കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കു പ്രകാരം രാജ്യത്ത് ഏറ്റവുമധികം വാഹനാപകടങ്ങൾ നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്. രാജ്യത്തെ വാഹനാപകടങ്ങളിൽ പത്തു ശതമാനം കേരളത്തിലാണെന്നാണ് കണക്ക്. പതിനാല് ശതമാനം വാഹനാപകടങ്ങൾ നടക്കുന്ന തമിഴ്‌നാടാണ് ഏറ്റവും മുന്നിൽ. 11.5 ശതമാനം വാഹനാപകടങ്ങൾ നടക്കുന്ന മദ്ധ്യപ്രദേശ് രണ്ടാമതും വന്നിരിക്കുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ 48,091 വാഹനാപകടങ്ങൾ ഉണ്ടായി. തമിഴ്‌നാട്ടിൽ 67,213-ഉം മദ്ധ്യപ്രദേശിൽ 56,437 അപകടങ്ങളും ഉണ്ടായി. വലിയ സംസ്ഥാനങ്ങളായ യു.പി, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവയെല്ലാം അപകടത്തിന്റെ കാര്യത്തിൽ കേരളത്തിനു പിറകിലാണ്. ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ റോഡപകടങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
അമിത വേഗതയും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗുമാണ് പലപ്പോഴും ഇവിടെ അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. ദേശീയപാതയിലും മറ്റും നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അമിത വേഗതയിൽ ഓടിക്കാൻ പാകത്തിലുള്ള റോഡുകൾ തന്നെ കേരളത്തിൽ കുറവാണ്. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടങ്ങളും കൂടിവരുന്ന പ്രവണത തടയുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും മോട്ടോർ വാഹന വകുപ്പും മറ്റ് ബന്ധപ്പെട്ട അധികൃതരും ചിന്തിക്കേണ്ടതാണ്. സംസ്ഥാന ഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടത് 74,878 പേരാണ്. 2021-ൽ 9632 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2024-ൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് 174 അപകടങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലഹരി അപകടങ്ങളിൽ 15 പേരുടെ ജീവനും നഷ്ടമായി.
മദ്യം ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെയാണ് പൊലീസ് പരിശോധനയിൽ പിടിക്കാറുള്ളത്. മറ്റ് രാസലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ വണ്ടിയോടിക്കുന്നത് കണ്ടെത്താനോ, അത് പരിശോധിച്ച് തെളിയിക്കാനോ പൊലീസിന് വേണ്ടത്ര സംവിധാനങ്ങളില്ല. കഞ്ചാവ് ഉൾപ്പെടെ എല്ലാത്തരം ലഹരിയും പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുന്ന 'ആൽകോവാൻ" പോലുള്ള സംവിധാനങ്ങൾ ഭൂരിഭാഗം ജില്ലകളിലും ഇല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ താരതമ്യേന എളുപ്പമാണ്. അതുപോലെ, മറ്റ് ലഹരികൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ അടിയന്തരമായി പൊലീസിന് ഇത്തരം ലഹരി ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നവരെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ നൽകാൻ നടപടി ഉണ്ടായില്ലെങ്കിൽ റോഡപകടങ്ങളുടെ എണ്ണം കൂടി വരികയേയുള്ളൂ. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെ പിടികൂടാനുള്ള ആവേശം, ലഹരി ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നവരെ പിടിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും കാണിക്കാറില്ല എന്നതാണ് വസ്‌തുത.
കഴിഞ്ഞ വർഷം ലഹരി ഉപയോഗിച്ചതിനു ശേഷം വാഹനം ഓടിച്ചതിന് കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത് കോട്ടയം ജില്ലയിലാണ്- 13,426 പേർ. കൊല്ലത്ത് 11,742 പേരും എറണാകുളത്ത് 9609 പേരും ശിക്ഷാ നടപടികൾക്ക് വിധേയരായി. അമിതവേഗത പൊതുവെ വളരെ ചെറുപ്പക്കാരായ ഡ്രൈവർമാരിലാണ് കണ്ടുവരുന്നത്. പലപ്പോഴും ഓവർടേക്കിംഗിൽ കാണിക്കുന്ന മത്സരബുദ്ധിയും അശ്രദ്ധയും ഓർക്കാപ്പുറത്ത് അപകടത്തിന് ഇടയാക്കാറുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർ ജീവിതകാലം മുഴുവനും അതിന്റെ യാതന അനുഭവിക്കേണ്ടിയും വരും. തമിഴ്‌നാട്ടിലെ ദേശീയപാതകളെല്ലാം തന്നെ അമിത വേഗതയിൽ പോകാൻ സൗകര്യമുള്ളതാണെന്നതാണ് അവിടെ അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയപാതയും വാഹനങ്ങൾക്ക് നല്ല വേഗതയിൽ ഓടാൻ സജ്ജമാകും. അപ്പോൾ അപകടങ്ങൾ വർദ്ധിക്കാതിരിക്കണമെങ്കിൽ അതിനുള്ള ബോധവത്‌കരണവും പരിശീലന പരിപാടികളുമൊക്കെ ഇപ്പോൾത്തന്നെ തുടങ്ങേണ്ടതുണ്ട്. ഇല്ലെങ്കിൽ വാഹനാപകടങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തുന്നത് അധികം ദൂരത്താവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |