ഡിജിറ്റൽ സാങ്കേതികവിദ്യ അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫോൺ ഇന്ന് ആശയവിനിമയത്തിന് മാത്രമുള്ള ഉപാധിയല്ല. അത് നമ്മുടെ ബാങ്കായും ഓഫീസുമായൊക്കെ ഒരേസമയം പ്രവർത്തിക്കും. ഇനി ഇതിൽ നിന്നൊരു തിരിച്ചുപോക്ക് അസാദ്ധ്യമാണ്. അപ്പോൾ അതിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ പ്രായഭേദമന്യെ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ഈ കാലഘട്ടത്തിൽ ജീവിക്കാൻ ആവശ്യമാണ്. പുതിയ തലമുറയിലെ അംഗങ്ങൾക്ക് സ്‌കൂൾ തലം മുതൽ തന്നെ ഇതൊക്കെ ഉപയോഗിക്കാൻ അറിയാം. എന്നാൽ ജനിച്ചപ്പോഴും പിന്നീട് വിദ്യാഭ്യാസം ചെയ്തപ്പോഴും കമ്പ്യൂട്ടറെന്ന് കേട്ടിട്ടുപോലുമില്ലാത്ത രണ്ട് തലമുറകളെങ്കിലും ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ട്. അവരിൽ വളരെ പ്രായമായവർ ഒഴികെയുള്ള എല്ലാവർക്കും ഇപ്പോൾ ഇതൊക്കെ പരസഹായമില്ലാതെ ഉപയോഗിക്കാൻ അറിയാവുന്നവരാണ്. എന്നാൽ പ്രായമായവരും 14 വയസിന് മുകളിലുള്ള ഒരു ചെറിയ വിഭാഗവും ഡിജിറ്റൽ സാക്ഷരതയ്ക്ക് പുറത്ത് കഴിയുകയായിരുന്നു.
മാസങ്ങൾ നീണ്ട തീവ്രമായതും ക്ഷമയോടുകൂടിയുള്ളതുമായ പ്രവർത്തനങ്ങളിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കൈപിടിച്ച് ഉയർത്തിയിരിക്കുകയാണ്. ഇതിന് മുന്നിട്ടിറങ്ങിയ പ്രവർത്തകരും അവർക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും ഇടതുമുന്നണി സർക്കാരും അഭിനന്ദനം അർഹിക്കുന്നു. സാക്ഷരതയിൽ ചരിത്രം കുറിച്ച കേരളം ഡിജിറ്റൽ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയത് ഈ ആധുനിക കാലത്തെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി തന്നെ കാണേണ്ടതാണ്. മൂന്നുദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചത്. പ്രായമായവരെ ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി അടുപ്പത്തിലാകാൻ പ്രേരിപ്പിച്ചതിൽ കൊവിഡ് മഹാമാരിക്കാലത്തിനും വലിയ ഒരു പങ്കുണ്ട്.
ഡിജിറ്റൽ ലോകത്തെ മനസിലാക്കാനും ഇടപെടാനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച 105 വയസ്സുകാരനായ പെരുമ്പാവൂർ സ്വദേശി എം. അബ്‌ദുള്ള മൗലവിയെ മന്ത്രി നേരിട്ട് അഭിനന്ദിച്ചിരുന്നു. ആശയവിനിമയത്തിന്റെ പുതിയ ലോകത്തേക്ക് കീപാഡ് ഫോണിൽ തുടങ്ങിയ മൗലവിയുടെ യാത്ര ഇന്ന് സ്‌മാർട്ട് ഫോൺ ഉപയോഗത്തിൽ എത്തിനിൽക്കുകയാണ്. സംഭാഷണത്തിന് മാത്രമല്ല, വാർത്ത കാണുന്നതും ഖുർ ആൻ വായന കേൾക്കുന്നതുമെല്ലാം ഇപ്പോൾ സ്‌മാർട്ട് ഫോണിലാണ്. കൊവിഡ് കാലത്ത് മക്കൾ നൽകിയ സ്‌മാർട്ട് ഫോണിന്റെ ഉപയോഗം മൗലവിയെ പഠിപ്പിച്ചത് തദ്ദേശ വകുപ്പിന്റെ ഡിജിറ്റൽ കോ - ഓർഡിനേറ്റർ ആയിരുന്നു. കേരളത്തിൽ അവരുടെ ഒറ്റപ്പെടലിന് ഒരു വലിയ ആശ്വാസം പകരുന്നതു കൂടിയാണ് ഈ ഡിജിറ്റൽ സാക്ഷരത. വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റത്തിന്റെ ഗുണം മുഴുവനാളുകൾക്കും കിട്ടാൻ പ്രായോഗിക പരിശീലനം നൽകിയാണ് സർക്കാർ ലക്ഷ്യം കൈവരിച്ചത്.
14 വയസിന് മുകളിലുള്ള ഡിജിറ്റൽ നിരക്ഷരരെ സർവേയിലൂടെ കണ്ടെത്തി പ്രത്യേക പാഠ്യപദ്ധതിയിലൂടെയാണ് സാക്ഷരരാക്കിയത്. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര ഗ്രാമപഞ്ചായത്തായി തിരുവനന്തപുരം പുല്ലമ്പാറയെ നേരത്തെ തന്നെ മാറ്റിയിരുന്നു. ആ മാതൃകയാണ് കേരളമാകെ നടപ്പാക്കിയത്. പുതിയ ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക, ഇ - മെയിൽ അയയ്ക്കുക, സോഷ്യൽ മീഡിയ ആപ്ളിക്കേഷനിൽ സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കുക, യുട്യൂബിൽ വീഡിയോ കാണുക, ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുക, പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുക, വൈദ്യുതി ബിൽ അടയ്ക്കുക തുടങ്ങിയ നിരവധി പ്രയോജനകരമായ കാര്യങ്ങളാണ് ഇതറിഞ്ഞുകൂടാത്തവരെ പഠിപ്പിച്ചത്. ചുരുക്കി പറഞ്ഞാൽ ഓരോരുത്തരെയും ഈ വിശാലമായ ലോകവുമായി 'കണക്റ്റ്" ചെയ്യുകയാണ് ഈ വിജയകരമായ യത്‌നത്തിലൂടെ തദ്ദേശ വകുപ്പ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |