മോട്ടോർ വാഹന വകുപ്പിന്റെ എം പരിവഹൻ ആപ്പിന്റെ മറവിൽ കോടികൾ തട്ടിച്ച സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ അറസ്റ്റുചെയ്യാനായത് കേരള പൊലീസിന്റെ ഏറ്റവും മികച്ച അന്വേഷണത്തിലൂടെയാണെന്നത് അഭിനന്ദനം അർഹിക്കുന്നതാണ്. മോട്ടോർ വാഹന നിയമലംഘനത്തിന് പെറ്റി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലും അന്യസംസ്ഥാനങ്ങളിലും ഈ സംഘം നൂറുകണക്കിന് തട്ടിപ്പുകളാണ് നടത്തിയത്. മറ്റ് സംസ്ഥാനങ്ങളെല്ലാം ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവത്‌കരിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കേരളത്തിലെ പൊലീസ് മാത്രമാണ് പ്രതികൾക്കു പിന്നാലെ പോയത്. വാട്സ് ആപ്പിലൂടെ മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ തട്ടിപ്പ് നടന്നതായി നിരവധി പരാതികൾ ഉയർന്നുവന്നപ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അന്വേഷണം സൈബർ പൊലീസിന് കൈമാറുകയായിരുന്നു.
തുടർന്ന്, ഐ.പി വിലാസവും ഫോൺ നമ്പറുകളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വാരണാസിയിലാണെന്ന് മനസിലായത്. ഇവരെ അറസ്റ്റുചെയ്യാൻ യു.പി പൊലീസിന്റെ സഹായം തേടിയെങ്കിലും അവർ തുടക്കത്തിൽ നിസ്സഹരിക്കുകയാണ് ചെയ്തത്. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ യു.പിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനു ശേഷമാണ് പ്രതികളുടെ അറസ്റ്റിന് വഴിയൊരുങ്ങിയത്. വാരണാസി ശിവപ്പൂരിലെ വീട്ടിൽ നിന്ന് പ്രതി മനീഷിനെയും അതിനു സമീപത്തുനിന്ന് മറ്റൊരു പ്രതിയായ അതുലിനെയും പിടികൂടി. സൈബർ ഇൻസ്പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രദേശവാസികളുടെ എതിർപ്പുകളെ അതിജീവിച്ചാണ് ഇവരെ പിടികൂടാനായത്. യു.പി സ്വദേശിയായ ഒരു പൊലീസുകാരൻ മാത്രമാണ് കേരള പൊലീസിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നത്.
നാട്ടുകാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രതികളുടെ വസതികളിൽ വിശദമായ പരിശോധന നടത്താൻ കഴിഞ്ഞില്ല. കേസിലെ മൂന്നാം പ്രതി ഒരു പതിനാറുകാരനാണ്. മാതാപിതാക്കളെയും കൂട്ടി പത്തുദിവസത്തിനകം കാക്കനാട് സൈബർ സ്റ്റേഷനിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹാജരായില്ലെങ്കിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ റിപ്പോർട്ട് നൽകാനാണ് നീക്കം. കൊച്ചി നഗരത്തിൽ മാത്രം 96 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ 575 പേർക്ക് പണം നഷ്ടമായതായാണ് കണക്കാക്കുന്നത്. കേരളത്തിൽ മാത്രം ഇവർ 50 ലക്ഷത്തിലധികം രൂപ തട്ടിയതായാണ് പ്രാഥമിക അന്വേഷണം നൽകുന്ന സൂചന. വാഹനങ്ങളുടെ വിവരങ്ങൾ പ്രതികൾക്ക് ഡാർക്ക് വെബ്ബിൽ നിന്ന് ലഭിച്ചതായാണ് നിഗമനം. മൂവായിരത്തോളം വാഹനങ്ങളും നമ്പരുകളും ഉടമകളുടെ ഫോൺ നമ്പരുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങളും അതിലുണ്ട്. ചില സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് പ്രതികൾ ഹാക്ക് ചെയ്തതായും സൂചനയുണ്ട്. വാട്സ് ആപ്പിലൂടെ വാഹന ഉടമകൾക്ക് ലഭിക്കുന്ന സന്ദേശത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളും ചെല്ലാൻ നമ്പരുമെല്ലാം ചേർത്തിരിക്കും. പിഴ അടയ്ക്കാൻ ഒരു ലിങ്കും ഉണ്ടാകും. ലിങ്കിൽ ക്ളിക്ക് ചെയ്യുമ്പോൾ എം പരിവഹൻ ആപ്പിന്റെ അതേ മാതൃകയിലുള്ള വ്യാജ ആപ്പിലേക്കാണ് എത്തുക. ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും അക്കൗണ്ടിൽ നിന്ന് ഓൺലൈനായി പണം തട്ടുകയും ചെയ്യും. മോട്ടോർ വാഹന വകുപ്പ് വാട്‌സ് ആപ്പിലൂടെ പെറ്റി അടയ്ക്കാനുള്ള സന്ദേശങ്ങൾ അയയ്ക്കില്ലെന്നും എസ്.എം.എസായാണ് അത് അയയ്ക്കുന്നതെന്നും പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും അതറിയാത്തവരാണ് ഇവരുടെ വെട്ടിൽ വീണത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞത് കേരള പൊലീസിന്റെ മികച്ച നേട്ടം തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |