുമാണ് വൃത്തങ്ങൾ പറയുന്നത്.
വിമാനത്തിലെ പൈലറ്റ് സുമിത് സബർവാളിന്റെ പിതാവ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് വിരമിച്ചയാളാണ്. സുമീത് സമ്മർദ്ദത്തിലായിരുന്നിരിക്കാമെന്ന വാദങ്ങളെ പിന്തുണയ്ക്കുന്നതിന് കാരണങ്ങളൊന്നുമില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് വാൾ സ്ട്രീറ്റ് ജേർണലിലെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയർ ക്രാഫ്റ്റ് അക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് ഉദ്ധരിച്ചാണ് വാൾ സ്ട്രീറ്റും റോയിട്ടേഴ്സുമടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
ബ്ലാക് ബോക്സ് പരിശോധിച്ചപ്പോൾ കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നുള്ള ശബ്ദ രേഖ പുറത്തുവന്നിരുന്നു. ഫസ്റ്റ് ഓഫീസറയിരുന്ന ക്ലൈവ് കുന്ദർ ക്യാപ്റ്റൻ സുമിത്തിനോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് ശബ്ദരേഖയിലുണ്ട്. ഞാനല്ല ഓഫ് ചെയ്തതെന്ന് അദ്ദേഹം മറുപടി നൽകുന്നതും കേൾക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |