കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം. മകളെ ഇല്ലാതാക്കിയ സതീഷിന് കടുത്ത ശിക്ഷ നൽകണമെന്ന് പിതാവ് രാജശേഖരൻ പിളള പറഞ്ഞു. 'എന്താണ് സംഭവിച്ചതെന്ന് അറിയണം. ജാമ്യം റദ്ദാക്കി സതീഷിനെ കസ്റ്റഡിയിൽ എടുക്കണം. ചിരിച്ചു കളിച്ച ഫോട്ടോ സ്റ്റാറ്റസിട്ട അതുല്യ ജീവനൊടുക്കില്ല. അന്ന് മകളുടെ ജന്മദിനമായിരുന്നു. അനിയത്തിയുടെ വീട്ടിൽ നിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല'- പിതാവ് പറഞ്ഞു.
വലിയ പ്രതീക്ഷയിലായിരുന്ന അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖിലയും പറഞ്ഞു. സതീഷ് അതുല്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. മകളോട് പോലും സതീഷിന് ആത്മാർത്ഥമായ സ്നേഹമില്ലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും 24 മണിക്കൂറിലുണ്ടായ പാടുകൾ ശരീരത്തിലുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. മരിച്ച ദിവസവും സതീഷ് ഉപ്രദ്രവിച്ചിട്ടുണ്ട്. അയാളുടെ ചില ബന്ധങ്ങളുടെ പേരിൽ അതുല്യയുമായി സ്ഥിരം തർക്കമുണ്ടായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ വരെ അതുല്യയെ ഉപദ്രവിച്ചു. മരിക്കുന്നതിന് തലേന്ന് രാത്രി 11.30വരെ അതുല്യ എന്നോട് ഫോണിൽ സംസാരിച്ചിരുന്നു. അവൾ മരിച്ച ദിവസം സതീഷിനെ കാണുമ്പോൾ മദ്യലഹരിയിലായിരുന്നു. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും അയാൾക്ക് ജാമ്യം കിട്ടി പുറത്ത് നടക്കുന്നത് അംഗീകരിക്കാനാകില്ല. അതുല്യയ്ക്ക് നീതി ലഭിക്കണം'- അഖില പറഞ്ഞു.
ജൂലായ് 19നാണ് യുവതി ജീവനൊടുക്കിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ സതീഷ് ഷാർജയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. വിമാനത്താവളത്തിൽ അറസ്റ്റിലായ സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. സെപ്‌തംബർ രണ്ടിന് കോടതി ഹർജി പരിഗണിക്കും.
ഇന്നലെ അതുല്യയെ കൊല്ലുമെന്ന് സതീഷ് പറയുന്ന ചില വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവതിയെ കൊലപ്പെടുത്തി ജയിലിൽ പോകാൻ തയ്യാറാണെന്ന് സതീഷ് പറയുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ ഒരു വീഡിയോയിൽ പറയുന്നുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപെടുത്ത വീഡിയോയാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം, കുത്തിമലർത്തുമെന്നും ഷാർജ വിട്ടുപോകാൻ അതുല്യയെ അനുവദിക്കില്ലെന്നും ജീവിക്കാൻ വിടില്ലെന്നും സതീഷ് വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോകൾ ബന്ധുക്കൾ കുടുംബകോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |