സ്വന്തം വിശപ്പടക്കിയും ഉള്ളതിൽ സ്വാദിഷ്ഠമായത് കുട്ടികൾക്ക് നൽകുന്നതുമാണ് പണ്ടുമുതലേ അമ്മമാർ ചെയ്തുവരുന്നത്. ഇല്ലായ്‌മകൾ അവരെ അറിയിക്കാറുമില്ല. മക്കൾ വയറുനിറയെ ഭക്ഷണം കഴിക്കുമ്പോൾ അതു നോക്കിയിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന രക്ഷിതാക്കൾ എല്ലാ കാലത്തുമുണ്ട്. ആ പൊതുസ്വഭാവവും ചിന്തകളും ഉള്ളിലുള്ളതുകൊണ്ടാവാം പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ കഴിഞ്ഞ ദിവസം മികച്ച ഭക്ഷണം വേണ്ടത് കുട്ടികൾക്കാണ്, ജയിൽപ്പുള്ളികൾക്കല്ലെന്ന് ഓർമ്മിപ്പിച്ചത്. ഈ അഭിപ്രായം പൊതുസമൂഹത്തിൽ പലർക്കുമുണ്ട്.
സ്‌കൂൾ ഉച്ചഭക്ഷണത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുട്ടികൾ നമ്മുടെ നഗരത്തിലും നാട്ടിൻപുറങ്ങളിലുമുണ്ട്. സ്‌കൂൾ അവധിദിവസങ്ങളിൽ അതിൽ പലരുടെയും സ്ഥിതി ദയനീയമായിരിക്കും.
പണ്ടുകാലത്ത് സ്‌കൂളുകളിൽ ഉപ്പുമാവാണ് വിതരണം ചെയ്തിരുന്നത്. സൗജന്യ ഭക്ഷണമായതുകൊണ്ടും ഉപ്പുമാവായതുകൊണ്ടും എല്ലാ കുട്ടികളും അത് കഴിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ സാരമായ മാറ്റങ്ങൾ വന്നിരിക്കുന്നു. കുട്ടികളുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് പൊതവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അത്തരം പരിഷ്‌കാരങ്ങൾ കൊണ്ടുവന്നത്. പഠനസമയം അടക്കം സുപ്രധാനമായ പല കാര്യങ്ങളിലും അദ്ദേഹം പുരോഗമനപരമായ നടപടികൾ കൈക്കൊള്ളുന്നു എന്നത് അഭിനന്ദനാർഹമാണ്. സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണ സമയത്ത് തനിക്കൊപ്പം സന്ദർശനം നടത്താൻ കുഞ്ചാക്കോ ബോബനെ മന്ത്രി സ്നേഹപൂർവം ക്ഷണിച്ചിട്ടുണ്ട്. സ‌്‌കൂളുകളിൽ നൽകുന്ന ഉച്ചഭക്ഷണവും കഴിക്കാം. സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും സമൂഹം കൂടി അറിയട്ടെ എന്ന ലക്ഷ്യത്തോടെയാവും മന്ത്രി ഇക്കാര്യം ഫേസ്‌ബുക്കിൽ കുറിച്ചത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ വലിയ മാറ്റം വരുത്തിയതിൽ മന്ത്രിക്കുള്ള അഭിമാനവും സന്തോഷവും ഈ കുറിപ്പിൽ കാണാം.
കുട്ടികൾക്ക് മികച്ച ഭക്ഷണം നൽകണമെന്ന കാര്യത്തിൽ സമൂഹത്തിൽ എല്ലാ തുറയിലുള്ളവരും യോജിക്കും. കാരണം മാനസികമായും ശാരീരികമായും നല്ല ആരോഗ്യമുള്ള തലമുറയാണ് ഭാവികാലത്തെ നയിക്കേണ്ടത്. ഈ ബോധത്തോടെയാകണം കുഞ്ചാക്കോ ബോബൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ജയിൽപ്പുള്ളികൾക്കല്ല എന്നുകൂടി അദ്ദേഹം സൂചിപ്പിച്ചത് അവരെ ആക്ഷേപിക്കാനല്ല. മോശമായ സാഹചര്യങ്ങൾകൊണ്ട് ജീവിതത്തിന്റെ താളം തെറ്റി ശിക്ഷിക്കപ്പെടുകയും ജയിലിലെത്തുകയും ചെയ്യുന്നവർ കുറവല്ല. അവർ തീർച്ചയായും പരിഗണന അർഹിക്കുന്നു. അതേസമയം, ജന്മനായുള്ള കുറ്റവാസനകളിലൂടെ തടവറയിലെത്തുന്നവരുമുണ്ട്. അവരുടെ എണ്ണവും കുറവല്ലെന്ന് നാം നിത്യേന വായിക്കുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് വ്യക്തമാകും. കുറ്റം ചെയ്യാത്തവരെ സംരക്ഷിക്കുന്നതിൽ സർക്കാർ മുൻഗണന നൽകണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞത് ഇതെല്ലാം മനസിൽ വച്ചുകൊണ്ടാകണം.
ഉമാതോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിയായ 'സുഭിക്ഷം തൃക്കാക്കര"യുടെ ഉദ്ഘാടന ചടങ്ങിലാണ് കുട്ടികളുടെ ആരോഗ്യകാര്യത്തിലുള്ള പൊതുവികാരം നടൻ പ്രകടിപ്പിച്ചത്. അവരോടൊപ്പം കുഞ്ചാക്കോ ബോബൻ ഭക്ഷണം കഴിക്കുകയും ചെയ്തു. തൃക്കാക്കര മണ്ഡലത്തിലെ 28 സ്‌കൂളുകളിലെ ഏഴായിരത്തിലധികം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പി.ടി. തോമസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബി.പി.സി.എല്ലിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപ ചെലവിൽ 165 അദ്ധ്യയന ദിവസമാണ് പദ്ധതി നടപ്പാക്കുന്നത്. മാതൃകാപരമാണ് ഈ പദ്ധതി. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ മെനുവിലെ മാറ്റം പരക്കെ സ്വാഗതം ചെയ്യപ്പെടുമെങ്കിലും, എങ്ങനെ സുഗമമായി മുന്നോട്ടുകൊണ്ടു പോകുമെന്നതിൽ വ്യക്തത വന്നിട്ടില്ല. മുമ്പ് ഉച്ചഭക്ഷണം നൽകിയതിലെ പരാതികളും പരാധീനതകളും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എത്ര നല്ല പദ്ധതികളും പരിഷ്കാരവുമായാലും അതിനു വേണ്ട തുക അനുവദിക്കുന്നതിൽക്കൂടി അധികാരികളുടെ ശ്രദ്ധ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |