പൊതുജനങ്ങൾ ആവശ്യപ്പെടുന്ന ന്യായമായ സേവനങ്ങൾ ലഭ്യമാക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരുടെ കടമയാണ്. എന്നാൽ ഇതിൽ കാലതാമസം വരുത്തുക എന്നത് ഭൂരിപക്ഷം ഉദ്യോഗസ്ഥരും അനുവർത്തിച്ചുവരുന്ന ഒരു രീതിയാണ്. അത് തങ്ങളുടെ ഡ്യൂട്ടിയല്ല എന്ന മട്ടിലാണ് ചില സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ആവശ്യക്കാരന് ഔചിത്യമില്ലാത്തതിനാൽ പൊതുജനങ്ങൾ സേവനങ്ങൾക്കായി വീണ്ടും വീണ്ടും ഓഫീസുകൾ കയറിയിറങ്ങാൻ ബാദ്ധ്യസ്ഥരാകും. ഇപ്പോൾ മിക്കവാറും സേവനങ്ങൾ ഓൺലൈനിൽ അപേക്ഷിക്കുന്നതിലൂടെ ലഭിക്കുമെന്നത് ജനങ്ങൾക്ക് പകർന്നിട്ടുള്ള ആശ്വാസം ചെറുതല്ല. അത് സാങ്കേതികവിദ്യയുടെ പുരോഗതി ജനങ്ങൾക്കു സമ്മാനിച്ച ഗുണമാണ്. എന്നാൽ, ഇപ്പോഴും ചില സേവനങ്ങൾക്ക് ഓഫീസുകളിൽ നേരിട്ടുതന്നെ പോകേണ്ടതുണ്ട്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ, സർക്കാർ ഓഫീസുകളിൽ നിന്ന് പൊതുജനത്തിന് സേവനം ലഭിക്കാൻ കാലതാമസമുണ്ടാകുന്നെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴ ശിക്ഷ നൽകുന്ന പുതിയ സേവനാവകാശ നിയമം നടപ്പാക്കാനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത് തികച്ചും സ്വാഗതാർഹമായ ഒരു നടപടിയാണ്.
സംസ്ഥാനത്ത് 2012-ൽ സേവനാവകാശ നിയമം കൊണ്ടുവന്നെങ്കിലും സേവനത്തിൽ വീഴ്ച വരുത്തുന്നത് തടയാനുള്ള വ്യവസ്ഥകൾ ദുർബലമായിരുന്നു. മാത്രമല്ല, അപേക്ഷകന് നിശ്ചിത കാലയളവിനുള്ളിൽ സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന് പിഴശിക്ഷ നൽകാനുള്ള വ്യവസ്ഥയും ആ നിയമത്തിൽ ഇല്ലായിരുന്നു. അതോടെ നിയമം ഉള്ളതും ഇല്ലാത്തതും ഒരുപോലെ എന്ന അവസ്ഥയായി. പുതിയ നിയമത്തിൽ സേവനം നൽകുന്നതിന് സമയപരിധി നിർണയിക്കും. നടപടികളുടെ പുരോഗതി അപേക്ഷകനെ അറിയിക്കേണ്ടത് ഓഫീസുകളുടെ ബാദ്ധ്യതയാണ്. വീഴ്ച വരുത്തിയാൽ 2000 രൂപ മുതൽ 15,000 രൂപ വരെ പിഴ വിധിക്കാം. ലക്ഷക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ പുതിയ നിയമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഓരോ ഫയലും ഓരോ ജീവിതമാണെ"ന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിന് ഫയലുകളാണ് സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. വകുപ്പുകളുടെ ഡയറക്ടറേറ്റുകളിൽ കെട്ടിക്കിടക്കുന്ന ഈ ഫയലുകളിൽ അതിവേഗം തീർപ്പുണ്ടാക്കാൻ ഉദ്ദേശിച്ച് ഫയൽ അദാലത്തുകൾ നടത്തിയിട്ടും ഇതിൽ പകുതി പോലും തീർക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കർശന വ്യവസ്ഥകളോടെ സേവനാവകാശ നിയമം സർക്കാർ കൊണ്ടുവരുന്നത്. സർവീസ് സംഘടനകളുടെ എതിർപ്പ് കാരണമാണ് ഇത് ഇത്രയും നാൾ വൈകിയത്. സർക്കാർ ജോലി ലഭിച്ച് 'സംഘടിതവിഭാഗം" ആയി മാറുന്നതോടെ ഉദ്യോഗസ്ഥരുടെ മനോഭാവം വേറൊന്നായി മാറുന്നതാണ് ഒരു വിചിത്ര പ്രതിഭാസം. സേവനം തേടി തങ്ങൾക്കു മുന്നിലെത്തുന്നവരെ നേരംകൊല്ലികളായും ശല്യക്കാരായും കാണുന്നതാണ് വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ രീതി. പൊതുജനങ്ങൾക്ക് അവർ ആവശ്യപ്പെടുന്ന ന്യായമായ സേവനങ്ങൾ ചെയ്തുകൊടുക്കുന്നതിനാണ് തങ്ങൾ ശമ്പളം വാങ്ങുന്നതെന്ന ചിന്തപോലും പലർക്കും കാണില്ല.
കമ്പ്യൂട്ടർവത്‌കരണം വന്നപ്പോഴും സർക്കാർ ജീവനക്കാരുടെ സംഘടനകൾ വലിയ എതിർപ്പുകൾ ഉന്നയിക്കുകയും, ഗംഭീരമായ സമരപരിപാടികൾ നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അവരുടെ ജോലിഭാരം ഏറ്റവും കുറച്ച ഘടകമായി മാറി, കമ്പ്യൂട്ടർ. അതുപോലെ സേവനാവകാശ നിയമം വരുമ്പോൾ അപ്പോഴപ്പോൾ ജോലി തീർക്കാൻ ഉദ്യോഗസ്ഥൻ ബാദ്ധ്യസ്ഥനാകും. ഇത് ആത്യന്തികമായി ജോലിഭാരം കുറയ്ക്കുകയും ഉദ്യോഗസ്ഥർക്ക് ഗുണകരമായി ഭാവിയിൽ മാറുകയും ചെയ്യും. പൊതുജനങ്ങൾക്കാകട്ടെ സേവനം തങ്ങളുടെ അവകാശമായി മാറിയെന്ന അനുഭവവും ഉണ്ടാകും. ആവശ്യമായ വിവരങ്ങളോടെയും രേഖകളോടെയും സമർപ്പിക്കുന്ന അപേക്ഷയിൽ കാലതാമസമില്ലാതെ സേവനം ലഭ്യമാകുമ്പോഴാണ് പ്രവർത്തിക്കുന്ന ഒരു സർക്കാർ നാട്ടിലുണ്ടെന്ന് പൊതുജനത്തിന് ബോദ്ധ്യംവരുന്നത്. ഇത്രയും വൈകിയെങ്കിലും സർവീസ് സംഘടനകളുടെ എതിർപ്പിനെ മറികടന്ന് സേവനാവകാശ നിയമവുമായി സർക്കാർ മുന്നോട്ടു പോകുന്നത് ജനങ്ങൾക്ക് ഭാവിയിൽ വളരെ ഗുണകരമായി ഭവിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |