
84-ാം വയസിൽ അന്റാർട്ടിക്കയിലെ പൂജ്യം ഡിഗ്രി കടലിലേക്കൊരുചാട്ടം
ഏഴ് ഭൂഖണ്ഡങ്ങളും കടന്ന് അറുപതിലേറെ രാജ്യങ്ങൾ താണ്ടിയ 84-ാം വയസുകാരനായ ഡോ. വി കെ ഗോപിനാഥൻ വീണ്ടും അതിസാഹസികനായി. അന്റാർട്ടിക് സർക്കിൾ എത്തിയപ്പോൾ സീറോ ഡിഗ്രി സെൽഷ്യസ് താപനിലയുള്ള കടലിലേക്ക് ഒരൊറ്റചാട്ടം! അന്റാർട്ടിക് പര്യവേഷണത്തിനിടെ പോളാർ സർക്കിളിൽ പൂജ്യം ഡിഗ്രി താപനിലയുളള അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ചാടുന്ന ഡോ. വി.കെ ഗോപിനാഥന്റെ 'പോളാർ പ്ലഞ്ച് "ഒരു റെക്കാഡാകാം.ഇന്ത്യയിൽ നിന്ന് 80 വയസ്സിന് മുകളിൽ ആരും തന്നെ അന്റാർട്ടിക് എക്സപഡിഷനിൽ പങ്കെടുക്കുകയോ പോളാർ പ്ലഞ്ച് നടത്തുകയോ ചെയ്തിട്ടില്ല. 84-ാം വയസ്സിൽ ഈ സാഹസികതക്ക് കിട്ടിയ സാക്ഷ്യപത്രം ഏറ്റവും വലിയ ബഹുമതിയായി ഡോ. വി.കെ. ഗോപിനാഥൻ കണക്കാക്കുന്നു. അലാസ്ക്കയിലും ആർട്ടിക് സമുദ്രതീരത്തും സൈബീരിയയിലും മംഗോളിയയിലെ ഗോബി മരുഭൂമിയിലുമെല്ലാം യാത്രചെയ്താണ് അദ്ദേഹം ഒടുവിൽ അന്റാർട്ടിക്കയിലെത്തിയത്.
മനുഷ്യർ പാർക്കാത്ത
ഭൂഖണ്ഡത്തിലേക്ക്
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായഅന്റാർട്ടിക്കയിൽ 98% മഞ്ഞു മൂടിക്കിടക്കും. ഈ വൻകര യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്. മഞ്ഞിൽ ജീവിക്കാൻ ശേഷിയുളള ജീവജാലങ്ങൾ മാത്രമേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. ഗവേഷണാവശ്യങ്ങൾക്കായും വിനോദത്തിനും വിജ്ഞാനത്തിനുമായി നവംബർ മുതൽ ഫെബ്രുവരി വരെ നിരവധി പേരെത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ഗവേഷണങ്ങൾക്കുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ട്.
ആ ഭൂമിശാസ്ത്രവും പ്രകൃതിയും പഠിക്കാനും അറിയാനുമായിരുന്നു ഡോ. ഗോപിനാഥന്റേയും സംഘത്തിന്റേയും യാത്ര. ആ സാഹസിക യാത്രയുടെ കഥ അദ്ദേഹം പറയുന്നു:
2025 ഡിസംബറിന്റെ തുടക്കത്തിൽ ഇന്ത്യയിൽ നിന്നുള്ള 36 പേർ അടങ്ങുന്ന സംഘമാണ് ട്രാവൽ ഏജൻസിയുടെ സഹായത്തോടെ യാത്രതുടങ്ങുന്നത്. ആൽബട്രോസ് ഗ്രൂപ്പിന്റെ 24 രാജ്യങ്ങളിൽ നിന്നുള്ള 175 യാത്രികരും 18 രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും കപ്പൽ ജീവനക്കാരുമായ 102 പേരും അടങ്ങുന്ന സംഘമാണ് യാത്രയ്ക്ക് ഉണ്ടായിരുന്നത്. തെക്കേ അമേരിക്കയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള അർജന്റീനയുടെ ഭാഗമായ എൻഡ് ഒഫ് ദ വേൾഡ് എന്നറിയപ്പെടുന്ന ഉഷ്വായ എന്ന പ്രകൃതിരമണീയമായ കൊച്ചുദ്വീപിൽ നിന്നുമാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്. അവിടെ മാത്രമാണ് ജനവാസമുളളത്.
കപ്പലിനെ ആടിയുലച്ച് വൻ തിരമാലകൾ അലയടിക്കുന്നു. പ്രായമായവർക്കെല്ലാം പ്രത്യേകിച്ചും കപ്പൽയാത്രയുടെ അസ്വസ്ഥതകളുണ്ടാകും. പക്ഷേ, അതെല്ലാം സഹിച്ചും മറികടന്നും യാത്രയുടെ ത്രില്ലിലായിരുന്നു. ഡ്രേക്ക് പാസേജായിരുന്നു യാത്രയിലെ പലരുടേയും പേടി സ്വപ്നം. നൂറ്റാണ്ടുകൾക്കു മുൻപേ അന്റാർട്ടിക്ക ലക്ഷ്യമിട്ട പര്യവേക്ഷകരുടെ പേടിസ്വപ്നമായിരുന്നു ഡ്രേക് പാസേജ്. തെക്കൻ അമേരിക്കയുടെ തെക്കൻ മുനമ്പായ കേപ് ഹോണും അന്റാർട്ടിക്കയുടെ ഭാഗമായ സൗത്ത് ഷെറ്റ്ലൻഡ് ദ്വീപുകൾക്കുമിടയിൽ 800 കിലോമീറ്റർ വീതിയിലും 1000 കിലോമീറ്റർ നീളത്തിലും സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡ്രേക് പാസേജ്. ലോകത്തിലെ രണ്ട് വൻ സമുദ്രങ്ങളായ പസഫിക്കും അറ്റ്ലാന്റിക്കും കൂട്ടിമുട്ടുന്ന ഇടമെന്ന പ്രത്യേകതയും ഡ്രേക്കിനുണ്ട്.
ഉയർന്ന തോതിൽ കാറ്റടിക്കുന്ന മേഖലയാണിത്. കരഭാഗമില്ലാത്തതിനാൽ വലിയ വേഗത്തിലാണ് ഇവിടെ തിരയടിക്കുന്നത്. വെള്ളം ശക്തിയായി ഒഴുകുന്ന മേഖലയായതിനാൽ കടലിന് വലിയ ശക്തിയുണ്ടിവിടെ. അന്റാർട്ടിക്കയിലേക്ക് മനുഷ്യരെത്തുന്നതിനു വലിയ തടസ്സമായി നിന്ന കാരണങ്ങളിലൊന്ന് ഡ്രേക് പാസേജ് ആയിരുന്നു. അത്യാധുനിക കപ്പലുകളുടെ സഹായത്താൽ സുരക്ഷിതമായി ഇതുവഴി പോകാം.
എന്നാൽ കടൽച്ചൊരുക്ക് ഇവിടെ രൂക്ഷമായി അനുഭവപ്പെടാറുണ്ട്.
ഡ്രേക് പാസേജിലൂടെ രണ്ടുദിവസത്തെ യാത്രയ്ക്ക് ശേഷമാണ് മഞ്ഞുമൂടിയ അന്റാർട്ടിക്ക പെനിൻസുലയുടെ ഭാഗമായ നൂറുകണക്കിന് ചെറിയ ദ്വീപുകളെ കാണുന്നത്. ബാരിയന്റോർ ദ്വീപിലാണ് ഞങ്ങളുടെ ആദ്യ സങ്കേതം. പെൻഗ്വിനുകളുടെ ആവാസകേന്ദ്രമാണ് അത്. കപ്പലിൽ നിന്നും സോഡിയാക്ക് എന്ന് പേരുള്ള 12 പേർക്ക് യാത്ര ചെയ്യാവുന്ന മോട്ടോർ ബോട്ടുകളിൽ ഗ്രൂപ്പുകൾ ആയിട്ടാണ് അങ്ങോട്ടുള്ള യാത്ര.
പെൻഗ്വിനുകൾ മുട്ടയിട്ടു അടയിരിക്കുന്ന കാലമായിരുന്നു. ആൺ പെൻഗ്വിനുകൾ ഭക്ഷണം എത്തിക്കാനും കൂടൊരുക്കാനും കൂടെയുണ്ട്. ആകർഷകമാണ് അവയുടെ രൂപവും ഭാവവും നടത്തവുമെല്ലാംവളരെ കൗതുകകരവുമാണ്. മഞ്ഞുമൂടിയ പല വലിപ്പത്തിലുമുള്ള ദ്വീപുകൾക്കിടയിലൂടെയാണ് പിന്നീടുള്ള യാത്ര. ദൃശ്യമനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് അടുത്ത ദിവസം നെക്കോ ഹാർബർ എന്ന സ്ഥലത്തെത്തി. അവിടെയും സോഡിയാക് ബോട്ട് വഴി കരയിലെത്തി. മഞ്ഞുമലകൾ കയറി. പെൻഗ്വിനുകളും ധാരാളം. മഞ്ഞിലൂടെ നടക്കുന്നതിനുള്ള പ്രത്യേക റബ്ബർ ബൂട്ട്സും തണുപ്പിനെയും കാറ്റിനെയും പ്രതിരോധിക്കുന്ന പർഖ എന്ന പേരിലുള്ള പ്രത്യേക കോട്ടുകളുമാണ് വേഷം. അടിയിൽ മൂന്ന് ലെയർ വസ്ത്രങ്ങൾ ഉണ്ടാകും. ശക്തമായ സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്യാൻ കഴിയുന്ന സൺഗ്ലാസുകളും കൈയുറകളും തലയ്ക്കും ചെവിയ്ക്കും സംരക്ഷണം നൽകുന്ന അനുബന്ധ സാധനങ്ങളും ഒക്കെയായാണ് പുറത്തിറങ്ങുന്നത്. 20 മണിക്കൂർ പകലും നാലുമണിക്കൂർ രാത്രിയുമാണവിടെ.രാത്രി 11. 30 മുതൽ പുലർച്ചെ 3. 30 വരെ സൂര്യനെ കാണാൻ കഴിയില്ലെങ്കിലും വെളിച്ചം നല്ലപോലെ ഉണ്ടാകും. യാത്രയ്ക്കിടയിൽ മഞ്ഞുപാളികളിൽ വിശ്രമിക്കുന്ന സീലുകളെ (കടൽ സസ്തനികൾ) കൂടാതെ ആൽബട്രോസ് ഇനത്തിലുള്ള പക്ഷികളെയും, തിമിംഗലങ്ങളെയും ധാരാളമായി കാണാമായിരുന്നു.
അടുത്തദിവസം ഫ്ലാൻഡേഴ്സ് ബേ എന്ന സ്ഥലത്ത് എത്തി. ഇവിടെ വച്ചാണ് അന്റാർട്ടിക് സർക്കിൾ ക്രോസ് ചെയ്യുന്നത്. അതിന്റെ ആഘോഷം കപ്പലിൽ നൃത്തവും ഒക്കെയായി ഗംഭീരമായി നടന്നു.
ഇനിയും
യാത്ര തുടരും,
ആർട്ടിക്കിലേക്ക്...
ആർട്ടിക് ലക്ഷ്യമാക്കിയാണ് ഡോ.ഗോപിനാഥന്റെ അടുത്ത യാത്ര. മിക്കവാറും മാർച്ചിൽ യാത്ര നടത്താനാണ് ലക്ഷ്യം.
അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ, കൊറിയ, കാനഡ, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ...അങ്ങനെ ഓരോ രാജ്യങ്ങളുടേയും മുക്കിലും മൂലയിലും വരെ ചെന്നെത്തിയ ഡോ.വി.കെ. ഗോപിനാഥന് യാത്രകളോടുളള അഭിനിവേശം തീരുന്നില്ല. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമായിരുന്നു യാത്രികനാകാൻ തുടങ്ങുന്നത്. ഓരോ യാത്രയും വലിയ അനുഭവങ്ങളും ജീവിതത്തിൽ മാറ്റങ്ങളും സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ, ടൂറിസ്റ്റ് സംഘങ്ങൾക്കൊപ്പമുളള യാത്രകൾ ജീവിതത്തിന്റെ ഒരു ഭാഗമായി. സുഹൃത്തുക്കളായി സമാനമനസ്കരായ കുറേ യാത്രികരെ കിട്ടിയപ്പോൾ യാത്രകൾ തുടർന്നുകൊണ്ടിരുന്നു.
പലപ്പോഴും ഭാഷയാണ് പ്രശ്നം സൃഷ്ടിച്ചിരുന്നതെന്ന് ഡോ. ഗോപിനാഥൻ പറയുന്നു. പലയിടങ്ങളിലും ഇംഗ്ളീഷ് അറിയാത്തവരുണ്ട്. ഇംഗ്ളീഷ് ലോകഭാഷയാണെന്ന് പറയുന്നതൊന്നും സത്യമല്ലെന്ന് തിരിച്ചറിയുന്നത് പല രാജ്യങ്ങളിലൂടെയും യാത്ര ചെയ്യുമ്പോഴാണ്. ഓരോ നാടിന്റേയും ഭക്ഷണശീലങ്ങളും പ്രകൃതിസൗന്ദര്യങ്ങളുമെല്ലാം കഴിയാവുന്നതു പോലെ ആസ്വദിച്ചാകും യാത്ര. അതുകൊണ്ടു തന്നെ ഓരോ രാജ്യങ്ങളും മനസിൽ പതിഞ്ഞു നിൽക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
അത്ഭുതങ്ങളുടെ
ഗാലപ്പഗോസ്
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ റിസർച്ച് സ്റ്റേഷനായ ചരിത്ര പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകൾ ഡോ.ഗോപിനാഥന് ഏറെ പ്രിയപ്പെട്ട ഇടമാണ്. ദക്ഷിണ അമേരിക്കയിലെ ഇക്വഡോറിൽനിന്ന് ഏകദേശം 1300 കിലോമീറ്റർ അകലെ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരുകൂട്ടം ദ്വീപുകളാണ് ഗാലപ്പഗോസ് ദ്വീപുകൾ. 13 വലിയ ദ്വീപുകൾ, ആറ് ചെറിയ ദ്വീപുകൾ, പാറക്കൂട്ടങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് ഈ ദ്വീപസമൂഹം. ഡാർവിനെ ഏറ്റവുമധികം ആകർഷിച്ചത് അവിടെക്കണ്ട ഭീമൻ ആമകളും വിവിധതരം പക്ഷികളുമായിരുന്നു. ഭീമൻ ആമകൾക്കും ഓന്തുകൾക്കും കൊമ്പുളള സ്രാവുകൾക്കും പ്രത്യേകതരം പക്ഷികൾക്കും പുറമേ കൗതുകമുണർത്തുന്ന മറ്റൊരുജീവി ഗാലപ്പഗോസ് പെൻഗ്വിനാണ്. ഹണിമൂൺ, സ്കൂബ ഡൈവിംഗ് ഡെസ്റ്റിനേഷൻ കൂടിയാണ് ഗാലപ്പഗോസ്. അഡ്വഞ്ചർ ക്രൂയിസുകളിൽ കറങ്ങി ദ്വീപുകളുടെ സൗന്ദര്യമാസ്വദിക്കുന്നവരുമുണ്ട്. അതുപോലെയൊരു അനുഭവം ജീവിതത്തിൽ മറക്കാനാവില്ലെന്ന് ഡോ.ഗോപിനാഥൻ പറയുന്നു.
ചരിത്രപരമായി ട്രാൻസ് സൈബീരിയൻ റൂട്ട് എന്നറിയപ്പെടുന്നതും ട്രാൻസിബ് എന്ന് ചുരുക്കി വിളിക്കപ്പെടുന്നതുമായ ട്രാൻസ് സൈബീരിയൻ റെയിൽവേയായിരുന്നു യാത്രകളിലെ മറ്റൊരു വിസ്മയം.ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടിപ്പാതയാണ് ട്രാൻസ് സൈബീരിയൻ റെയിൽപ്പാത. 9,289 കിലോമീറ്ററാണ് (5,772 മൈൽ) ഇതിന്റെ ആകെ ദൈർഘ്യം. 8 ദിവസത്തെ യാത്രയാണ് ആരംഭസ്ഥലത്തുനിന്നും അവസാനത്തിലേയ്ക്ക് എത്താൻ എടുക്കുന്നത്. റഷ്യയിലാണ് ഈ റെയിൽപ്പാത. ഈ യാത്രയിൽ ട്രാൻസ് മംഗോളിയൻ റെയിൽേവ യാത്രയും കൂട്ടി 10000 കിലോമീറ്ററാണ് പിന്നിട്ടത്. മോസ്കോയിൽ നിന്ന് വ്ളാഡിവോസ്റ്റോക്കിലേക്കുളള യാത്രയായിരുന്നു 15 ദിവസങ്ങൾക്കുളളിൽ പൂർത്തിയാക്കിയത്. കാനഡയിൽ നിന്ന് അലാസ്കയിലേക്കുളള യാത്ര, മഞ്ഞിൽ സ്ളെഡ്ജിലൂടെയുളള യാത്ര, സീ പ്ളെയിനിലൂടെയുളള യാത്ര, അലാസ്കയിൽ നിന്നുളള ഹെറിറ്റേജ് ട്രെയിൻ, കെനിയയിലെ മൃഗങ്ങളുടെ പലായനകാഴ്ചകൾ, കേപ്പ് ഒഫ് ഗുഡ് ഹോപ്പിലേക്കുളള യാത്ര... അങ്ങനെഅനുഭവങ്ങളേറെയുണ്ട് ഡോ.ഗോപിനാഥന്. നേപ്പാളിൽ 12,000 അടിയിലധികം ഉയരത്തിലുള്ള മുക്തിനാഥ ക്ഷേത്രത്തിൽ ഹിമാലയത്തിലെ മഞ്ഞുരുകി വരുന്ന സീറോ ഡിഗ്രിക്കടുത്ത് തണുപ്പുള്ള 101 ജലധാരകളിലൂടെ നടന്നതും മറക്കാനാവില്ല.
മരുത്വാമലയുടെ ആത്മീയതയിലും
ശ്രീനാരായണഗുരുദേവൻ തപസ്സിരുന്ന മരുത്വാമലയിലെപിള്ളത്തടം ഗുഹയിലെത്തിയപ്പോഴുണ്ടായ ആത്മീയ നിർവൃതിയും യാത്രാനുഭവങ്ങളിൽ ഡോ.ഗോപിനാഥന്റെ മനസിൽ തിളങ്ങുന്നു. ഉഗാണ്ടയിൽ വൻമലകൾ കടന്നു ചിമ്പാൻസികളെ വാസസ്ഥലത്ത് കാണാനായതും ഹൈ മൗണ്ടെയ്ൻ ഗറില്ലകളുമായി മുഖാമുഖം കണ്ടതും മറക്കാനാവില്ല.
എന്നും സാഹസികൻ
ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പിൽ മറ്റ് ജില്ലകളിലെ എൺപത് വയസിന് മുകളിലുള്ളവരെ പിന്നിലാക്കി അമ്പത് മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനവും അമ്പത് മീറ്റർ ബട്ടർഫ്ളൈസിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു ഡോ.ഗോപിനാഥൻ. കഴിഞ്ഞവർഷവും ജില്ലയെ പ്രതിനിധീകരിച്ച അഞ്ച് മെഡൽ നേടി. ഇത്തവണ ഒരു സ്വർണ്ണമെഡലോടെയാണ് നേട്ടം. രണ്ടര പതിറ്റാണ്ടോളമായി രാവിലത്തെ പ്രധാന വ്യായാമം തന്നെ നീന്തലാണ്. കുട്ടിക്കാലത്ത് കരുവന്നൂർ പുഴ നീന്തിക്കടന്നാണ് നീന്തൽ പഠിച്ചത്.
കോഴിക്കോട് മെഡിക്കൽ കേളേജിൽനിന്ന് എം ബി ബി എസ് പാസ്സായശേഷം അസി. സർജനായി സസ്ഥാന ആരോഗ്യവകുപ്പിലും ലക്നോയിലെ പരിശീലനത്തിനുശേഷം ക്യാപ്റ്റൻ റാങ്കിൽ ആർമി മെഡിക്കൽ കോറിലും സേവനമരംഭിച്ചു. ഡൽഹിയിലെ ആർമി ബേസ് ഹോസ്പിറ്റലിലും കശ്മീരിലെ ലഡാക്കിൽ കാർഗിൽ, ലേ ഉൾപ്പടെ വിവിധ അതിർത്തി പ്രദേശങ്ങളിലുമായി 5 വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം മെഡിക്കൽ കേളേജിൽ നിന്ന് എം ഡി പൂർത്തിയാക്കി. ഒമാനിലെ സലാലയിൽ 4 വർഷം ജോലി ചെയ്തശേഷം വീണ്ടും സംസ്ഥാന ആരോഗ്യ വകുപ്പിൽ തുടർന്ന് അഡിഷണൽ ഡയറക്ടർ പദവിയിൽ വിരമിച്ചു.
ആർമിയിൽ ഡോക്ടറായി വടക്കേ ഇന്ത്യ യിൽ പലയിടത്തും സഞ്ചരിക്കാൻ അവസരം ലഭിച്ചതോടെയാണ് യാത്രകളോടുള്ള ആഭിമുഖ്യം തുടങ്ങിയത്. ലാഡാക്കിൽ മഞ്ഞുകാലത്ത് മൈനസ് ഡിഗ്രി താപനിലയിൽ രണ്ടര വർഷം ബങ്കറുകളിൽ കഴിഞ്ഞതിന്റെ ഓർമ്മകളാണ് കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് പ്രേരണയാകുന്നത് എന്നാണ് ഡോ ഗോപിനാഥന്റെ അഭിപ്രായം
തൃശൂർ മെട്രോപൊളിറ്റൻ ആശുപത്രിയുടെ സ്ഥാപകനാണ്. ഐ.എം.എ ബ്ളഡ് ബാങ്ക് ഡയറക്ടറായ ഡോ.ഗോപിനാഥന്റെ നേതൃത്വത്തിലാണ് മൊബൈൽ ബ്ലഡ് ഡൊണേഷൻ തുടങ്ങിയത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാളക്കടവിൽ കൃഷ്ണന്റേയും ദേവയാനിയുടേയും മകനാണ് ഗോപിനാഥൻ. ആരോഗ്യവകുപ്പിൽ നിന്ന് അഡിഷണൽ ഡയറക്ടറായി വിരമിച്ചു. ഭാര്യ ഡോ. ഭാഗ്യലക്ഷ്മി റിട്ട. ഗവൺമെന്റ് സിവിൽ സർജനാണ്. മക്കളായ ഡോ. രേഖ തൃശൂർ ജനറൽ ആശുപത്രിയിലും ഡോ. ദീപ ആസ്ട്രേലിയയിലും ഡോ. നീതു കാനഡയിലും പ്രവർത്തിക്കുന്നു. എല്ലാവരും വിവാഹിതരാണ്. അവരെല്ലാം ഡോ.ഗോപിനാഥന്റെ സാഹസിക മോഹങ്ങൾക്കൊപ്പമുണ്ട്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |