പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീംകോടതി നടത്തിയ ഇടപെടലുകൾ ജനാധിപത്യത്തെ തന്നെ സംരക്ഷിക്കുന്നതായി മാറിയിട്ടുണ്ട്. ഓരോ മേഖലയ്ക്കും വേണ്ടി പാർലമെന്റ് വ്യക്തമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും എക്സിക്യുട്ടീവിലൂടെ അത് നടപ്പായി വരുമ്പോൾ അട്ടിമറിക്കപ്പെടാം. ഇതിനെ ചോദ്യം ചെയ്ത് ഒരു പൗരന് സമീപിക്കാൻ കഴിയുന്ന അവസാനത്തെ അത്താണിയാണ് സുപ്രീംകോടതി. മനുഷ്യനും മനുഷ്യനിർമ്മിതമായ സ്ഥാപനങ്ങൾക്കുമൊക്കെ തെറ്റുകൾ സംഭവിക്കാം. അതുപോലെ സുപ്രീംകോടതിക്കും ചില സുപ്രധാന വിധികളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് അവ തിരുത്തപ്പെട്ടിട്ടുമുണ്ട്. പിതാവിന്റെ വിധിക്ക് എതിരായ നിലപാട് മകൻ ചീഫ് ജസ്റ്റിസായപ്പോൾ എടുത്ത സന്ദർഭവും ഉണ്ടായിട്ടുണ്ട്.
കാലം മാറിവരുന്നതനുസരിച്ച് ഭരണാധികാരികളുടെയും കോടതികളുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ കാഴ്ചപ്പാടുകളിലും തീരുമാനങ്ങളിലുമൊക്കെ അതത് കാലഘട്ടത്തിന്റെ നീതിസങ്കല്പത്തിനു നിരക്കുന്ന മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കേണ്ടത് അനിവാര്യമാണ്. എല്ലാ പൗരന്മാർക്കും തുല്യ പരിഗണന വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടന തന്നെ നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട സമൂഹത്തിലെ ചില വിഭാഗം മനുഷ്യരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സംവരണവും ഉറപ്പുനൽകുന്നുണ്ട്. വർഷങ്ങളോളം സംവരണത്തെ എതിർത്തിരുന്ന മുന്നാക്ക വിഭാഗങ്ങളും നിലപാട് മാറ്റി ഇപ്പോൾ സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നു. സവർണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം കേന്ദ്ര സർക്കാരാണ് നടപ്പാക്കിയത്. സാമ്പത്തികമായി വളരെ മുന്നാക്കം നിൽക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് ഇപ്പോൾ സംവരണാനുകൂല്യം ലഭിക്കുന്നില്ല.
തുല്യ പരിഗണനയ്ക്കപ്പുറം തുല്യ സുരക്ഷിതത്വബോധം വിവിധ ജനവിഭാഗങ്ങൾക്ക് ലഭിക്കാൻ സംവരണം ജനവിഭാഗങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവിധ തട്ടുകളിൽ കഴിയുന്ന ഇന്നത്തെ ഇന്ത്യയിൽ അനിവാര്യമാണ്. എന്നാൽ നിയമം മൂലം ഉറപ്പാക്കിയിട്ടുള്ള ഈ സംവരണം പോലും നടപ്പാക്കി വരുമ്പോൾ പല മേഖലകളിലും അട്ടിമറിക്കപ്പെടാറുണ്ട്. സുപ്രീംകോടതി തന്നെ സംവരണ തത്വങ്ങൾ നിയമനങ്ങളിൽ പാലിക്കുന്നില്ലെങ്കിൽ മറ്ളള്ളയിടങ്ങളിൽ സംവരണം പാലിക്കണമെന്ന് ഉത്തരവിടാനുള്ള ധാർമ്മിക അധികാരം അവർക്കുണ്ടോ എന്നത് 75 വർഷമായി ഉത്തരം കിട്ടാതെ നിലനിന്നിരുന്ന ചോദ്യമായിരുന്നു. ഈ ചോദ്യത്തിനാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരം നൽകിയിരിക്കുന്നത്. സുപ്രീംകോടതിയിലെ നോൺ ജുഡിഷ്യൽ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിലൂടെയാണത്.
നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗത്തിന് 7.5 ശതമാനവും ക്വാട്ടയാണ് ഇനിമുതൽ ലഭിക്കുന്നത്. ഉന്നത പദവിയായ രജിസ്ട്രാർ മുതൽ താഴെത്തട്ടിലെ ചേംബർ അറ്റൻഡന്റ് വരെയുള്ള തസ്തികകൾക്ക് സംവരണം ബാധകമായിരിക്കും. ഇനിമുതൽ, സുപ്രീംകോടതി ജീവനക്കാരിൽ പട്ടികജാതി, പട്ടികവർഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുണ്ടാവുക. സംവരണ നയം ജൂൺ 23 മുതൽ പ്രാബല്യത്തിലാവുമെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഇ -മെയിലിലൂടെ ആഭ്യന്തര സർക്കുലർ അയച്ചിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളിലും ഹൈക്കോടതികളിലും പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണമുള്ളപ്പോൾ സുപ്രീംകോടതി മാത്രം എന്തുകൊണ്ട് മാറി നിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അടുത്തിടെ ചോദിച്ചിരുന്നു. അതിധീരമായ ഒരു കാൽവയ്‌പ്പാണ് ചീഫ് ജസ്റ്റിസ് നടത്തിയത്.
ഇതിനു പിന്നാലെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹമായ സംവരണം ഏർപ്പെടുത്താനുള്ള നീക്കം ഉണ്ടാകേണ്ടതാണ്. സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ നിയമനത്തിലും സംവരണം വേണമെന്ന ആവശ്യവും ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതിയിലെ 75 വർഷത്തെ ചരിത്രത്തിനിടയിൽ ഈഴവ സമുദായത്തിൽ നിന്നുള്ള ഒരു അംഗത്തിനു പോലും ഉന്നത കോടതിയിൽ ജഡ്‌ജിയാകാൻ കഴിഞ്ഞിട്ടില്ല. അവരുടെ കഴിവിന്റെ കുറവല്ല; മറിച്ച് മാനദണ്ഡങ്ങളുടെ പ്രശ്നമാണ്. അത്തരം അനീതികളും കാലക്രമത്തിൽ പരിഹരിക്കപ്പെടേണ്ടതാണ്.
എന്തായാലും ഒന്നുമില്ലാത്തിടത്ത് ഇത്രയെങ്കിലും ആയത് കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ സുപ്രീംകോടതിയും ഉൾക്കൊള്ളുന്നു എന്നതിന്റെ ദൃഷ്ടാന്തമായി കരുതാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |