തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നത് എന്ത് യുക്തിയുടെ പേരിലാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. കെ.പി.സി.സി ഭവനസന്ദർശനത്തിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി വഴുതക്കാട് ബൂത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് മുഖ്യമന്ത്രിയും പൊലീസുമെന്നും ഹസൻ പരിഹസിച്ചു. രാഹുലിനെതിരെ പരാതിക്കാരുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ പൊലീസിന് അന്വേഷിച്ചിറങ്ങേണ്ട ഗതികേടാണ്. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാർട്ടി സ്ത്രീപക്ഷ നിലപാടിനെക്കുറിച്ച് സംസാരിക്കരുത്. പരാതികൾ ഇല്ലാത്ത ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.ആരോപണം വന്ന് മണിക്കൂറുകൾക്കുള്ളിൽ രാഹുലിനെതിരെ കോൺഗ്രസ് നടപടിയെടുത്തു. സ്വന്തം മുന്നണിയിൽ ഉള്ളവർക്കെതിരെ ആരോപണം വന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി അതിനെപ്പറ്റി അന്വേഷിച്ചോ?
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഹുലിനെ പാർട്ടി വിലക്കിയിട്ടില്ല. പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം.
ഷാഫി പറമ്പിലിനെ തടഞ്ഞാൽ കൈയുംകെട്ടി നോക്കിനിൽക്കില്ല. ഇവിടെ കോൺഗ്രസിന്റെ യുവജന സംഘടനകൾ ഉണ്ട്, യൂത്ത് കോൺഗ്രസ് ഉണ്ട്. ചെയ്യാത്ത കാര്യത്തിനാണ് ഷാഫി പറമ്പിലിനെ വഴിയിൽ തടഞ്ഞ് ആക്രമിച്ചതെന്നും ഹസൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ജനപ്രീതിഉയരുന്നു,
പ്രധാന മന്ത്രിയുടേത് ഇടിയുന്നു: എ.കെ.ആന്റണി
തിരുവനന്തപുരം: ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഓരോ ദിവസവും വർദ്ധിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ദിവസം കഴിയും തോറും ഓഹരി മാർക്കറ്റിൽ വിലയിടിയുന്നത് പോലെ കുത്തനെ ഇടിയുന്നു. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിനടുത്ത് എത്തിയെന്നും ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
''കരുതിയതിനേക്കാൾ തകർന്ന നിലയിൽ, അവൾ "
രാഹുൽ വിവാദത്തിലെ പെൺകുട്ടിയുടെ ദുരവസ്ഥ വിവരിച്ച് മാദ്ധ്യമ പ്രവർത്തക
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിന് നിർബ്ബന്ധിക്കുന്നതായി വെളിപ്പെടുത്തുന്ന സംഭാഷണങ്ങൾ പുറത്തു വന്ന സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ ദയനീയസ്ഥിതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മാദ്ധ്യമ പ്രവർത്തക ലക്ഷ്മിപദ്മ.
കരുതിയിരുന്നതിനേക്കാൾ തകർന്ന ഒരാളെയാണ് താൻ കണ്ടതെന്ന് പറഞ്ഞാണ് അവർ കാര്യങ്ങൾ വിശദീകരിക്കുന്നത്. ആവശ്യത്തിന് ഭക്ഷണം കഴിച്ചിട്ടും ഉറക്കം ലഭിച്ചിട്ടും ദിവസങ്ങളായിട്ടുണ്ട്. അവളെ കാണാൻ തീരുമാനിച്ചതും കണ്ടതും മാദ്ധ്യമ പ്രവർത്തക എന്ന നിലയ്ക്കല്ല. അവളെ കേട്ടപ്പോഴും തെളിവുകൾ കണ്ടപ്പോഴും പുറത്തു വന്നതിനേക്കാൾ എത്രയോ ഭീകരമായ കാര്യങ്ങളാണെന്ന് തോന്നി. അശാസ്ത്രീയ ഗർഭച്ഛിദ്രവും തുടർ ആരോഗ്യ പ്രശ്നങ്ങളും വല്ലാതെ തകർത്തിട്ടുണ്ട്. ഓരോ മണിക്കൂറിലും വന്നുകൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങളും അറിയുന്നുണ്ട്. കുടുംബവും കടുത്ത മനോവിഷമത്തിലാണ്. അവളെ ക്രൂരമായി ഉപദ്രവിച്ചവരെ മാനേജ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇപ്പോഴും കഴിയുന്നുണ്ടെന്നും ലക്ഷ്മിപദ്മ പറഞ്ഞു.
അവൾ എന്തു പരാതി കൊടുത്താലും ഒപ്പമുണ്ടാവുമെന്ന ഉറപ്പുകൊടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ഐഡന്റിറ്റി പുറത്തുവരുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ലക്ഷ്മിപദ്മ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |