
തിരുവനന്തപുരം:സ്കൂൾ,കോളേജ് വിനോദയാത്രകൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വിദ്യാഭ്യാസ എച്ച്.നാഗരാജു സ്ഥാപന മേധാവികൾക്ക് നൽകിയ കർശന നിർദ്ദേശം ഫലം കാണുന്നു.ഇപ്പോൾ ടൂറിസ്റ്റ് വാഹനങ്ങൾ കൃത്യമായി പരിശോധിക്കുന്നുണ്ട്.രാത്രി യാത്ര ഒഴിവാക്കാനും സ്ഥാപന മേധാവികൾ ശ്രദ്ധിക്കുന്നുണ്ട്.
യാത്രയ്ക്കിടെ അപകടം സംഭവിച്ചാൽ അത് സ്‌കൂൾ-കോളേജ് പ്രിൻസിപ്പലിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമായി കണക്കാക്കുമെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണറുടെ മുന്നറിയിപ്പ് വന്നതോടെയാണിത്.രാത്രിയാത്ര ഒഴിവാക്കണം,അനധികൃത ശബ്ദ,വെളിച്ച സംവിധാനങ്ങൾ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് വിനോദയാത്രകൾ നടക്കുന്നതെന്ന് ഒക്ടോബർ 29ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇതോടെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയത്.വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധന,യാത്ര സമയം എന്നീ വിവരങ്ങൾ നൽകിയതിനു ശേഷം മാത്രമാണ് എ.ഇ.ഒമാർ വിനോദ യാത്രയ്ക്ക് അനുമതി നൽകുന്നത്.2023ലെ വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരം വിദ്യാർഥികളുമായുള്ള രാത്രിയാത്രയ്ക്ക് വിലക്കുണ്ട്.ചില ടൂർ ഓപ്പറേറ്റർമാരും സ്ഥാപന മേധാവികളും നിരക്ക് കുറയ്ക്കാൻ രാത്രിയാത്ര തിരഞ്ഞെടുത്തിരുന്നു.
എം.വി.ഡി ഉദ്യോഗസ്ഥരും ഉണർന്നു
വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങൾ ഓരോ യാത്രയ്ക്കുമുൻപും പരിശോധനക്കണമെന്നായിരുന്നു വ്യവസ്ഥ.ബസ്സുടമകളുടെ അഭ്യർത്ഥനയെത്തുടർന്ന് ഇത് മാസത്തിൽ ഒന്നായി ചുരുക്കിയിരുന്നു.എന്നാൽ അനധികൃതമായി ചില ബസുടമകൾ സർട്ടിഫിക്കറ്റ് സ്വന്തമാക്കി തുടങ്ങിയിരുന്നു.പുതിയ നിർദ്ദേശം വന്നതോടെ എം.വി.ഡി ഉദ്യോഗസ്ഥർ അത് കർശനമായി പാലിക്കാൻ തുടങ്ങി.ഇപ്പോൾ ഓരോ ആർ.ടിഓഫീസിലും മിക്കവാറും ദിവസങ്ങളിൽ വാഹനങ്ങൾ പരിശോധനയ്ക്ക് എത്താറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |