അധികാരസ്ഥാനത്ത് എത്തിയാൽ അഴിമതി നടത്താനുള്ള ലൈസൻസ് നേടി എന്ന മട്ടിൽ പ്രവർത്തിക്കുന്ന ജനപ്രതിനിധികളാണ് ജനാധിപത്യത്തിന്റെ നിലനില്പിന് ഏറ്റവും വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുള്ളത്. ജനങ്ങളെ ഭരിക്കാനല്ല; സേവിക്കാനുള്ള അവസരമായി വേണം മന്ത്രിസ്ഥാനങ്ങളെയും മറ്റും ജനപ്രതിനിധികൾ കാണേണ്ടത്. അഴിമതി നിരോധന നിയമമൊക്കെ നിലവിലുണ്ടെങ്കിലും അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുകയും വിദേശങ്ങളിൽ വരെ സ്വത്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുള്ളതും അതിന്റെ പേരിൽ നിരവധി കേസുകൾ നേരിടുന്നവരുമായ പ്രമുഖരായ പല നേതാക്കളും രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമാണ്. സാധാരണഗതിയിൽ സംസ്ഥാനങ്ങളിലെ ഒരു അന്വേഷണ ഏജൻസിയും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം നടത്താറില്ല. അത്തരം സന്ദർഭങ്ങളിലാണ് കോടതി ഇടപെടലുകളിലൂടെയും അല്ലാതെയും കേന്ദ്ര ഏജൻസികൾ രംഗത്തു വരുന്നത്.
ബീഹാറിൽ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണക്കേസിൽ കുരുങ്ങി ജയിലിലായപ്പോൾ രാജിവയ്ക്കുകയും ഭാര്യയെ മുഖ്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തിരുന്നു. അഴിമതി കേസിൽ മുൻ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനും ജാമ്യം ലഭിക്കുന്നതുവരെ തിഹാർ ജയിലിൽ കിടക്കേണ്ടിവന്നു. 2014-ൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനധികൃത മാർഗങ്ങളിലൂടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാല് വർഷം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് അപ്പീലിൽ 2015-ൽ കുറ്റവിമുക്തയായതിനു ശേഷമാണ് അധികാരത്തിൽ തിരിച്ചെത്തിയത്. എന്നാൽ ഈ വിധി 2017-ൽ സുപ്രീംകോടതി പുനഃസ്ഥാപിച്ചെങ്കിലും അതിനു മുമ്പ് അവർ മരണമടഞ്ഞിരുന്നു. മുൻ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവരും ഒരു മാസക്കാലയളവിൽ കൂടുതൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലും ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനത്തിൽ അഴിമതി കാണിച്ചതിന്റെ ഭാഗമായും അല്ലാതെയുമുള്ള രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിലും മറ്റും നേതാക്കൾക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും ഒടുവിൽ, മുഖ്യമന്ത്രിമാരായിരിക്കെ ജയിലിൽ കഴിഞ്ഞ രണ്ടുപേർ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാളും ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനുമാണ്. അരവിന്ദ് കേജ്‌രിവാൾ ജയിലിലായിട്ടും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തുടക്കത്തിൽ തയ്യാറാകാതിരുന്നത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടനൽകിയിരുന്നു. ഹേമന്ത് സോറൻ അറസ്റ്റിനു തൊട്ടുമുൻപ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. എന്തിന്റെ പേരിലായാലും ജയിലിൽ കഴിയുന്ന ഒരാൾ അധികാരസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന്റെ ധാർമ്മികതയ്ക്ക് ഒരിക്കലും നിരക്കുന്നതല്ല. ജനാധിപത്യത്തിൽ വ്യക്തിക്കല്ല സമൂഹത്തിനും രാഷ്ട്രീയ കക്ഷികൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
ഈ പശ്ചാത്തലത്തിൽ അഞ്ചു വർഷമോ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് 30 ദിവസം ജയിലിൽ കഴിയേണ്ടി വന്നാൽ മന്ത്രിമാരെ 31-ാം ദിവസം മുതൽ സ്ഥാനഭ്രഷ്ടരാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിന്റെ പ്രാധാന്യം ഏറെയാണ്. ഈ ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച് സംയുക്ത സമിതിക്ക് വിട്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ വഴി കേസിൽ കുടുക്കി സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വെറും രാഷ്ട്രീയം മാത്രമാണ്. ജനാധിപത്യത്തിന്റെ മുഖം മിനുക്കാനും അഴിമതിയെ അകറ്റിനിറുത്താനും നിർദ്ദിഷ്ട ഭേദഗതി നിയമം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |