SignIn
Kerala Kaumudi Online
Sunday, 11 January 2026 10.01 PM IST

ദേവഭൂമിയുടെ ശിരോലിഖിതം

Increase Font Size Decrease Font Size Print Page
s

ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ ഹിമാലയൻ സംസ്ഥാനങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും മേഘവിസ്ഫോടനവും ഹിമതടാകങ്ങൾ പൊട്ടി അതിമർദ്ദത്തിലും അതിവേഗതയിലും പുറത്തേക്കു പ്രവഹിക്കുന്ന വെള്ളവും (Glacial Lake Outburst Flood -GLOF ) എല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ദുരന്തങ്ങൾ അപൂർവമല്ല. ഭൂമിശാസ്ത്രവും,​ വർത്തമാന സ്ഥിതിയും,​ ഹിമാലയ പർവതത്തിന്റെ സ്വാഭാവിക ദൗർബല്യങ്ങളും,​ ആഗോളതാപനവും,​ കാലാവസ്ഥാ വ്യതിയാനവും,​ മനുഷ്യന്റെ ആഡംബരഭ്രമവും അത്യാർത്തിയുമെല്ലാം ചേർന്നാണ് ഒറ്റയ്ക്കും കൂട്ടായും ഈ ദുരന്തങ്ങൾക്ക് കാരണമാവുകയും അവയുടെ ആക്കം കൂട്ടുകയും ചെയ്യുന്നത്. മേഖലയ്ക്ക് സുരക്ഷാ കവചമൊരുക്കുന്ന ഹിമാലയപർവതം തന്നെ പരോക്ഷമായി ഇതിനു കാരണമാകുന്നുവെന്നത് വിരോധാഭാസമായി തോന്നാം.

ഭൂമിയിലെ ഏറ്റവും വലുതും എന്നാൽ ഏറ്റവും പ്രായംകുറഞ്ഞതുമായ പർവതമാണ് ഹിമാലയം. പ്രായം കഷ്ടിച്ച് നാല്- അഞ്ച് കോടി വർഷങ്ങൾ മാത്രം . ഭൂമിയുടെ പ്രായവുമായി (450- 500 കോടിവർഷങ്ങൾ) താരതമ്യം ചെയ്യുമ്പോൾ ഇത് എത്രയോ നിസ്സാരം! 500 കോടി വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി ഇപ്പോഴും സുസ്ഥിരമായ അവസ്ഥയിലല്ല എന്നോർക്കുക. മറ്റു ചില പർവത നിരകളുടെ പ്രായവും (കോടി വർഷങ്ങളിൽ) ഇവിടെ പ്രസക്തമാണ്- ആരവല്ലി (37- 40), പശ്ചിമഘട്ടം (15- 18), ബാർബെർട്ടോൺ- ദക്ഷിണാഫ്രിക്ക (350-400), ഹമീർസലി- ഓസ്ട്രേലിയ (340), ബ്ലാക്ക്ഹിൽസ് - യു.എസ്.എ (180), ആൽപ്സ്- യൂറോപ്പ് (30-35), യൂറാൽ- റഷ്യ (30- 35), ആൻഡീസ്- ദക്ഷിണ അമേരിക്ക (25- 27).

ഹിമവാൻ എന്ന

കൈക്കുഞ്ഞ്!

മറ്റു പ്രധാന പർവതങ്ങളെ അപേക്ഷിച്ച് ഹിമാലയം സൂക്ഷിച്ചും ശ്രദ്ധിച്ചും പരിപാലിക്കേണ്ട ഒരു കൈക്കുഞ്ഞു മാത്രമാണ്. ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യാ വൻകരയുടെ ഭാഗമാകുന്നത്‌ ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ ഏതാണ്ട് അടുത്ത കാലത്താണ്. 25 കോടി വർഷങ്ങൾ മുമ്പുവരെ ഭൂമിയിൽ ഒറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ- ‘പന്തലാസാ’സമുദ്രത്താൽ ചുറ്റപ്പെട്ട ‘പാൻജിയ’ എന്ന മഹാവൻകര. പിന്നീട് 10 കോടി വർഷങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വൻകരകളായി പാൻജിയ മാറി. വടക്കു ഭാഗത്തായി 'ലറൂസിയ"യും തെക്കുഭാഗത്തായി 'ഗോണ്ട്വാന"യും.

ഇന്നത്തെ ഇന്ത്യ, ഓസ്ട്രേലിയ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, അന്റാർട്ടിക്ക എന്നിവ ഗോണ്ട്വാനയിലും,​ വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന ഉൾപ്പെടെ ഇന്നത്തെ ഏഷ്യൻ രാജ്യങ്ങൾ (ഇന്ത്യ ഒഴികെ) ലറൂസിയയിലും ഇടംപിടിച്ചു. അങ്ങനെ ഇന്നത്തെ ഏഷ്യയിൽ നിന്ന് വളരെ വളരെ ദൂരത്ത് സമുദ്രത്തിൽ എവിടെയോ ആയിരുന്നു ഇന്ത്യ! ഗോണ്ട്വാനയുടെയും ലറൂസിയയുടെയും ഇടയിൽ രൂപംകൊണ്ട ചെറിയ കടലായിരുന്നു ടെത്തിസ്. ഈ കടലിന്റെ സ്ഥാനത്താണ് പിന്നീട് എത്രയോ ദശലക്ഷം വർഷങ്ങൾക്കുശേഷം ഹിമാലയം ജന്മമെടുത്തത്.

ഗോണ്ട്വാനയിൽ നിന്നും ലറൂസിയയിൽ നിന്നും ഒഴുകിയെത്തിയ നദികളിൽ നിന്നുള്ള ചെളിയും എക്കലും മറ്റ് ഖരവസ്തുക്കളും അടിത്തട്ടിൽ അടിഞ്ഞുകൂടി ക്രമേണ ഈ കടലിന്റെ ആഴം കുറഞ്ഞു. ഇതേ കാലഘട്ടത്തിൽ ഗോണ്ട്വാനയും ലറൂസിയയും വീണ്ടും പല ഖണ്ഡങ്ങളായി. ഇന്നത്തെ ഓസ്‌ട്രേലിയയും ഇന്ത്യാ ഉപഭൂഖണ്ഡവും അടങ്ങുന്ന കര സാവധാനം മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചു. ഇടയ്ക്ക് ഓസ്ട്രേലിയ വേർപെട്ടു. ഏതാണ്ട് നാലു കോടി വർഷങ്ങൾക്കുശേഷം ഇന്ത്യാ ഉപഭൂഖണ്ഡം, ടെത്തിസ് കടലിൽവെച്ച്, ലറൂസിയയിൽ നിന്ന് പിളർന്നു മാറിയ യുറേഷ്യൻ വൻകരയുടെ ഭാഗമായിരുന്ന ഇന്നത്തെ ചൈനയുമായി ഇടിച്ചു.

ഹിമാലയം

പിറക്കുന്നു

അങ്ങനെ കടൽ ചുരുങ്ങിച്ചുരുങ്ങി അടിത്തട്ടിൽ നിന്ന് മണ്ണും കല്ലും ചെളിയും മറ്റ് അവശിഷ്ടങ്ങളും മുകളിലേക്കു വന്നു. ഇടിയുടെ ആഘാതത്തിൽ കുറെ കരഭാഗവും ഒപ്പം ഉയർന്നു. കാലാന്തരത്തിൽ ടെത്തിസ് കടൽ ഇല്ലാതെയായി. അവിടെ ഒരു മഹാപർവതം ഉയർന്നുവന്നു- ഹിമാലയം. എന്നാൽ ഈ രണ്ട് ഭൂഭാഗങ്ങളും ഇനിയും പൂർണമായി കൂടിച്ചേർന്നിട്ടില്ല. 4- 5 കോടി വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ആ പ്രക്രിയ ഇപ്പോഴും തുടരുന്നതിന്റെ ഫലമായി, ഹിമാലയം വർഷത്തിൽ അഞ്ച് എം.എം എന്ന കണക്കിൽ ഉയർന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴും ഉറച്ചിട്ടില്ലാത്ത, ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്നതോ രൂപം മാറാവുന്നതോ ആയ ഒരു ഇളംപർവതമാണ് ഹിമാലയമെന്ന് അർത്ഥം.

മറ്റ് മലകളെ അപേക്ഷിച്ച് വലിയ മർദ്ദമൊന്നുമില്ലാതെ തന്നെ മണ്ണൊലിപ്പും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാവാൻ എളുപ്പമാണ്. തുടർച്ചയായി ചലനാത്മകമായി ഉയർന്നുകൊണ്ടിരിക്കുന്ന പർവതം എന്ന നിലയിലും, ധാരാളം മഹാനദികൾ ഉത്ഭവിച്ച് പാറകൾക്കിടയിലൂടെ വളഞ്ഞുതിരിഞ്ഞ്‌ ഒഴുകുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയും,​ വായു അറകളും കാരണവും ഹിമാലയ പ്രദേശം ഒരു ഭൂകമ്പ സാദ്ധ്യതാ മേഖലയായി മാറുന്നു. ഒപ്പം മഴയും കൊടുങ്കാറ്റും പ്രളയവും ഹിമപാതവും മേഘവിസ്ഫോടനവും എല്ലാം ചേരുമ്പോൾ ദുരന്ത സാദ്ധ്യതകൾ പിന്നെയും വർദ്ധിക്കുന്നു.

കുത്തനെയുള്ള ഭൂപ്രകൃതിയും വികസനത്തിന്റെ പേരിൽ നടക്കുന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും ഈ ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞ 100 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലുണ്ടായ ദുരന്തങ്ങളിൽ 35 ശതമാനവും ഹിമാലയ പർവത പ്രദേശങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. സമീപകാലത്ത് ഇത്തരം ദുരന്തങ്ങളും അവ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഉരുകുന്ന

ഹിമശിരസ്

ഇതിനെല്ലാം ഉപരിയാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും അവ സൃഷ്ടിക്കുന്ന മാറ്റങ്ങളും. ഉത്തര,​ ദക്ഷിണ ധ്രുവങ്ങൾ കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവും കൂടുതൽ ശുദ്ധജല സ്രോതസുകൾ ഉള്ളത് ഹിമാലയ പർവത നിരകളിലാണ്. അതുകൊണ്ടുതന്നെ 'മൂന്നാം ധ്രുവം" എന്നും ഏഷ്യയുടെ 'ജലഗോപുരം" എന്നുമാണ് ഈ മേഖലയെ വിശേഷിപ്പിക്കുന്നത്. ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമ്പോൾത്തന്നെ ഈ മഞ്ഞുമലയുടെ 50 ശതമാനത്തിലധികം ഉരുകി കടലിൽ എത്താനുള്ള സാദ്ധ്യത ഏറെയാണ്. മഞ്ഞുമലകൾ പൊട്ടുമ്പോഴുണ്ടാകുന്ന സർവനാശങ്ങൾ വേറെയും. അനന്തര പാരിസ്ഥിക ദുരന്തങ്ങൾ പ്രവചനാതീതം.

ഇതിനെല്ലാം പുറമെ,​ വനനശീകരണം, നദികളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കൈയേറ്റങ്ങളും നിർമ്മാണങ്ങളും, അശാസ്ത്രീയമായ നഗരവൽക്കരണം, ജലവൈദ്യുത പദ്ധതികൾ, സുഖവാസ കേന്ദ്രങ്ങൾ, പാതകൾ, ഖനികൾ ഇവയും കൂടിയാകുമ്പോൾ മഹാദുരന്തങ്ങൾ തുടർച്ചയായി ഉണ്ടാകാനുള്ള ഘടകങ്ങളും സാഹചര്യങ്ങളും ആയിക്കഴിഞ്ഞു. പ്രകൃതിക്കും ഭൂമിക്കും,​ ദേവകളുടെ ആസ്ഥാനമെന്നു വിശ്വാസികൾ വാഴ്ത്തുന്ന ഹിമാലയത്തിനു പോലും സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്. വീണ്ടും വീണ്ടും ആ ലക്ഷ്മണരേഖ കടക്കാതിരിക്കാൻ മനുഷ്യരാശി ശ്രദ്ധിക്കുമോ?​

(സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും,​ വകുപ്പിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും,​ UNO/OPCW രാസായുധ പരിശോധനാ വിഭാഗം മുൻ ചീഫ് ഇൻസ്പെക്ടറും,​ കുസാറ്റ് മുൻ പ്രൊഫസറും ആണ് ലേഖകൻ. ഫോൺ: 98471 93695)

TAGS: FEATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.