
ന്യൂഡൽഹി: വീര സവർക്കർ പുരസ്‌കാരം ശശി തരൂർ ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. തരൂരോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് ഇത്തരമൊരു പുരസ്‌കാരം പ്രഖ്യാപിച്ചതെന്നും തരൂരിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അദ്ദേഹം മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി ഇന്ന് കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി. ഇതേക്കുറിച്ച് വ്യക്തമാക്കി ശശി തരൂർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.
എച്ച്‌ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം കോൺഗ്രസ് എംപിയായ ശശി തരൂരിന് നൽകുമെന്നായിരുന്നു സംഘാടകർ പ്രഖ്യാപിച്ചിരുന്നത്. ന്യൂഡൽഹി എൻഡിഎംസി കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അവാർഡ് സമ്മാനിക്കുന്നത്.
തരൂരിനെ കൂടാതെ മറ്റ് അഞ്ചുപേർക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്. പൊതുസേവനത്തിലും സാമൂഹിക രാഷ്‌ട്രീയ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ദേശീയ, ആഗോള തലങ്ങളിലെ ഇടപെടലുകളാലാണ് തരൂരിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് എച്ച്‌ആർഡിഎസ് അറിയിച്ചിരുന്നു. പരിപാടിയിൽ എത്തുമെന്ന് തരൂർ ഉറപ്പ് നൽകിയതായാണ് സംഘാടകർ പറയുന്നത്.
ശശി തരൂർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസ് കടുത്ത എതിർപ്പ് നേരത്തേ അറിയിച്ചിരുന്നു. പാർട്ടിയോട് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനെക്കുറിച്ച് തരൂർ ആലോചിച്ചിട്ടില്ലെന്നും കോൺഗ്രസ് പറഞ്ഞിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് ഡൽഹിയിൽ വെച്ച് നൽകുന്ന 'വീർ സവർക്കർ പുരസ്‌കാരത്തിന്' എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാർത്തകളിൽ നിന്നാണ് ഞാൻ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി കേരളത്തിൽ എത്തിയപ്പോഴാണ് ഇന്നലെ ഞാൻ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഞാൻ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാൻ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡൽഹിയിൽ ചില മാധ്യമങ്ങൾ ഇതേ ചോദ്യം ആവർത്തിക്കുകയാണ്. അതിനാൽ, ഇക്കാര്യത്തിൽ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാൻ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നൽകുന്ന സംഘടന, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |